ആപ്പ്ജില്ല

ലെവി നൽകേണ്ടത് ആരൊക്കെ? സ്റ്റിയറിങ് കമ്മിറ്റിയിലും മാറ്റങ്ങൾ, അഴിച്ചു പണികളുമായി കേരളാ കോൺഗ്രസ് എം

കേരളാ കോൺഗ്രസ് എം അംഗങ്ങളിൽ നിന്നും ലെവി പിരിക്കുമെന്ന വാർത്തകൾ മുൻപ് പുറത്തുവന്നിരുന്നു

Samayam Malayalam 13 Jul 2021, 4:45 pm
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയതിന് പിന്നാലെ അടിമുടി മാറ്റത്തിനൊരുങ്ങുകയാണ് കേരളാ കോൺഗ്രസ് (എം). യുഡിഎഫ് വിട്ട് ഇടതുപക്ഷത്ത് എത്തിയതിന് പിന്നാലെ കേഡർ സംവിധാനത്തിലേക്ക് മാറുന്നതടക്കമുള്ള കാര്യങ്ങൾ കേരളാ കോൺഗ്രസിൽ തീരുമാനമായെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പാർട്ടി ഓഫീസിൻ്റെ പ്രവർത്തനത്തിലടക്കം മാറ്റമുണ്ടാകും. തീരുമാനങ്ങൾ കൈക്കൊണ്ടിരുന്ന പഴയ രീതികളിലടക്കം മാറ്റമുണ്ടാകും. ലെവി പുനഃസ്ഥാപിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും ഇക്കാര്യത്തിൽ വ്യക്തമായ തീരുമാനം ഉണ്ടായതായി മാതൃഭൂമി റിപ്പോർട്ട് ചെയ്തു.
Samayam Malayalam kerala congress m jose k mani faction may implement levy system in party
ലെവി നൽകേണ്ടത് ആരൊക്കെ? സ്റ്റിയറിങ് കമ്മിറ്റിയിലും മാറ്റങ്ങൾ, അഴിച്ചു പണികളുമായി കേരളാ കോൺഗ്രസ് എം


മാറ്റങ്ങൾക്ക് ഒരുങ്ങി കേരളാ കോൺഗ്രസ്

പിളർപ്പിന് പിന്നാലെ നിർണായക മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ് കേരളാ കോൺഗ്രസ് എം. കെ എം മാണിയുടെ മരണവും അതിന് ശേഷം പാർട്ടിയിലുണ്ടായ പിളർപ്പും കേരളാ കോൺഗ്രസിൻ്റെ അടിത്തറയ്ക്ക് ഇളക്കമുണ്ടാക്കിയെന്ന വിലയിരുത്തലിനെ തുടർന്നാണ് തീരുമാനം. സിപിഎമ്മിൽ നിന്നും സർക്കാരിൽ നിന്നുമായി ശക്തമായ പിന്തുണ ലഭിക്കുന്ന പശ്ചാത്തലത്തിൽ കേഡർ സംവിധാനത്തിലേക്ക് മാറുകയാണ് ജോസ് കെ മാണി വിഭാഗം. പി ജെ ജോസഫ് വിഭാഗത്തിലടക്കം വിഭാഗീയത ശക്തമായി തുടരുന്ന സാഹചര്യത്തിൽ കൂടുതൽ നേതാക്കളെയും പ്രവർത്തകരെയും ഒപ്പം എത്തിക്കാൻ കഴിയുമെന്ന നിഗമനത്തിലാണ് ജോസ് പക്ഷമുള്ളത്.

ലെവി ജന പ്രതിനിധികൾക്ക് മാത്രം

കേരളാ കോൺഗ്രസ് എം അംഗങ്ങളിൽ നിന്നും ലെവി പിരിക്കുമെന്ന വാർത്തകൾ മുൻപ് പുറത്തുവന്നിരുന്നു. ഇക്കാര്യത്തിൽ വിശദമായ ചർച്ചകൾ നടന്നിരുന്നു. ആദ്യഘട്ടത്തിൽ ജനപ്രതിനിധികൾ മാത്രം ലെവി നൽകിയാൽ മതിയെന്നാണ് കേരളാ കോൺഗ്രസ് എമ്മിലെ തീരുമാനം ആയിരിക്കുന്നതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തു. പഞ്ചായത്തംഗം മുതൽ എം.പി വരെയുള്ള ജനപ്രതിനിധികൾ അവരുടെ ഒരുമാസത്തെ വരുമാനം പാർട്ടി ഫണ്ടിലേക്ക് നൽകേണ്ടിവരും. ലെവി പുനഃസ്ഥാപിക്കുന്നതിൽ പലതരത്തിലുള്ള ആശയക്കുഴപ്പം നിലനിന്നിരുന്നു. പ്രവർത്തകരിൽ നിന്നും നേതാക്കളിൽ നിന്നും എതിർപ്പുണ്ടാകുമോ എന്ന ആശയക്കുഴപ്പമാണ് ലെവിയുമായി ബന്ധപ്പെട്ട് വിശദമായി ചർച്ച ചെയ്യാൻ കേരളാ കോൺഗ്രസിനെ പ്രേരിപ്പിച്ചത്.

ആദ്യഘട്ടത്തിലെ തീരുമാനം ഇങ്ങനെ

ഇടത് പാർട്ടികളെ കേഡർ സംവിധാനത്തിൽ അടിയുറപ്പിച്ച നിർത്തുന്ന സംഘടനാ പ്രവർത്തന രീതികളിലൊന്നാണ് ലെവി. സമാനമായ രീതി പാർട്ടിയിലും നടപ്പാക്കാനാണ് കേരളാ കോൺഗ്രസ് എം തീരുമാനിച്ചിരുന്നത്. ലെവി ഈടാക്കാൻ സംഘടനാ പരിഷ്കാരത്തിൽ നിർദേശിച്ചിരുന്നുവെങ്കിലും ആശയക്കുഴപ്പം ശക്തമായിരുന്നു. എല്ലാ അംഗങ്ങളും ലെവി നൽകേണ്ടതുണ്ടോ എന്നായിരുന്നു ആശയക്കുഴപ്പം. തുടർന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതിനായി സംഘടനാ പരിഷ്കരണം പഠിക്കുന്ന സമിതിയെ ഏൽപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ആദ്യഘട്ടത്തിൽ ജനപ്രതിനിധികൾ മാത്രം ലെവി നൽകിയാൽ മതിയെന്ന തീരുമാനത്തിലേക്ക് എത്തിയത്.

ഇനി സ്റ്റിയറിങ്ങ് കമ്മിറ്റി മാത്രം?

കേരളാ കോൺഗ്രസ് കമ്മിറ്റികളിൽ വൻ അഴിച്ചു പണികൾ ഉണ്ടാകുമെന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത്. സ്റ്റിയറിങ്ങ് കമ്മിറ്റി മാത്രമേ ഉണ്ടാകൂ. നിലവിൽ 62 പേരാണ് കമ്മിറ്റിയിലുള്ളത്. ഈ കമ്മിറ്റിയിലെ അംഗസംഖ്യയിൽ കുറവ് വരുത്തും. 30 പേർ മാത്രം കമ്മിറ്റിയിൽ മതിയെന്നാണ് തീരുമാനം. ഇതിനൊപ്പം ഹൈ പവർ കമ്മിറ്റി വേണ്ടെന്ന് വെക്കും. സ്റ്റിയറിങ് കമ്മിറ്റി, സംസ്ഥാന കമ്മിറ്റി, പാർലമെൻ്ററി കമ്മിറ്റി, ഉന്നതാധികാര സമിതി എന്നിവയാണ് കേരളാ കോൺഗ്രസ് എമ്മുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടിരുന്നത്. എന്നാൽ, മുതിർന്ന നേതാക്കളെയും പ്രധാന നേതാക്കളെയും ഉൾപ്പെടുത്തി പുതിയ കമ്മിറ്റി രൂപീകരിക്കാൻ തീരുമാനം ഉള്ളതായി മുൻപും വാർത്ത പുറത്തുവന്നിരുന്നു.

ഓൺലൈൻ മുഖേനെ അംഗത്വം നൽകും

ഓൺലൈൻ മുഖേനെ പാർട്ടിയിൽ അംഗത്വമെടുക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടാക്കുമെന്ന റിപ്പോർട്ടുകൾ മുൻപും പുറത്തുവന്നിരുന്നു. എന്നാൽ പ്രവാസികൾ ഉൾപ്പെടെയുള്ള പാർട്ടി അനുഭാവികൾക്ക് വേണ്ടിയായിരിക്കും ഈ സൗകര്യം നൽകുകയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഈ മാർഗത്തിൽ പാർട്ടിയിൽ അംഗത്വമെടുക്കാനുള്ള സൗകര്യമൊരുക്കുമെങ്കിലും സജീവാംഗത്വമായി പരിഗണിക്കില്ല. പാർട്ടിയിൽ നിന്നും പരിഗണന ലഭിക്കുമെന്ന് മാത്രമാണ് ഇതിൻ്റെ പ്രത്യേകത. അതിനൊപ്പം മണ്ഡലംതല കമ്മിറ്റിയംഗങ്ങളുടെയും എണ്ണം കുറയ്ക്കാനും തീരുമാനമായിട്ടുണ്ട്. കഴിഞ്ഞയാഴ്ച ചേർന്ന സ്റ്റിയറിങ്ങ് കമ്മിറ്റി യോഗത്തിൽ ഇക്കാര്യങ്ങളിൽ തീരുമാനമായിരുന്നു. പുതിയ തീരുമാനങ്ങൾ നിലവിൽ വരുന്നതോടെ ചെയർമാൻ ദിവസവും ഓഫീസിലെത്തി പാർട്ടിയുടെ പ്രവർത്തനം വിലയിരുത്തും. നിർദേശങ്ങൾ നൽകുകയും നേതാക്കളും പ്രവർത്തകരുമായി ബന്ധപ്പെടുകയും വിവരങ്ങൾ ചർച്ച ചെയ്യുകയും ചെയ്യും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്