ആപ്പ്ജില്ല

ചീഫ് വിപ്പിന്‍റെ പേഴ്സണൽ സ്റ്റാഫിലേക്ക് ഏഴ് പേർ കൂടി; ധൂർത്തെന്ന് വിമർശനം

ചീഫ് വിപ്പ് കെ രാജന്‍റെ പേഴ്സണൽ സ്റ്റാഫിലേക്ക് ഏഴുപേർകൂടി. ഇതോടെ 13 പേരാണ് സ്റ്റാഫിൽ ഉൾപ്പെട്ടിരിക്കുന്നത്. പുതിയ നിയമനം ധൂർത്താണെന്ന വിമർശനം ഉയർന്നു കഴിഞ്ഞു.

Samayam Malayalam 4 Oct 2019, 8:06 pm
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ചീഫ് വിപ്പിന്‍റെ പേഴ്സണൽ സ്റ്റാഫിലേക്ക് ഏഴ് പേരെ കൂടി നിയമിച്ച് ഉത്തരവിറക്കി. ഇതോടെ ചീഫ് വിപ്പ് കെ രാജന്‍റെ പേഴ്സണൽ സ്റ്റാഫിൽ 13 പേരായി. സംസ്ഥാനം പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളും മറ്റുമായി മുന്നോട്ടുപോകവെയാണ് ചീഫ് വിപ്പിന് കൂടുതൽ സ്റ്റാഫ് അംഗങ്ങളെ അനുവദിച്ചിരിക്കുന്നത്. നേരത്തെ ചീഫ് വിപ്പിന് കൂടുതൽ സ്റ്റാഫിനെ നിയമിക്കില്ലെന്ന് നിലപാടെടുത്ത സിപിഐ തങ്ങളുടെ നിലപാട് മാറ്റിയെന്നാണ് നിയമന ഉത്തരവിൽ നിന്ന് വ്യക്തമാകുന്നത്.
Samayam Malayalam New Project (57)


2019 ജൂലൈയിലായിരുന്നു ഒല്ലൂർ എംഎൽഎയും സിപിഐ നേതാവുമായ കെ രാജൻ ക്യാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് പദവി ഏറ്റെടുക്കുന്നത്. എൽഡിഎഫ് ചീഫ് വിപ്പ് സ്ഥാനം വാഗ്ദാനം ചെയ്തിട്ടും ഏറെ നാളുകൾ കഴിഞ്ഞായിരുന്നു സിപിഐ വിപ്പ് സ്ഥാനം ഏറ്റെടുക്കാൻ തീരുമാനിക്കുന്നതും രാജനെ നിയമിക്കുന്നതും. 2018 ലെ പ്രളയത്തിന് പിന്നാലെ ചീഫ് വിപ്പ് പദവി ഏറ്റെടുക്കാൻ തീരുമാനം ഉണ്ടായിരുന്നെങ്കിലും ഇത് വിവാദമായതോടെ നീണ്ടു പോവുകയായിരുന്നു.

പിന്നീടാണ് സിപിഐ നിർവാഹകസമിതി ചേരുന്നതും പദവി ഏറ്റെടുക്കാൻ തീരുമാനിക്കുന്നതും. ഖജനാവിന് അധികം ചെലവ് വരുത്താതെയാകും വിപ്പിന്‍റെ പ്രവർത്തനമെന്നായിരുന്നു ആദ്യത്തെ തീരുമാനമെങ്കിൽ 13 പേഴ്സണൽ സ്റ്റാഫുകളുമായി ചീഫ് വിപ്പ് മുന്നോട്ട് പോകാനൊരുങ്ങുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ. എഐഎസ്എഫ് മുൻ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ളവരെ സ്റ്റാഫിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

നേരത്തെ ഇപി ജയരാജൻ മന്ത്രിസഭയിലേക്ക് തിരിച്ചെത്തിയ സമയത്തായിരുന്നു സിപിഎം സിപിഐയ്ക്ക് ക്യാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് പദവി വാഗ്ദാനം ചെയ്യുന്നത്. ഈ പദവി തന്നെ ധൂർത്താണെന്ന ആരോപണങ്ങളും നേരത്തെ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്രയധികംപേരെ സ്റ്റാഫിൽ ഉൾപ്പെടുത്തുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്