Please enable javascript.T P Chandrasekharan Case,ടിപി ചന്ദ്രശേഖരൻ വധം: പ്രതികൾക്ക് വധശിക്ഷയില്ല, ശിക്ഷ ഉയർത്തി ഹൈക്കോടതി - high court verdict on tp chandrasekharan murder case - Samayam Malayalam

ടിപി ചന്ദ്രശേഖരൻ വധം: പ്രതികൾക്ക് വധശിക്ഷയില്ല, ശിക്ഷ ഉയർത്തി ഹൈക്കോടതി

Authored byദീപു ദിവാകരൻ | Samayam Malayalam 27 Feb 2024, 4:56 pm
Subscribe

ടിപി ചന്ദ്രശേഖരൻ വധത്തിൽ പ്രതികളുടെ ശിക്ഷ ഉയർത്തി ഹൈക്കോടതി. ഒന്ന് മുതൽ അഞ്ച് വരെയുള്ള പ്രതികൾക്കും ഏഴാം പ്രതിക്കും ഇരട്ട ജീവപര്യന്തം. പുതുതായി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളായ കെകെ കൃഷ്ണൻ, ജ്യോതിബാബു എന്നിവർക്ക് ജീവപര്യന്തം തടവുശിക്ഷ. ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിൻ്റേതാണ് ഉത്തരവ്.

ഹൈലൈറ്റ്:

  • ടിപി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികളുടെ ശിക്ഷ ഉയർത്തി ഹൈക്കോടതി.
  • ഒന്ന് മുതൽ അഞ്ച് വരെയുള്ള പ്രതികൾക്കും ഏഴാം പ്രതിക്കും ഇരട്ട ജീവപര്യന്തം
  • പുതുതായി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്ക് ജീവപര്യന്തം.
T P Chandrasekharan Case
ടി പി ചന്ദ്രശേഖരൻ.
കൊച്ചി: ആർഎംപി നേതാവ് ടിപി ചന്ദ്രശേഖരൻ വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷ ഉയർത്തി ഹൈക്കോടതി. പ്രതികൾക്കാർക്കും വധശിക്ഷയില്ല. ഒന്ന് മുതൽ അഞ്ച് വരെയുള്ള പ്രതികൾക്കും ഏഴാം പ്രതിക്കും ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു. നേരത്തെ ഇവർക്ക് ജീവപര്യന്തമായിരുന്നു ശിക്ഷ. ഇവർക്ക് 20 വർഷത്തേക്കും ഇളവ് നൽകരുതെന്നും ഉത്തരവിൽ പറയുന്നു. പുതുതായി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളായ കെകെ കൃഷ്ണൻ, ജ്യോതിബാബു എന്നിവർക്ക് പരോൾ ലഭിക്കാവുന്ന ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കൂടാതെ, ടിപി ചന്ദ്രശേഖരൻ്റെ ഭാര്യ കെകെ രമയ്ക്ക് ഏഴ് ലക്ഷം രൂപയും മകന് അഞ്ച് ലക്ഷം രൂപയും നൽകണമെന്നും കോടതി ഉത്തരവിട്ടു.
ജസ്റ്റിസ് എകെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരുൾപെട്ട ബെഞ്ചാണ് ശിക്ഷാവിധി പ്രസ്താവിച്ചത്. ശിക്ഷ വർധിപ്പിക്കണമെന്ന ആവശ്യവുമായി കെകെ രമ എംഎൽഎ ആണ് ഹർജി സമർപ്പിച്ചിരുന്നത്.


ടിപി ചന്ദ്രശേഖരൻ്റെ കൊലപാതകം ജനാധിപത്യത്തിനും നിയമവാഴ്ചയ്ക്കും നേരെയുണ്ടായ അക്രമമാണെന്ന് ഹൈക്കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ രീതി അതിനിഷ്ഠൂരവും സമൂഹമനസ്സാക്ഷിയെ ഞെട്ടിച്ചതുമാണ്. പ്രതികൾക്ക് സമൂഹത്തിനു മുഴുവൻ മാതൃകയാകുന്ന ഒരു ശിക്ഷ നൽകേണ്ടതുണ്ട്. ടിപി ചന്ദ്രശേഖരൻ കേസ് രാഷ്ട്രീയ കൊലപാതകം എന്നു പറഞ്ഞ് തള്ളിക്കളയാനാവില്ല. രാഷ്ട്രീയ കൊലപാതകം അവസാനിപ്പിക്കുക തന്നെ വേണമെന്നും കോടതി പറഞ്ഞു.
എൽഡിഎഫ് സ്ഥാനാർഥികൾ ഇവർ

കേസിലാകെ ആകെ 12 പേരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നത്. കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾ- എംസി അനൂപ് (1), കിർമാണി മനോജ് (2), കൊടി സുനി (3), ടികെ രജീഷ് (4), കെകെ മുഹമ്മദ് ഷാഫി (5), എസ് സിജിത്ത് (6), കെ ഷിനോജ് (7), കെസി രാമചന്ദ്രൻ (8), ട്രൗസർ മനോജൻ (11), കെകെ കൃഷ്ണൻ (10), ജ്യോതി ബാബു (12), വാഴപ്പടച്ചി റഫീഖ് (18), ലംബു പ്രദീപൻ (31), പികെ കുഞ്ഞനന്തൻ (13 -ജയിലിൽ ആയിരിക്കെ 2020ൽ മരിച്ചു). 11 പ്രതികൾക്ക് ജീവപര്യന്തവും ഒരാൾക്ക് മൂന്നുവർഷം കഠിനതടവുമാണ് വിചാരണക്കോടതി വിധിച്ചിരുന്നത്. ശിക്ഷ ഉയർത്തണമെന്ന ആവശ്യവുമായാണ് കെകെ രമ ഹൈക്കോടതിയെ സമീപിച്ചത്. 2012 മെയ് നാലിന് വടകര വള്ളിക്കാടുവെച്ചുണ്ടായ ആക്രമണത്തിലാണ് ടിപി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടത്.
പൊങ്കാല ഇഷ്ടികകൾ വീട് നിർമാണത്തിനു സൗജന്യമായി നേടാം; അപേക്ഷ എങ്ങനെ?

സ്വാഗതം ചെയ്ത് കെകെ രമ

ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി കെകെ രമ. അതിനിഷ്ഠൂരമായ കൊലപാതകമാണെന്നാണ് കോടതി പറഞ്ഞത്. അഭിപ്രായം പറഞ്ഞതിൻ്റെ പേരിൽ ആരെയും കൊല്ലാൻ പാടില്ലെന്നാണ് കോടതി പറഞ്ഞത്. ആ സന്ദേശം തന്നെയാണ് ഈ വിധിയുടെ പ്രധാനം. മുഴുവൻ പ്രതികളും നിയമത്തിൻ്റെ മുൻപിൽ വന്നുവെന്ന് കരുതുന്നില്ല. അതിനായി മേൽക്കോടതിയെ സമീപിക്കുമെന്നും കെകെ രമ പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ അടിവേര് അറക്കുന്നതാണ് ഹൈക്കോടതി വിധിയെന്ന് ആർഎംപി സംസ്ഥാന സെക്രട്ടറി എൻ വേണു പറഞ്ഞു.
ദീപു ദിവാകരൻ
ഓതറിനെ കുറിച്ച്
ദീപു ദിവാകരൻ
ദീപു ദിവാകരൻ സമയം മലയാളത്തിലെ സീനിയര്‍ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസര്‍ ആണ്. എംജി സര്‍വകലാശാലയിൽനിന്നു രസതന്ത്രത്തിൽ ബിരുദവും കോട്ടയം പ്രസ് ക്ലബ്ബിൽനിന്നു ജേര്‍ണലിസത്തിൽ പിജി ഡിപ്ലോമയും നേടിയ ദീപു മംഗളം ഓൺലൈനിലാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. 2018 ഓഗസ്റ്റ് മുതൽ സമയം മലയാളത്തിനൊപ്പം. നിലവിൽ സമയത്തിൻ്റെ ജനറൽ ന്യൂസ് വിഭാഗത്തിൽ പ്രവര്‍ത്തിച്ചുവരുന്നു.... കൂടുതൽ വായിക്കൂ
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ