ആപ്പ്ജില്ല

സൈബർ ആക്രമണം തടയാൻ സൈബർ സെല്ലിൽ പ്രത്യേക വിഭാഗം

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഓൺലൈൻ പോര്‍ട്ടലുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും

Samayam Malayalam 31 Jul 2018, 8:53 am
തിരുവനന്തപുരം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ സൈബര്‍ ആക്രമണങ്ങള്‍ നേരിടാനായി മാത്രം നോഡൽ സൈബര്‍ സെൽ രൂപീകരിക്കുന്നു. സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ ചുമതലയുള്ള ഡിജിപി ടോമിൻ ജെ തച്ചങ്കരിയ്ക്കാണ് നോഡൽ സെല്ലിന്‍റെ ചുമതല. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തുള്ള സൈബര്‍ പോലീസ് സ്റ്റേഷനെ നോഡൽ സൈബര്‍ സെല്ലായി മാറ്റിക്കൊണ്ട് പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവിറക്കി.
Samayam Malayalam cyber security


എല്ലാ സംസ്ഥാനങ്ങളും നോഡൽ സൈബര്‍ സെല്ലുകള്‍ രൂപവത്കരിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചിരുന്നു. എന്നാൽ ഹനാനെതിരെയുള്ള സൈബര്‍ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് സംസ്ഥാനം അടിയന്തിരമായി സെൽ രൂപീകരിക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ സൈബര്‍ ആക്രമണങ്ങള്‍ തടയാൻ കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയത്തിന്‍റെ കീഴിൽ പ്രവര്‍ത്തിക്കുന്ന കേന്ദ്രീകൃത ഓൺലൈൻ റിപ്പോര്‍ട്ടിങ് പോര്‍ട്ടലുമായി ചേര്‍ന്നായിരിക്കും നോഡൽ സൈബര്‍ സെല്ലിന്‍റെ പ്രവര്‍ത്തനം.

ഓരോ സംസ്ഥാനത്തു നിന്നും ലഭിച്ച സൈബര്‍ പരാതികളിന്മേൽ സ്വീകരിച്ച നടപടികളെ സംബന്ധിച്ച വിവരങ്ങള്‍ നോഡൽ സൈബര്‍ സെല്ലിന്‍റെ പോര്‍ട്ടലിൽ ലഭ്യമാകും. ഇതോടൊപ്പം കേന്ദ്രീകൃത പോര്‍ട്ടലിൽ ലഭിക്കുന്ന പരാതികള്‍ സംബന്ധിച്ച വിവരങ്ങള്‍ നോഡൽ സെല്ലുകള്‍ക്ക് കൈമാറുകയും ചെയ്യും. ഈ പരാതികള്‍ നോഡൽ സെല്ലായിരിക്കും ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകള്‍ക്ക് കൈമാറുക.

നോഡൽ സൈബര്‍ സെല്ലിൽ ലഭിക്കുന്ന പരാതികള്‍ കാണാനും കൈകാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ സാധിക്കൂ. 155260 എന്ന ഹെൽപ്‍‍ലൈൻ നമ്പറിലൂടെയാണ് നോഡൽ ഉദ്യോഗസ്ഥര്‍ക്ക് പരാതികള്‍ കൈമാറേണ്ടത്. പരാതി സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ പരാതിക്കാര്‍ക്ക് ആവശ്യമായ സാങ്കേതികസഹായം നല്‍കുകയും ചെയ്യും. നോഡൽ സെല്ലിൽ പ്രവര്‍ത്തികുന്ന ഉദ്യോഗസ്ഥര്‍ക്ക് ഉടൻ സാങ്കേതികപരിശീലനം നല്‍കും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്