ആപ്പ്ജില്ല

Madhu Murder: സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ റദ്ദാക്കി

കഴിഞ്ഞ ഫെബ്രുവരി 22 നാണ് ഭക്ഷണ സാധനം മോഷ്ടിച്ചെന്നാരോപിച്ച് ആദിവാസി യുവാവ് മധുവിനെ നാട്ടുകാർ മർദ്ദിച്ചുകൊന്നത്

Samayam Malayalam 11 Nov 2018, 3:33 pm
അഗളി: ആദിവാസി യുവാവ് മധുവിനെ കൊലപ്പെടുത്തിയ കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള മന്ത്രിസഭാ തീരുമാനം സര്‍ക്കാര്‍ റദ്ദാക്കി. അഭിഭാഷകന് കൂടുതല്‍ ഫീസ് നല്‍കാനാവില്ലെന്ന കാരണത്താലാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു നിലപാട് സ്വീകരിച്ചിരിക്കുന്നത്.
Samayam Malayalam madhu


പാലക്കാട് സ്വദേശിയായ പി ഗോപിനാഥനെയായിരുന്നു സര്‍ക്കാര്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചത്. ഈ തീരുമാനം പിന്‍വലിക്കുകയാണെന്ന് ആഭ്യന്തര വകുപ്പാണ് വ്യക്തമാക്കിയത്. സര്‍ക്കാര്‍ കണക്കാക്കിയ ഫീസ് അഭിഭാഷകന്‍ അംഗീകരിക്കാത്തതിലാണ് നിയമനം റദ്ദാക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. കേസില്‍ മണ്ണാര്‍കാട് എസ്‍സി എസ്‍ടി സ്പെഷ്യല്‍ കോടതിയിലെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറാവും ഇനി ഹാജരാകുക.

കഴിഞ്ഞ ഫെബ്രുവരി 22 നാണ് ഭക്ഷണ സാധനം മോഷ്ടിച്ചെന്നാരോപിച്ച് ആദിവാസി യുവാവ് മധുവിനെ നാട്ടുകാർ മർദ്ദിച്ചുകൊന്നത്. പ്രതികള്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി അന്വേഷണസംഘം കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പ്രതികള്‍ക്കെതിരെ കൊലപാതകക്കുറ്റത്തിനു പുറമെ പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരവും കേസെടുത്തിരുന്നു. പിന്നീട് കേസിലെ 16 പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യവും ലഭിച്ചിരുന്നു.

മധുവിനെ വന മേഖലയിൽ ഉള്ള ഗുഹയിൽ നിന്ന് പിടികൂടി അവിടെവെച്ചും മുക്കാലി കവലയിൽ വെച്ചും മർദ്ദിച്ചവർക്കെതിരെയാണ് കൊലപാതകക്കുറ്റം ചുമത്തിയിരുന്നത്. കേസില്‍ അറസ്റ്റിലായ മുക്കാലി മേച്ചേരിയില്‍ ഹുസൈന്‍, കിളയില്‍ മരയ്ക്കാര്‍, പൊതുവച്ചോലയില്‍ ഷംസുദ്ദീന്‍, താഴുശേരില്‍ രാധാകൃഷ്ണന്‍, വിരുത്തിയില്‍ നജീബ്, മണ്ണമ്പറ്റിയിൽ ജെയ്‌ജുമോൻ, കരിക്കളിൽ സിദ്ദിഖ്, പൊതുവച്ചോലയിൽ അബുബക്കർ എന്നിവരാണ് മധുവിനെ മർദ്ദിച്ചത്. മധുവിന്‍റെ നെഞ്ചിൽ ചവിട്ടിയതാണ് മരണകാരണമെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്