ആപ്പ്ജില്ല

'വരൂ മോദി; ഇത് രാജ്യദ്രോഹമെങ്കിൽ ജയിലിൽ കിടക്കാൻ ഞാനും തയ്യാര്‍'

ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉള്‍പ്പെടെ രാജ്യത്തെ അമ്പതോളം സാംസ്കാരിക പ്രവര്‍ത്തകര്‍ക്കെതിരെയാണ് എഫ്‌ഐആർ രജിസ്റ്റര്‍ ചെയ്തരിക്കുന്നത്. ഇതിൽ പ്രതിഷേധിച്ചാണ് വിടി ബൽറാമിൻ്റെ പോസ്റ്റ്.

Samayam Malayalam 4 Oct 2019, 4:35 pm
പാലക്കാട്: ആള്‍ക്കൂട്ട കൊലപാതകങ്ങളിൽ പ്രതിഷേധം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയ സാംസ്കാരിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് എംഎൽഎ വി ടി ബൽറാം. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സാംസ്കാരിക പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിക്ക് എഴുതിയ കത്തും പങ്കുവച്ച് വി ടി ബൽറാം രംഗത്തെത്തിയിരിക്കുന്നത്.
Samayam Malayalam V T Balram Facebook


Read More: ആൾകൂട്ടക്കൊലപാതകങ്ങൾക്കെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതി: അടൂരിനെതിരെ കേസ്

രാജ്യത്തെ സാംസ്കാരിക പ്രവര്‍ത്തകര്‍ എഴുതിയ കത്ത് "രാജ്യദ്രോഹവും" "വിഘടനവാദ പ്രവണതകളെ പിന്തുണയ്ക്കുന്നതും" ആണെങ്കിൽ, മോദി വരൂ. ഇതിന് ജയിലിൽ കിടക്കാൻ ഞാനും തയ്യാറാണെന്ന് ബൽറാം ഫേസ്ബുക്കിലൂടെ കുറിച്ചു.



ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉള്‍പ്പെടെ രാജ്യത്തെ അമ്പതോളം സാംസ്കാരിക പ്രവര്‍ത്തകര്‍ക്കെതിരെയാണ് എഫ്‌ഐആർ രജിസ്റ്റര്‍ ചെയ്തരിക്കുന്നത്. ഗവേഷകനായ രാമചന്ദ്ര ഗുഹ, സംവിധായകൻ മണി രത്നം അഭിനേതാക്കളായ രേവതി, അപർണ സെൻ തുടങ്ങിയ പ്രമുഖരും കത്തിൽ ഒപ്പുവച്ചിരുന്നു. പ്രധാനമന്ത്രിയുടെ പ്രതിച്ഛായ താഴ്ത്തിക്കെട്ടുന്നതാണ് കത്തെന്ന അഭിഭാഷകനായ സുധീര്‍ കുമാര്‍ ഓജയുടെ പരാതിയിന്മേലാണ് കേസെടുത്തിരിക്കുന്നത്. ഇവരുടെ ആശയങ്ങൾ രാജ്യത്ത് വിഘടനവാദം പ്രോത്സാഹിപ്പിക്കുന്നതാണെന്നും പരാതിക്കാരൻ പറയുന്നു. ബിഹാര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സൂര്യകാന്ത് തിവാരിയാണ് ഇവർക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്.

Read More: ഗാന്ധിചിത്രത്തിൽ വെടിയുതിർത്തവർ രാജ്യദ്രോഹികൾ അല്ല, കത്തയച്ച നമ്മൾ രാജ്യദ്രോഹികൾ: അടൂർ

കഴിഞ്ഞ ജൂലൈയിലാണ് 50 ഓളം പ്രമുഖരായ സാംസ്‌കാരിക പ്രവർത്തകർ കൂട്ടായി ചേർന്ന് പ്രധാനമന്ത്രിക്ക് ആശങ്കയറിയിച്ച് എഴുതിയത്. 'ജയ് ശ്രീറാം' വിളി കൊലവിളിയായി മാറുന്നുവെന്നും രാജ്യത്തെ ദളിതരുടെയും മുസ്ലിങ്ങളുടെയും നിലനിൽപ്പിൽ ആശങ്കകളുണ്ടെന്നും അറിയിച്ചായിരുന്നു കത്ത്. ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നതിനെതിരെ സർക്കാർ എന്ത് നടപടി സ്വീകരിച്ചു എന്നും കത്തിൽ ചോദിച്ചിരുന്നു. സാംസ്കാരിക പ്രവര്‍ത്തകരുടെ കത്തിന് പിന്നാലെ കേരളത്തിൽ നിന്ന് അടൂരിനെ വിമര്‍ശിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ രംഗത്തെത്തിയിരുന്നു.

Read More:'കൊല്ലുന്നതല്ല, കൊല ചൂണ്ടിക്കാട്ടുന്നതാണ് ഇന്ന് രാജ്യത്ത് കുറ്റം; ഓരോ ഇന്ത്യക്കാരനും പ്രതികരിക്കണം'

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്