ആപ്പ്ജില്ല

ബിപിസിഎല്‍ സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണം; മോദിയ്ക്ക് പിണറായിയുടെ തുറന്ന കത്ത്

ബിപിസിഎൽ സ്വകാര്യ വത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ കേരളത്തിനുള്ള പ്രത്യേക താൽപ്പര്യവും കത്തിലൂടെ വിശദീകരിക്കുന്നുണ്ട്.

Samayam Malayalam 19 Oct 2019, 9:45 pm
തിരുവനന്തപുരം: ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍) സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തെഴുതി. ലാഭകരമായി പ്രവര്‍ത്തിക്കുന്ന കമ്പനി പൊതുമേഖലയില്‍ നിലനിര്‍ത്തേണ്ടത് രാജ്യതാല്‍പര്യമാണെന്ന് കാട്ടിയാണ് മുഖ്യമന്ത്രിയുടെ കത്ത്.
Samayam Malayalam Pinarayi Vijayan


ബിപിസിഎൽ സ്വകാര്യ വൽക്കരിക്കാൻ കേന്ദ്രസർക്കാർ നടപടി തുടങ്ങിയത് ജനങ്ങളില്‍ വലിയ ഉത്ക്കണ്ഠയുണ്ടാക്കിയിരിക്കുകയാണെന്നും മുപ്പതിനായിരത്തിലേറെ സ്ഥിരം ജീവനക്കാരെയും കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെയും ഈ നീക്കം ദോഷകരമായി ബാധിക്കുമെന്നും പിണറായി കത്തിൽ പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ അരലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ബിപിസിഎല്‍ നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

ബിപിസിഎല്ലിന്‍റെ കാര്യത്തില്‍ കേരളത്തിലെ ജനങ്ങള്‍ക്കും സര്‍ക്കാരിനും പ്രത്യേക താല്പര്യമുണ്ടന്ന കാര്യവും പിണറായി മുഖ്യമന്ത്രിക്കയച്ച കത്തിൽ വ്യക്തമാക്കുന്നു. 'ഇപ്പോള്‍ ബിപിസിഎല്ലിന്‍റെ ഭാഗമായ കൊച്ചി റിഫൈനറി സ്ഥാപിച്ചത് കേരള സര്‍ക്കാര്‍ കൂടി മുന്‍കയ്യെടുത്താണ്. റിഫൈനറിയില്‍ കേരളത്തിന് 5 ശതമാനം ഓഹരിയുണ്ടായിരുന്നു. റിഫൈനറി ബിപിസിഎല്‍ ഏറ്റെടുത്തപ്പോള്‍ സംസ്ഥാനത്തിന്‍റെ ഓഹരി നിലനിര്‍ത്തുകയും ബോര്‍ഡില്‍ ഒരു ഡയറക്ടറെ ഉള്‍പ്പെടുത്തുകയും ചെയ്തു.' കത്തിൽ പറയുന്നു.

ബിപിസിഎല്‍ അതിന്‍റെ ഉല്പാദനശേഷി വര്‍ധിപ്പിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തികവും സാമ്പത്തികേതരവുമായ പിന്തുണ നല്‍കിയിട്ടുണ്ടെന്ന കാര്യവും മുഖ്യമന്ത്രി വ്യക്തമാക്കി. 85 കോടി വരുന്നവര്‍ക്ക് കോണ്‍ട്രാക്ട് നികുതി പൂര്‍ണമായി തിരിച്ചു നല്‍കാന്‍ സര്‍ക്കാര്‍ സമ്മതിച്ചു. കമ്പനിയുടെ ശേഷി വര്‍ധിക്കു മ്പോള്‍ അധികമായി ലഭിക്കുന്ന വാറ്റ് വരുമാനം ദീര്‍ഘകാല വായ്പ യായി കണക്കാക്കാനും സംസ്ഥാനം തയ്യാറായി. ഈ നിലയില്‍ 1,500 കോടി രൂപയാണ് കേരളം ഈ പൊതുമേഖലാ കമ്പനിക്ക് വായ്പയായി നല്‍കാന്‍ നിശ്ചയിച്ചത്. ഈ സഹായമെല്ലാം സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത് പൊതുമേഖലയിലുള്ള എണ്ണ ശുദ്ധീകരണശാല വികസിക്കണമെന്ന താല്പര്യത്തോടെയാണ്' അദ്ദേഹം പറയുന്നു.

ബിപിസിഎൽ കൊച്ചി റിഫൈനറിക്ക് സമീപത്തായി വന്‍കിട പെട്രോകെമിക്കല്‍ പാര്‍ക്ക് സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കയാണെന്നും ദേശീയ താല്പര്യവും കേരളത്തിന്‍റെ പ്രത്യേക താല്പര്യവും കണക്കിലെടുത്ത് സ്വകാര്യവല്‍ക്കരണ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും മുഖ്യമന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്