ആപ്പ്ജില്ല

സ്പീക്കറുടെ ഡയസില്‍ കയറി മുദ്രാവാക്യം വിളിച്ചതിന് നാല് എംഎല്‍എമാര്‍ക്ക് ശാസന

ഷാഫി പറമ്പിമ്പില്‍ എംഎല്‍എയ്ക്ക് മര്‍ദ്ദനമേറ്റ സംഭവം സബ്മിഷനായി ഉയര്‍ത്താമെന്ന് സ്പീക്കര്‍ വ്യക്തമാക്കിയെങ്കിലും പ്രതിപക്ഷം സഹകരിക്കാന്‍ തയ്യാറായില്ല.

Samayam Malayalam 21 Nov 2019, 12:10 pm
തിരുവനന്തപുരം: നിയമസഭയില്‍ സ്പീക്കറുടെ ഡയസില്‍ കയറി മുദ്രാവാക്യം വിളിച്ചതിന് നടപടി. നാല് എംഎല്‍എമാര്‍ക്ക് ശാസന. റോജി എം ജോണ്‍, അന്‍വര്‍ സാദത്ത്, ഐസി ബാലകൃഷ്ണന്‍, എല്‍ദോസ് കുന്നപ്പള്ളി എന്നിവര്‍ക്കെതിരെയാണ് നടപടി. പ്രതിഷേധം നിര്‍ഭാഗ്യകരമെന്ന് സ്പീക്കര്‍ പ്രതികരിച്ചു. സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഡയസില്‍ കയറിയ ചിത്രങ്ങളുമായി പ്രതിപക്ഷം പ്രതിഷേധിച്ചു. ചോദ്യോത്തര വേള ബഹിഷ്‌കരിച്ച് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പ്രതിപക്ഷ അംഗങ്ങൾ പുറത്തേക്ക് പോയി.
Samayam Malayalam Niyamasabha


Also Read: വൻബഹളം, പ്രതിഷേധം; പ്രതിപക്ഷ എംഎൽഎമാര്‍ സ്പീക്കറുടെ ഡയസിൽ കയറി, സഭ നിര്‍ത്തിവെച്ചു

കെഎസ്‌യു മാര്‍ച്ചിനിടെ ഷാഫി പറമ്പില്‍ എംഎല്‍എയ്ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച നിയമസഭയില്‍ പ്രതിപക്ഷ നേതാക്കള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് എംഎല്‍എമാര്‍ക്കെതിരെ നടപടി. ഷാഫി പറമ്പിലിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ മുഖ്യമന്ത്രി മറുപടി പറയാതെ ചോദ്യോത്തര വേളയില്‍ സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു. ഇന്ന് സഭാ നടപടികള്‍ ആരംഭിച്ച ഉടന്‍ തന്നെ പ്രതിപക്ഷ നേതാവ് രമേശ് തെന്നിത്തല ആവശ്യം ഉന്നയിച്ചു.

ഷാഫി പറമ്പിലിന് മര്‍ദ്ദനമേറ്റ സംഭവം സബ്മിഷനായി ഉയര്‍ത്താമെന്ന് സ്പീക്കര്‍ വ്യക്തമാക്കിയെങ്കിലും പ്രതിപക്ഷം സഹകരിക്കാന്‍ തയ്യാറായില്ല. സ്പീക്കര്‍ ചോദ്യോത്തരവേളയുമായി മുന്നോട്ട് പോയതോടെ ചോദ്യോത്തരവേള ബഹിഷ്‌കരിക്കുകയാണെന്ന് അറിയിച്ച് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ നിന്ന് പുറത്തുപോകുകയായിരുന്നു.

Also Read: ഷാഫി പറമ്പിലിന്‍റെ 'രക്തം പുരണ്ട വസ്ത്രം' ഉയര്‍ത്തി സഭയില്‍ പ്രതിഷേധം

ഇപ്പോള്‍ ഡയസില്‍ കയറി മുദ്രാവാക്യം വിളിച്ചതിന് അച്ചടക്ക നടപടി എടുത്തെങ്കില്‍ 2015 ല്‍ ഇതേ സ്പീക്കര്‍ ഡയസില്‍ കയറി അന്നത്തെ സ്പീക്കര്‍ കസേര മറിച്ചിട്ടില്ലേ എന്ന് പ്രതിപക്ഷം ചോദിച്ചു. പതിനാലാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനം വ്യാഴാഴ്ചയാണ് സമാപിക്കുന്നത്.

ചോദ്യോത്തര വേളയില്‍ പ്ലക്കാര്‍ഡും ബാനറും ഷാഫി പറമ്പിലിന്റെ രക്തം പുരണ്ട വസ്ത്രവും ഉയര്‍ത്തി ബുധനാഴ്ച സഭയില്‍ പ്രതിഷേധിച്ചു. കേരള, എം ജി യൂണിവേഴ്സിറ്റി മാര്‍ക്ക് തട്ടിപ്പിനെതിരെ കെഎസ്‍‍യു നടത്തിയ പ്രതിഷേധ മാര്‍ച്ചിനെതിരെ ചൊവ്വാഴ്ച പോലീസ് ലാത്തി വീശി. പോലീസ് ലാത്തിച്ചാര്‍ജിൽ ഷാഫി പറമ്പിൽ എംഎൽഎയ്ക്കും കെഎസ്‍‍യു സംസ്ഥാന പ്രസിഡന്‍റ് കെ എം അഭിജിത്തിനും പരിക്കേറ്റിരുന്നു. നിയമസഭയിലേക്ക് കെഎസ്‍യു സംഘടിപ്പിച്ച മാര്‍ച്ചാണ് സംഘര്‍ഷത്തിൽ കലാശിച്ചത്. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്