ആപ്പ്ജില്ല

പിഎസ്‍സി ക്രമക്കേട്: സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി

പിഎസ്‍സി പരീക്ഷാ തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജിയില്‍ നിലപാട് വ്യക്തമാക്കാന്‍ സര്‍ക്കാരിനും സിബിഐയ്ക്കും പിഎസ്‍സിയ്ക്കും ഹൈക്കോടതി നോട്ടീസ് അയച്ചു

Samayam Malayalam 18 Sept 2019, 2:10 pm
കൊച്ചി: പിഎസ്‍സി പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷാക്രമക്കേടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സര്‍ക്കാരിനും സിബിഐയ്‍ക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാരും പിഎസ്‍സിയും പറയുന്നതിന്‍റെ കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. പരീക്ഷാക്രമക്കേടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിശോധിക്കവെയാണ് കോടതി നടപടി.
Samayam Malayalam New Project (2)


കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടാണ് സിബിഐയ്ക്ക് ഹൈക്കോടതി നോട്ടീസയച്ചത്. ഹര്‍ജിയിലെ ആരോപണങ്ങള്‍ ഗുരുതരമാണെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. സംസ്ഥാനത്തെ പ്രധാന പരീക്ഷ നടത്തിപ്പ് സംവിധാനത്തിന്‍റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന രീതിയിലാണ് പരീക്ഷാത്തട്ടിപ്പിനെക്കുറിച്ചുള്ള ആരോപണം ഉയര്‍ന്നിരിക്കുന്നതെന്ന് കോടതി പറഞ്ഞു.

എന്നാല്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും ക്രൈംബ്രാഞ്ച് നല്ലരീതിയില്‍ അന്വേഷണം നടത്തുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയവര്‍ കായിക ക്ഷമത പരിശോധനയില്‍ പരാജയപ്പെട്ടവരാണെന്നും സര്‍ക്കാര്‍ പറഞ്ഞു. ഹര്‍ജി കോടതി പിന്നീട് പരിഗണിക്കും.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ മുന്‍ എസ്എഫ്ഐ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായ പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. ആഴത്തിലുള്ള അന്വേഷണം സിബിഐയ്ക്ക് മാത്രമെ സാധ്യമാകുവെന്നാണ് ഹര്‍ജിക്കാരുടെ വാദം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്