ആപ്പ്ജില്ല

സമരവേദിയിൽ ശ്രദ്ധനേടി കലാകക്ഷി ചിത്രങ്ങള്‍

പ്രതിഷേധ പിയേത്താ ഹൈക്കോടതി ജംഗ്ഷനിലെ വഞ്ചി സ്ക്വയറിൽ

Samayam Malayalam 13 Sept 2018, 3:18 pm
കൊച്ചി: മൈക്കലാഞ്ചലോയുടെ പിയേത്താ എന്ന വിഖ്യാതമായ ശില്പം കാണാത്തവരുണ്ടാകില്ല. യേശുവിന്‍റെ മൃതദേഹം മടിയില്‍ കിടത്തിയിരിക്കുന്ന മാതാവിന്‍റെ പ്രസിദ്ധമായ മാര്‍ബിള്‍ ശില്‍പം ലോകത്തെങ്ങും സുപരിചിതമാണ്. ആ പിയേത്തായ്ക്ക് പുതിയൊരു ദൃശ്യഭാഷ നൽകിയിരിക്കുകയാണ് കൊച്ചിയിലെ കലാകക്ഷി കൂട്ടായ്മ.
Samayam Malayalam kalakakshi1


കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ആരോപണവിധേയനയ ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്ന ആഹ്വാനവുമായാണ് ഇവർ പ്രതിഷേധ പിയേത്താ ഹൈക്കോടതി ജംഗ്ഷനിലെ വഞ്ചി സ്ക്വയറിൽ ഒരുക്കിയിരിക്കുന്നത്. പതിവായി ജനകീയ സമരങ്ങളുടെ ഭാഗമായി ഞങ്ങളുടെ ഐക്യം പ്രകടിപ്പിക്കാറുണ്ടെന്നും അതിനാലാണ് കന്യാസ്ത്രീകളുടെ സമരത്തോടൊപ്പം നിന്നതെന്നും കലാകക്ഷി ആര്‍ട്ടിസ്റ്റായ പി.എസ് ജലജ 'സമയം മലയാള'ത്തോട് പറഞ്ഞു.

'കലയിലൂടെയാണ് ഞങ്ങള്‍ പ്രതികരിക്കാറുള്ളത്. ഇങ്ങനെയൊരു പ്രതിഷേധം ഇവിടെ ആവശ്യമാണെന്ന് തോന്നി. ബിഷപ്പിനെതിരെ പ്രതിഷേധം നടക്കുന്ന വേദിയിൽ ഏതുരീതിയില്‍ സമരത്തിന്‍റെ ഭാഷ ഒറ്റനോട്ടത്തിൽ ആളുകളിലേക്ക് പകർന്നുനൽകാനാവും എന്ന ചിന്തയാണ് പിയേത്തായിൽ എത്തിയത്. കന്യാസ്ത്രീകളുടെ കൂടെയാണ് ‌ഞങ്ങള്‍. അത്രത്തോളം സത്യസന്ധരാണ് ഇവർ. നീതി കിട്ടുന്നതുവരെ ഇവരോടൊപ്പമുണ്ടാകും. പരി.കന്യാമറിയത്തിന്‍റെ മടിയിൽ കുരിശിൽ നിന്നിറക്കി ക്രിസ്തുവിനെ കിടത്തുന്നതിന് പകരം കന്യാസ്ത്രീയെ കിടത്തുന്നരീതിയിലാണ് ഈ പ്രതിഷേധ പിയേത്തായിൽ ചിത്രീകരിച്ചിരിക്കുന്നത്. നീതിയെന്ന ആശയത്തെ മുൻനിര്‍ത്തിയാണിതെ'ന്ന് ജലജ വ്യക്തമാക്കി.

പിയേത്തായ്ക്ക് പുറമെ ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പിയായ ബി.ആർ അംബേദ്കറുടേയും നാളുകള്‍ക്ക് മുമ്പ് കൊല്ലപ്പെട്ട സിസ്റ്റർ അഭയയുടേയും അമ്പും വില്ലുമേന്തിയ മാലാഖമാരുടേയും ചിത്രങ്ങള്‍ ഇവർ കന്യാസ്ത്രീകളുടെ സമരവേദിയിൽ വരച്ചിട്ടുണ്ട്. കൊച്ചിയിൽ സദാചാര ഗുണ്ടായിസത്തിനെതിരേയും പുതുവൈപ്പ് സമരക്കാരുടെ പ്രതിഷേധമായ ചുവട് വൈപ്പിനിലുമുള്‍പ്പെടെ നിരവധി പ്രതിഷേധങ്ങളുടെ ഭാഗമായിട്ടുമുണ്ട് കലാകക്ഷി.


ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്