ആപ്പ്ജില്ല

'ചെറുത്തുനില്‍പ്പിന്‍റെ കരുത്തുറ്റ ധീരബിംബമായിരുന്നു ഗൗരിയമ്മ': മുഖ്യമന്ത്രി

ധീരയായ പോരാളിയും സമര്‍ത്ഥയായ ഭരണാധികാരിയും ഒരുമിക്കുന്നതായിരുന്നു ഗൗരിയമ്മയുടെ വ്യക്തിത്വം എന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കി

Samayam Malayalam 11 May 2021, 9:27 am

ഹൈലൈറ്റ്:

  • പോരാട്ടങ്ങള്‍ക്കായി സമര്‍പ്പിതമായ ജീവിതമായിരുന്നു ഗൗരിയമ്മയുടേത്.
  • കമ്മ്യൂണിസ്‌റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നിർണായക പങ്കുവഹിച്ചു.
  • ധീരതയുടെ പ്രതീകമായാണു ഗൗരിയമ്മയെ കേരളം എന്നും കണ്ടിട്ടുള്ളത്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam പിണറായി വിജയൻ, കെ ആര്‍ ഗൗരിയമ്മ. Photo: Facebook
പിണറായി വിജയൻ, കെ ആര്‍ ഗൗരിയമ്മ. Photo: Facebook
തിരുവനന്തപുരം: സ്വന്തം ജീവിതത്തെ നാടിന്‍റെ മോചനത്തിനുള്ള പോരാട്ടത്തിന്‍റെ വീരേതിഹാസമാക്കി മാറ്റിയ ധീര നായികയായിരുന്നു കെ ആര്‍ ഗൗരിയമ്മ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തില്‍ കമ്മ്യൂണിസ്‌റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ അവര്‍ വഹിച്ച പങ്ക് സമാനതകളില്ലാത്തതാണ്. നിരന്തര പോരാട്ടങ്ങള്‍ക്കായി സമര്‍പ്പിതമായ ജീവിതമായിരുന്നു അവരുടേതെന്ന് ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ മുഖ്യമന്ത്രി പറഞ്ഞു.
ഗൗരിയമ്മയുടെ മരണത്തോടെ നഷ്‌ടമായത് കേരളാ രാഷ്‌ട്രീയത്തിലെ ജ്വലിക്കുന്ന താരത്തെ; കാനം രാജേന്ദ്രൻ
ധീരയായ പോരാളിയും സമര്‍ത്ഥയായ ഭരണാധികാരിയും ഒരുമിക്കുന്നതായിരുന്നു ഗൗരിയമ്മയുടെ വ്യക്തിത്വം എന്നും മുഖ്യമന്ത്രി പറഞ്ഞു. സമൂഹത്തിലെ എല്ലാവിധ ഉച്ചനീചത്വങ്ങളും അവസാനിപ്പിക്കുന്നതിനായിരുന്നു അവരുടെ പോരാട്ടം. ധീരതയുടെ പ്രതീകമായാണു ഗൗരിയമ്മയെ കേരളം എന്നും കണ്ടിട്ടുള്ളത്. ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ വര്‍ത്തമാനകാല രാഷ്ട്രീയഘട്ടവുമായി ബന്ധപ്പെടുത്തുന്ന വിലപ്പെട്ട കണ്ണിയാണ് ഗൗരിയമ്മയിലൂടെ നമുക്ക് നഷ്‌ടമാകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എല്ലാവിധ ഉച്ചനീചത്വങ്ങളും അവസാനിപ്പിക്കാനും സമത്വത്തിലധിഷ്ഠിതമായ വ്യവസ്ഥിതി സ്ഥാപിച്ചെടുക്കാനും വേണ്ടിയുള്ള പോരാട്ടമായിരുന്നു ഗൗരിയമ്മയുടെ ജീവിതം. ഒന്നാം കേരള മന്ത്രിസഭയില്‍ അംഗമായിരുന്ന അവർ കേരളാ കാര്‍ഷിക പരിഷ്കരണ നിയമം അടക്കമുള്ള സാമൂഹ്യമാറ്റത്തിന്‍റെ കൊടുങ്കാറ്റു വിതച്ച ബില്ലുകളുടെ നിയമമാക്കലില്‍ ശ്രദ്ധേയമായ പങ്ക് വഹിച്ചു. രണ്ടാം ഇ എം എസ് മന്ത്രിസഭയിലും ഒന്നും രണ്ടും നായനാര്‍ മന്ത്രിസഭകളിലും അവര്‍ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു.

ചെറുത്തുനില്‍പ്പിന്‍റെ കരുത്തുറ്റ ധീരബിംബമായിരുന്നു ഗൗരിയമ്മയുടെ കാലത്തു ജീവിക്കാന്‍ കഴിഞ്ഞു എന്നത് ഏതൊരു മലയാളിയുടെയും അഭിമാനമാണ്. നൂറുവയസ് പിന്നിട്ട ഘട്ടത്തിലും ഗൗരിയമ്മ ജനങ്ങള്‍ക്കിടയില്‍ തന്നെയുണ്ടായിരുന്നു. കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ വലിയ സംഭാവനയാണ് അവര്‍ക്കൊപ്പം നിന്നു ഗൗരിയമ്മ നല്‍കിയതെന്നും മുഖ്യമന്ത്രി ഫേസ്‌ബുക്ക് പോസ്‌റ്റിൽ കുറിച്ചു.

'തളരാത്ത ഗൗരി': കാലത്തെ വെല്ലുവിളിച്ചു വാര്‍പ്പുമാതൃകകളെ തകര്‍ത്ത പെൺരാഷ്ട്രീയം
സമൂഹത്തെ പുരോഗമനോന്മുഖവും മനുഷ്യോചിതവുമായി മാറ്റിയെടുക്കുന്നതിനായുള്ള അസാമാന്യ ദൈര്‍ഘ്യമുള്ള നിയമസഭാ സാമാജിക ജീവിതമായിരുന്നു ഗൗരിയമ്മയുടേത്. സമൂഹത്തെ ഇനിയും പുരോഗമനപരമായി മുമ്പോട്ടുകൊണ്ടുപോവാനുള്ള നവോത്ഥാന രാഷ്ട്രീയ നീക്കങ്ങളെ ശക്തിപ്പെടുത്തി മുന്നേറുമെന്ന് പ്രതിജ്ഞ ചെയ്യുന്നതാകട്ടെ വിയോഗ വേളയില്‍ ഗൗരിയമ്മയ്ക്കുള്ള ആദരാജ്ഞലിയർപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്