ആപ്പ്ജില്ല

ശബരിമല സമരം: ബിജെപിയിലെ ഭിന്നത പുറത്തേയ്ക്ക്

നേതാക്കള്‍ക്കിടയില്‍ സമരത്തെപ്പറ്റി ഭിന്നാഭിപ്രായം

Samayam Malayalam 1 Dec 2018, 11:49 am
തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃത്വത്തിനുള്ളിൽ വിഭാഗീയതയില്ലെന്ന് സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള ആവര്‍ത്തിക്കുന്നതിനിടെ പാര്‍ട്ടിയ്ക്കുള്ളിലെ ഭിന്നത പുറത്തേയ്ക്ക്. ശബരിമല സമരത്തില്‍ നിന്ന് പാര്‍ട്ടി പിന്നോട്ടു പോകുന്നു എന്ന ആരോപണത്തിനിടെയാണ് ദേശീയനിര്‍വാഹകസമിതിയംഗം വി മുരളീധരൻ എം പി സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്. സമരത്തെപ്പറ്റി സ്വന്തം നിലപാടുകള്‍ പങ്കുവെച്ച് സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണനും മുതിര്‍ന്ന നേതാവും എംഎൽഎയുമായ ഒ രാജഗോപാലും രംഗത്തെത്തിയത് പാര്‍ട്ടിയ്ക്ക് ക്ഷീണമായി.
Samayam Malayalam kerala bjp


ശബരിമല പ്രതിഷേധത്തിനിടെ നിലയ്ക്കലിൽ നിന്ന് അറസ്റ്റിലായതിനെത്തുടര്‍ന്ന് റിമാൻഡിൽ തുടരുന്ന മുതിര്‍ന്ന നേതാവ് കെ സുരേന്ദ്രന് വേണ്ടി പാര്‍ട്ടി ഒന്നും ചെയ്യുന്നില്ലെന്ന ആരോപണത്തിന് പിന്നാലെയാണ് അഭിപ്രായഭിന്നത പുറത്തുവരുന്നത്.

ശബരിമലയിലെ സമരം ബിജെപി തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കലേയ്ക്ക് പറിച്ചു നട്ടത് സമരത്തില്‍ നിന്നുള്ള പിന്മാറ്റമാണെന്നുള്ള വിലയിരുത്തല്‍ നിലവിലുണ്ട്. ഇത് സര്‍ക്കാരുമായുള്ള ഒത്തുതീര്‍പ്പാണെന്ന ആരോപണവുമായി കോൺഗ്രസും രംഗത്തെത്തിയിരുന്നു. എന്നാൽ ആര്‍എസ്എസിന്‍റെ അനുമതിയോടെയാണ് സമരത്തിന്‍റെ വേദി മാറ്റിയതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഇതിനു പിന്നാലെയുണ്ടായ നേതാക്കളുടെ നിലപാടുമാറ്റം അണികളിലും ആശയക്കുഴപ്പത്തിന് വഴിവെച്ചിട്ടുണ്ട്.

മുതിര്‍ന്ന നേതാക്കളായ എംടി രമേശിന്‍റെയും എ എൻ രാധാകൃഷ്ണന്‍റെയും നേതൃത്വത്തിലാണ് ബിജെപി സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം നടത്തുന്നത്. സമരം കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനമെന്നാണ് പി ശ്രീധരൻ പിള്ളയുടെ പ്രസ്താവന.

വി മുരളീധരൻ പറഞ്ഞത്

സമരം ഒത്തുതീര്‍ക്കാന്‍ ആത്മാഭിമാനമുള്ള ഒരു ബിജെപി പ്രവര്‍ത്തകനും അനുവദിക്കില്ലെന്നായിരുന്നു വി.മുരളീധരന്‍റെ പ്രതികരണം. കേരളത്തില തീരുമാനം ഇവിടുത്തെ അധ്യക്ഷനോട് ചോദിക്കണമെന്നും സിപിഎമ്മുമായി ഒത്തുതീര്‍പ്പ് നടത്താന്‍ ഒരു ബിജെപിക്കാരനും സാധിക്കില്ലെന്നുമായിരുന്നു വി മുരളീധരൻ്റെ പ്രസ്താവന.

ഒ രാജഗോപാല്‍ പറഞ്ഞത്

ശബരിമല സമരത്തിന്‍റെ വിഷയം യുവതീപ്രവേശനം അല്ലെന്നും അവിടത്തെ പോലീസ് നടപടിയും തീര്‍ത്ഥാടകര്‍ക്ക് അനുഭവപ്പെടുന്ന അസൗകര്യങ്ങളുമാണെന്നായിരുന്നു ഒ രാജഗോപാലിന്‍റെ വിവാദപ്രസ്താവന. സര്‍ക്കാര്‍ ആവശ്യപ്പെട്ടാൽ ഒത്തുതീര്‍പ്പ് പരിഗണിക്കാമെന്നും രാജഗോപാല്‍ പറഞ്ഞു.

ഇതാദ്യമായാണ് ഒരു ബിജെപി നേതാവ് സര്‍ക്കാരുമായി ഒത്തുതീര്‍പ്പിന് തയ്യാറാണെന്ന പ്രസ്താവനയുമായി രംഗത്തെത്തിയിക്കുന്നത്. ശബരിമലയില്‍ സമരം പാടില്ലെന്ന നിലപാടാണ് പാര്‍ട്ടിയ്ക്ക് ഉണ്ടായിരുന്നതെന്ന രാജഗോപാലിന്‍റെ പ്രസ്താവനയും ബിജെപിയ്ക്ക് വിശദീകരിക്കേണ്ടി വരും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്