ആപ്പ്ജില്ല

വിവാദ പ്രസംഗം: ശ്രീധരന്‍ പിള്ളക്കെതിരായ കേസ് റദ്ദാക്കില്ലെന്ന് സര്‍ക്കാര്‍

രഥയാത്ര ജനങ്ങള്‍ക്കിടയിലുള്ള സമാധാന അന്തരീക്ഷം തകര്‍ക്കുമെന്നും സര്‍ക്കാര്‍

Samayam Malayalam 13 Nov 2018, 11:17 am
കൊച്ചി: ശബരിമലയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ടു നടത്തിയ വിവാദപ്രസംഗത്തില്‍ ബിജെപി അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളക്കെതിരായ കേസ് റദ്ദാക്കില്ലെന്ന് സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അതോടൊപ്പം അദ്ദേഹത്തിന്‍റെ നേതൃത്വത്തിലുള്ള രഥയാത്ര ജനങ്ങള്‍ക്കിടയിലുള്ള സമാധാന അന്തരീക്ഷം തകര്‍ക്കുമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
Samayam Malayalam Sreedharan Pillai


ഒക്ടോബര്‍ 11 മുതൽ 17 വരെ ശബരിമലയിൽ നടന്ന പ്രതിഷേധപരിപാടികള്‍ ബിജെപിയാണ് ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നായിരുന്നു ശ്രീധരൻ പിള്ളയുടെ പ്രസംഗം. ശബരിമല നമ്മളെ സംബന്ധിച്ച് സുവര്‍ണാവസരമാണെന്നും നമ്മള്‍ മുന്നോട്ടു വെച്ച അജണ്ടയിൽ ഓരോരുത്തരായി വീണെന്നുമായിരുന്നു ശ്രീധരൻ പിള്ള പ്രസംഗം. അതോടൊപ്പം യുവതികള്‍ പ്രവേശിച്ചാൽ നടയടയ്ക്കുമെന്ന് തന്ത്രി കണ്ഠര് രാജീവര് പറഞ്ഞത് തന്നോട് ആലോചിച്ച ശേഷമാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ഐപിസി 505 (1) ബി പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ശബരിമല യുവതീപ്രവേശനത്തിനെതിരെ കാസര്‍കോട് നിന്നാരംഭിച്ച ശബരിമല സംരക്ഷണയാത്ര മുന്നേറുന്നതിനിടെയാണ് ശ്രീധരൻ പിള്ളയ്ക്കെതിരെയുള്ള കേസ്. അറസ്റ്റ് നടന്നാൽ വലിയ പ്രതിഷേധം ഉണ്ടാകാൻ സാധ്യതയുണ്ടെന്നതും പോലീസ് കണക്കിലെടുത്തിരുന്നു.

കോഴിക്കോട്ടെ മാധ്യമപ്രവര്‍ത്തകൻ ഷൈബിൻ നന്മണ്ടയുടെ പരാതി പ്രകാരമായിരുന്നു ശ്രീധരൻ പിളളയ്ക്കെതിരെ കേസെടുത്തത്. കസബ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ടൗൺ സ്റ്റേഷനിലേയ്ക്ക് മാറ്റി. പൊതുപ്രവര്‍ത്തകരായ സാജൻ എസ് ബി നായര്‍, ഡിവൈഎഫ്ഐ നേതാവ് എൽ ജി ലിജീഷ് എന്നിവരും സമാനമായ പരാതി നല്‍കിയിരുന്നു. അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമോപദേശം തേടിയ ശേഷം കോഴിക്കോട് മൂന്നാം ക്ലാസ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരമായിരുന്നു ശ്രീധരൻ പിള്ളയ്ക്കെതിരെ കേസെടുത്തത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്