കൊച്ചിയും കോയമ്പത്തൂരും അതിവേഗം വളരും; തൃശ്ശൂരും പാലക്കാടും ഉപനഗരങ്ങളാകും

കോയമ്പത്തൂരും കൊച്ചിയും വളരുമ്പോൾ അതിന്റെ ഗുണം പറ്റുന്ന രണ്ട് ജില്ലകളാണ് ഇടയിൽ സ്ഥിതി ചെയ്യുന്ന തൃശ്ശൂരും പാലക്കാടും. കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപ്പാക്കുന്ന വിവിധ പദ്ധതികൾ കോയമ്പത്തൂരിനെയും കൊച്ചിയെയും ദക്ഷിണേന്ത്യയിലെ പ്രധാന വ്യാവസായിക കേന്ദ്രങ്ങളാക്കി മാറ്റും. ഈ നഗരങ്ങളുടെ പ്രാന്തപ്രദേശങ്ങളായല്ല സമീപന നഗരങ്ങളായോ ഉപനഗരങ്ങളായോ ആണ് തൃശ്ശൂരും പാലക്കാടും മാറുക.

Samayam Malayalam
Authored byപ്രണവ് മേലേതിൽ | Samayam Malayalam 12 Nov 2023, 10:58 pm
ഇന്ത്യയിലെ അതിവേഗം വളരുന്ന നഗരങ്ങളുടെ പട്ടികയിൽ കൊച്ചിയെയും തിരുവനന്തപുരത്തെയും ഉൾപ്പെടുത്തിയുള്ള കുഷ്മാൻ വേക്‌ഫീൽഡിന്റെ പഠനറിപ്പോർട്ട് പുറത്തുവന്നത് കഴിഞ്ഞ ദിവസങ്ങളിലാണ്. റിയൽ എസ്റ്റേറ്റ് ബിസിനസ്സുകൾക്കുള്ള സാധ്യത തേടുന്ന ഈ പഠനത്തിൽ കൊച്ചിയെയും തിരുവനന്തപുരത്തെയും കൂടാതെ പതിനഞ്ച് നഗരങ്ങളെ വേറെയും ലിസ്റ്റ് ചെയ്തിട്ടുണ്ട്. സമീപകാലത്തു തന്നെ നടക്കാനിടയുള്ള വളർച്ചയെക്കുറിച്ചാണ് പഠനം പറയുന്നത്. നഗരങ്ങളുടെ ജിഡിപി വലിപ്പമല്ല, മറിച്ച് ഓരോ നഗരത്തിന്റെയും റിയൽ എസ്റ്റേറ്റ് സാധ്യതകളുടെ വലിപ്പം നോക്കിയാണ് അവയെ പട്ടികയിലുൾപ്പെടുത്തിയിരിക്കുന്നത്. ആ നഗരങ്ങൾ എതെല്ലാമെന്ന് ആദ്യമറിയാം.

തിരുവനന്തപുരം, മധുരൈ, കൊച്ചി, തിരുനെൽവേലി, കോയമ്പത്തൂർ, വിശാഖപട്ടണം, വാറങ്കൽ, നാസിക്, ഭുവനേശ്വർ, നാഗ്പൂർ, സൂറത്ത്, ഇൻഡോർ, വഡോദര, ജയ്പൂർ, ലഖ്നൗ, ചണ്ഡിഗഢ്, ആഗ്ര എന്നീ പതിനേഴ് നഗരങ്ങളാണ് സമീപഭാവിയിൽ മികച്ച റിയൽ എസ്റ്റേറ്റ് വളർച്ചയിലേക്ക് കുതിക്കുകയെന്നാണ് പഠനം പറയുന്നത്. ഈ നഗരങ്ങളിൽ അതിവേഗം വളരുന്ന പത്ത് നഗരങ്ങളെ വീണ്ടും ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഈ പട്ടികയിലും കൊച്ചിയും തിരുവനന്തപുരവുമുണ്ട്. കോയമ്പത്തൂരും പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നു.

Read: കൊച്ചി മെട്രോ നാലാംഘട്ടം ഫോർട്ട് കൊച്ചിയിലേക്ക് വരുമോ? സാധ്യതകളും പ്രശ്നങ്ങളും

Read: കോഴിക്കോട് മെട്രോ റെയിൽ: ട്രാഫിക് പാറ്റേൺ പഠിച്ചു; സർവ്വേകൾ നടന്നു; ഇനി വരാനുള്ളത് സമഗ്ര മൊബിലിറ്റി പ്ലാൻ

ഏറ്റവും വേഗത്തിൽ നഗരവൽക്കരിക്കപ്പെടുന്ന സംസ്ഥാനം കേരളം

ഇന്ത്യയില്‍ ഏറ്റവും വേഗത്തിൽ പൂർണമായും നഗരവൽക്കരിക്കപ്പടുന്ന ആദ്യ സംസ്ഥാനമായി മാറുക കേരളമായിരിക്കുമെന്ന് കുഷ്മാൻ വേക്‌ഫീൽഡിന്റെ പഠനറിപ്പോർട്ട് പറയുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി വൻതോതിൽ നഗരവൽക്കരണം നടന്നുകൊണ്ടിരിക്കുകയാണ് കേരളത്തിലെമ്പാടുമെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നുണ്ട്. 2011ലെ സെൻസസ് റിപ്പോർട്ടിൽ തന്നെ 48% നഗരവൽക്കരണം നടന്നിട്ടുള്ളതായി വ്യക്തമാക്കുന്നുണ്ട്. ഈ സെൻസസ് വന്നിട്ട് ഒരു വ്യാഴവട്ടത്തോളം കാലമായി. ഇതിനിടയിൽ വലിയ മാറ്റങ്ങൾ സംസ്ഥാനത്ത് വന്നുകഴിഞ്ഞു. പുതിയ സെൻസസ് റിപ്പോർട്ട് ഇനിയും പ്രസിദ്ധീകരിക്കപ്പെടാത്തതിനാൽ ഇതിന്റെ കൃത്യമായ കണക്ക് ലഭ്യമല്ല. എങ്കിലും 2011ലെ കണക്കുകൾ വെച്ചു നോക്കിയാൽത്തന്നെ കേരളം ബഹുദൂരം മുന്നിലാണെന്ന് കാണാനാകും. നഗരവൽക്കരണത്തിന്റെ ദേശീയ ശരാശരി 31 ശതമാനം മാത്രമാണെന്ന് അറിയുക.

കുഷ്മാൻ വേക്‌ഫീൽഡിന്റെ പഠനം പറയുന്നതു പ്രകാരം നിലവിലെ സ്ഥിതിഗതികളും കണക്കുകളും വെച്ച് പരിശോധിച്ചാൽ കേരളം 2035ഓടെ 95 ശതമാനവും നഗരവൽക്കരിക്കപ്പെടും. ഇതിന്റെ ഒരു ഗ്രാഫും കുഷ്മാൻ വേക്‌ഫീൽഡ് നൽകുന്നുണ്ട്. രാജ്യത്ത് അതിവേഗം നഗരവൽക്കരണം നടക്കുന്ന കേരളം, കർണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളുടെ വളർച്ചാ സാധ്യതയും ഇന്ത്യയുടെ ദേശീയ നഗരവൽക്കരണ വളർച്ചയുമെല്ലാം താരതമ്യം ചെയ്യുന്നതാണ് ഗ്രാഫ്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകളെ ഉപജീവിച്ചാണ് ഈ ഗ്രാഫ് തയ്യാറാക്കിയിരിക്കുന്നത്.

Read: കേരള ടൂറിസത്തെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കും ഈ ഇൻഫ്രാ പദ്ധതികൾ

ഈ ഗ്രാഫ് പ്രകാരം 2011ൽ 48 ശതമാനം ജനസംഖ്യയിലും നഗരവൽക്കരണം നടന്നുകഴിഞ്ഞ കേരളം 2023ൽ നിൽക്കുന്നത് 75 ശതമാനത്തിലാണ്. ഇത് അതിവേഗം വളര്‍ന്ന് അടുത്ത പന്ത്രണ്ട് വർഷത്തിനുള്ളിൽ (2035) 95 ശതമാനത്തിലെത്തും. തൊട്ടുപിന്നാലെയുള്ളത് തെലങ്കാനയാണ്. 2011ൽ 39 ശതമാനമാണ് തെലങ്കാനയിലെ നഗരവൽക്കരണം. ഇത് 2023ൽ 44 ശതമാനത്തിലെത്തി നിൽക്കുന്നു. പക്ഷെ ജനസംഖ്യയുടെ നഗരവൽക്കരണത്തിന്റെ കാര്യത്തിൽ കേരളത്തെപ്പോലെ അതിവേഗ വളർച്ച ഈ സംസ്ഥാനത്തിനുണ്ടാകില്ല. 2035ലെത്തുമ്പോൾ 57 ശതമാനമായിരിക്കും എത്തിനിൽക്കുന്ന നഗരവൽക്കരണ തോത്. കർണാടകത്തിന്റെ കാര്യവും ഏറെക്കുറെ സമാനമാണ്. 2011ൽ 39 ശതമാനത്തിലായിരുന്നു ഈ സംസ്ഥാനത്തെ ജനസംഖ്യയുടെ നഗരവൽക്കരണ തോത്. ഇത് 2023ൽ എത്തിനിൽക്കുന്നത് 44 ശതമാനത്തിലാണ്. 2035ലെത്തുമ്പോൾ ഇത് 50 ശതമാനത്തിൽ നിൽക്കും.
ഭൂകമ്പ സാധ്യതാ മാപ്പിൽ കേരളത്തിന്റെ സ്ഥാനം?ദേശീയ ശരാശരി ഈ മൂന്ന് സംസ്ഥാനത്തെക്കാൾ താഴെയാകുമെന്നാണ് കണക്കുകൾ പറയുന്നത്. 2011ൽ ദേശീയ നഗരവൽക്കരണ തോത് 31 ശതമാനം മാത്രമായിരുന്നു. ഇത് 2023ലെത്തി നിൽക്കുമ്പോൾ വെറും നാല് ശതമാനം മാത്രമാണ് വളർന്നത്. അതായത് 35 ശതമാനം ജനങ്ങളാണ് നഗരവൽക്കരിക്കപ്പെട്ടത്. ഈ വേഗതയിൽ പോയാൽ 2035ലെത്തുമ്പോൾ വെറും 39 ശതമാനത്തിലെത്തി നിൽക്കും രാജ്യത്തിന്റെ നഗരവൽക്കരണ തോത്.

കേരളത്തില്‍ ഈ നഗരവൽക്കരണം എന്തെല്ലാം മാറ്റങ്ങളുണ്ടാക്കും?

ഇതിനകം തന്നെ നാം കണ്ടുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ വളരെ വലുതാണ്. ഓരോ നഗരവും വികസിച്ച് പരസ്പരം കൂട്ടിമുട്ടുന്ന നിലയിലേക്ക് വളരുകയാണ്. നഗരങ്ങൾ തമ്മിൽ മുമ്പുണ്ടായിരുന്ന ദൂരവ്യത്യാസം കുറഞ്ഞു വരുന്നുണ്ട്. അഥവാ നേരത്തെ നഗരപ്രാന്തങ്ങളെന്ന് അറിയപ്പെട്ടിരുന്ന പ്രദേശങ്ങളെല്ലാം നഗരമായിത്തന്നെ മാറിക്കഴിഞ്ഞു.

കൊച്ചിയുടെയും കോയമ്പത്തൂരിന്റെയും വളര്‍ച്ച ഏറെ ഗുണം ചെയ്യുന്ന നഗരങ്ങൾ പാലക്കാടും തൃശ്ശൂരുമായിരിക്കും. ഇതിന് നിരവധി കാരണങ്ങളുണ്ട്.

കൊച്ചി നഗരം ഇതിനകം തന്നെ തൃശ്ശൂരിന്റെ ഭൂമിശാസ്ത്രത്തിനടുത്തേക്ക് ചെല്ലുന്ന വിധത്തിലുള്ള വളർച്ച കൈവരിച്ചിട്ടുണ്ട്. കൊച്ചി-ബെംഗളൂരു ഇൻഡസ്ട്രിയൽ കോറിഡോറിന്റെ ഇടയിൽ വരുന്ന ഭാഗമാണ് തൃശ്ശൂരും പാലക്കാടും. ഇതിൽ പാലക്കാട് ഈ കോറിഡോറിന്റെ ഒരു നോഡ് വരുന്നുണ്ട്. ഈ നോഡ് കേന്ദ്രീകരിച്ച് വലിയ വ്യാവസായിക വളര്‍ച്ചയുണ്ടാകും. ഇതിന്റെ സ്ഥാലമേറ്റെടുപ്പ് ഏറെക്കുറെ പൂർത്തിയായിക്കഴിഞ്ഞു. കൊച്ചിയിലെ നോഡ് ആയ ഗിഫ്റ്റ് സിറ്റിയുടെ ജോലികളും പുരോഗമിക്കുകയാണ്. കൊച്ചിയിലെ നോഡ് വരുന്നത് അങ്കമാലിക്കടുത്ത് അയ്യമ്പുഴയിലാണ്. തൃശ്ശൂരിന്റെ വാണിജ്യപരമായ വളർച്ചയെ വളരെയേറെ സഹായിക്കും ഈ നഗരവിപുലീകരണം. സംസ്ഥാനത്ത് വിദേശത്ത് ജോലിയും ബിസിനസ്സുമെല്ലാം ചെയ്യുന്നവരുടെ എണ്ണത്തിന്റെ കാര്യത്തിൽ മൂന്നാമതാണ് തൃശ്ശൂർ വരുന്നത്. (ഒന്നാംസ്ഥാനം മലപ്പുറത്തിനും രണ്ടാംസ്ഥാനം കണ്ണൂരിനുമാണ്.) ഇത് മലയാളികളുടെ തന്നെ നിക്ഷേപസാധ്യത ഉയർത്തുന്ന ഘടകമാണ്. വരുംനാളുകളിൽ ഇക്കണോമിക് കോറിഡോർ സജീവമാകുമ്പോൾ ഇതിന്റെ ചിത്രം കുറെക്കൂടി വ്യക്തമാകും.
പാലക്കാട് - കോയമ്പത്തൂർ മെട്രോ? കോവൈ മെട്രോയുടെ മൂന്നാംഘട്ടം പാലക്കാട്ടേക്ക്: ഇനി അന്തർസംസ്ഥാന മെട്രോകളുടെ കാലംകോയമ്പത്തൂരുമായുള്ള സാമീപ്യമാണ് പാലക്കാടിന് ഗുണം ചെയ്യുക. പാലക്കാടിന്റെ സാധ്യതകളെ ഉപയോഗിക്കാൻ തമിഴ്നാടിന് പദ്ധതിയുണ്ട് എന്നത് ശ്രദ്ധേയമാണ്. ഇക്കാരണത്താലാണ് കോയമ്പത്തൂരിൽ വരുന്ന കോവൈ മെട്രോയുടെ അവസാന ഘട്ടങ്ങളിലൊന്ന് പാലക്കാട്ടേക്കുള്ള മെട്രോ സർവ്വീസായിരിക്കുമെന്ന പ്രഖ്യാപനം വന്നിരിക്കുന്നത്. ഇതിന് കുറച്ച് സമയമെടുക്കുമായിരിക്കും. എങ്കിലും നാലോ അഞ്ചോ വർഷത്തിലധികമാകാൻ വഴിയില്ല. മൂന്ന് വർഷത്തിനകം മെട്രോ ഓടിത്തുടങ്ങുമെന്നാണ് സംസ്ഥാന സര്‍ക്കാർ പറയുന്നത്. ഇതിനായി 9,427 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.

ചെന്നൈ കഴിഞ്ഞാൽ തമിഴ്നാട്ടിലെ വലിയ ഐടി നഗരമായി കോയമ്പത്തൂര്‍ മാറിക്കഴിഞ്ഞു. ഇതുകൂടാതെ പരമ്പരാഗതമായിത്തന്നെ കോയമ്പത്തൂർ വലിയൊരു വ്യാവസായിക കേന്ദ്രമാണ്. ഇതോടൊപ്പം ചേർത്തു വായിക്കേണ്ടതാണ് കോയമ്പത്തൂർ റെയിൽവേ സ്റ്റേഷൻ ആയിരം കോടി ചെലവിൽ വികസിപ്പിക്കാനുള്ള തീരുമാനം. വളർച്ചാസാധ്യത ഏറെയാണെന്ന് തിരിച്ചറിഞ്ഞാണ് കേന്ദ്രത്തിന്റെ ഈ പദ്ധതി.

പരസ്പരം കൊണ്ടും കൊടുത്തും തന്നെയാണ് പാലക്കാട് നഗരം കോയമ്പത്തൂരിനൊപ്പം വളരുക. ചെന്നൈ-ബെംഗളൂരു-കൊച്ചി ഇൻഡസ്ട്രിയൽ കോറിഡോറിന്റെ ഭാഗമായതോടെ വികസനപാത കൃത്യമായിക്കഴിഞ്ഞു. ഇനി വേണ്ടത് ഈ വികസനപാതയുടെ ഗുണഗണങ്ങളെല്ലാം പരമാവധി വലിച്ചെടുക്കാൻ കഴിയുക എന്നതാണ്. കോയമ്പത്തൂരും സേലവുമെല്ലാം മത്സരരംഗത്തുണ്ട് എന്നതോർക്കണം. എല്ലാവർക്കും ഗുണം കിട്ടുമെങ്കിലും കൂടുതലാർക്ക് എന്ന മത്സരം എവിടെയും കാണുമല്ലോ. പാലക്കാട് ഇനി മത്സരിക്കാൻ പോകുന്നത് കോയമ്പത്തൂരിനോടാണ്. പാരമ്പര്യമായിത്തന്നെ വ്യാവസായിക ശക്തിയാണ് കോയമ്പത്തൂരെങ്കിലും പാലക്കാടിന് പകരംകാണിക്കാൻ വലിയ ശക്തികൾ വേറെയുണ്ട്. ഉയർന്ന നിലവാരമുള്ള തൊഴിൽശക്തി കേരളത്തിന്റേതായുണ്ട്. നൂതനമായ പദ്ധതികളുമായി കേരളത്തിലെ യുവാക്കൾക്ക് മുന്നേറാനുള്ള കഴിവ് ഏറെ പ്രശംസിക്കപ്പെട്ടിട്ടുള്ളതാണ്. ഇതെല്ലാം പാലക്കാടിനും തൃശ്ശൂരിനും ഗുണകരമാകുമന്ന് കരുതാം.
ഓതറിനെ കുറിച്ച്
പ്രണവ് മേലേതിൽ
പതിനൊന്ന് വർഷമായി മാധ്യമപ്രവർത്തകൻ. ലൈഫ്‌സ്റ്റൈൽ, എന്റർടെയ്ൻമെന്റ്, ഗാഡ്ജറ്റ്സ്, ഓട്ടോമൊബൈൽ തുടങ്ങിയ മേഖലകളിൽ ലേഖനങ്ങളെഴുതുന്നു.... കൂടുതൽ