ആപ്പ്ജില്ല

'ഇത് സവര്‍ക്കറിസ്റ്റുകളുടെ നാടല്ല മിസ്റ്റര്‍ അബ്ദുള്ളക്കുട്ടീ'; രൂക്ഷ വിമര്‍ശനവുമായി കെ ടി കുഞ്ഞിക്കണ്ണന്‍

പിണറായി വിജയന്‍റെ ഭാര്യയുടെ സ്വത്താവണം ഈ നാടെന്നൊക്കെ സംഘി വേദികളില്‍ പുലമ്പുന്ന അബ്ദുള്ളക്കുട്ടിമാര്‍ ഭരണഘടനയും ഇന്ത്യയുടെ പാര്‍ലമെന്ററി നടപടി ക്രമങ്ങളുടെ ചരിത്രവും ശരിക്കൊന്ന് മനസിലാക്കണമെന്ന് അബ്ദുള്ളക്കുട്ടിയോട് കെ ടി കുഞ്ഞിക്കണ്ണന്‍.

Samayam Malayalam 3 Jan 2020, 2:40 pm
പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും കേരളത്തില്‍ നടപ്പാക്കില്ലെന്ന് പറയാന്‍ അത് പിണറായി വിജയന്റെ ഭാര്യയുടെ ഉത്തരവല്ലെന്ന് പറഞ്ഞ എ പി അബ്ദുള്ളക്കുട്ടിയ്ക്ക് രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവ് കെ ടി കുഞ്ഞിക്കണ്ണന്‍. 'ഇത് സവര്‍ക്കറിസ്റ്റുകളുടെ നാടല്ല മിസ്റ്റര്‍ അബ്ദുള്ളക്കൂട്ടീ'യെന്ന് തുടങ്ങിയാണ് ഫേസ്ബുക്ക് പോസ്റ്റ്.
Samayam Malayalam A P Abdullakutty


'അബ്ദുള്ളക്കുട്ടിയെ പോലുള്ള മോഡി അമിത് ഷാ അനുചര സംഘത്തില്‍പ്പെട്ടവരില്‍ നിന്നും ഫ്യൂഡല്‍ പുരുഷാധിപത്യ സംസ്‌കാരത്തിന്റെ പുളിച്ച് തികട്ടലല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന്' കെ ടി കുഞ്ഞിക്കണ്ണന്‍ പറയുന്നു. 'പൗരത്വനിയമം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെടാന്‍ പിണറായി വിജയന്റെ ഭാര്യയുടെ സ്വത്താവണം ഈ നാടെന്നൊക്കെ സംഘി വേദികളില്‍ പുലമ്പുന്ന അബ്ദുള്ളക്കുട്ടിമാര്‍ ഭരണഘടനയും ഇന്ത്യയുടെ പാര്‍ലമെന്ററി നടപടി ക്രമങ്ങളുടെ ചരിത്രവും ശരിക്കൊന്ന് മനസിലാക്കണം. അതിനൊന്നും മിനക്കെടില്ലെന്നറിയാം. ആവശ്യമില്ലല്ലോ. അധിക്ഷേപങ്ങളും നുണകളും കൊണ്ടാണല്ലോ സംഘികള്‍ വിദ്വേഷ രാഷ്ട്രീയം കളിക്കുന്നത്', അദ്ദേഹം വ്യക്തമാക്കി.

കെ ടി കുഞ്ഞിക്കണ്ണന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

'പൗരത്വ ഭേദഗതി നിയമത്തെ വിമര്‍ശിക്കാനോ എതിര്‍ക്കാനോ കേരള നിയമസഭയ്ക്ക് അത് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കാനോ ഭരണഘടന അനുവദിക്കുന്നുണ്ടോ ഇല്ലയോ എന്നാണ് ബിജെപി ഉപാധ്യക്ഷനായ അബ്ദുള്ള പഠിക്കേണ്ടത്. അശ്ലീലകരമായ ജല്‍പനങ്ങളിലൂടെ പൗരത്വ നിയമത്തിലെ ഭരണഘടനാ വിരുദ്ധമായ ഭേദഗതിയെ സാധൂകരിച്ചെടുക്കാമെന്നാണ് സംഘികള്‍ കരുതുന്നത്'.

'1995 ലെ പൗരത്വ നിയമത്തെ ഭേദഗതി ചെയ്ത് മതാധിഷ്ഠിതമായ പൗരത്വ നിര്‍ണയനമാണ് അബ്ദുള്ളക്കുട്ടിമാരുടെ മൊതലാളിയായ അമിത് ഷാ നടത്തിയിരിക്കുന്നത്. മതാടിസ്ഥാനത്തിലുള്ള പൗരത്വ നിയമം മതരാഷ്ട്രീയത്തിലേക്കുള്ള നിര്‍ണായക ചുവടുവെയ്പ്പായിരിക്കും. അത് ഈ രാജ്യത്തെ വിദ്യാര്‍ഥികളും ബുദ്ധിജീവികളും മതനിരപേക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങളും തിരിച്ചറിയുന്നു. അവര്‍ നിയമത്തിനെതിരെ പൊരുതുന്നു. കേരള മുഖ്യമന്ത്രി ഈ പോരാട്ടങ്ങളുടെ മുന്‍നിരയിലുണ്ടെന്നതാണ് സംഘികളെ അസ്വസ്ഥരും പ്രകോപിതരുമാക്കുന്നതും'.

'ഹിന്ദുക്കളും മുസ്ലീങ്ങളും ഒരു രാഷ്ട്രമാണെന്നും ഹിന്ദു മുസ്ലീം മൈത്രിയില്ലാതെ സ്വരാജ് സാധ്യമല്ലെന്നും പഠിപ്പിച്ച മഹാത്മാവിന്റെ നാടാണിത്. ആ മഹാത്മാവിനെ വധിച്ച സവര്‍ക്കറിസ്റ്റുകളുടെയും ഗോള്‍വാക്കറിസ്റ്റുകളുടെയും നാടല്ലാ ഇന്ത്യയെന്ന് അബ്ദുള്ളക്കുട്ടിമാര്‍ ഓര്‍ക്കുന്നത് നന്ന്. ഗോഡ്‌സെയെ വീരപുരുഷനാക്കുന്നവരുടെ കൂടെ ചേര്‍ന്ന് ജനനേതാക്കളെ അധിക്ഷേപിക്കുന്നവരെ അര്‍ഹിക്കുന്ന അവജ്ഞയോടെ തന്നെയാണ് മലയാളി സമൂഹം കാണുന്നത്', അദ്ദേഹം വ്യക്തമാക്കുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്