ആപ്പ്ജില്ല

ശബരിമലയിൽ ചിലര്‍ക്ക് സ്വകാര്യ താത്പര്യം: അനുവദിക്കാനാവില്ലെന്ന് കോടതി

ശബരിമലയിൽ സമാധാനാന്തരീക്ഷം തിരികെ കൊണ്ടുവരാൻ എല്ലാവരും സഹകരിക്കണം

Samayam Malayalam 23 Nov 2018, 1:39 pm
കൊച്ചി: ശബരിമലയിൽ ചിലര്‍ക്ക് സ്വകാര്യ താത്പര്യങ്ങളുണ്ടെന്നും അതിനു മുന്നിൽ കണ്ണു കെട്ടി നോക്കി നിൽക്കാനാവില്ലെന്നും ഹൈക്കോടതി. ശബരിമലയിൽ സമാധാനാന്തരീക്ഷം തിരികെ കൊണ്ടുവരണമെന്ന് കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. എല്ലാവരും ഇക്കാര്യത്തിൽ സഹകരിക്കണമെന്നും ആരും നിയമം കൈയ്യിലെടുക്കരുതെന്നും കോടതി നിര്‍ദേശം നല്‍കി. ശബരിമലയിൽ ശയനപ്രദക്ഷിണം നടത്താൻ അനുവദിക്കുന്നില്ല എന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം.
Samayam Malayalam Kerala-High-Court-min


അതേസമയം, ദേവസ്വം ബോര്‍ഡിന്‍റെ ഫണ്ട് കോടതി അനുമതിയില്ലാതെ ചെലവഴിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ശബരിമലയിൽ സേവനം അനുഷ്ഠിക്കുന്ന പോലീസുകാര്‍ക്ക് ആവശ്യമായ താമസസൗകര്യവും ഭക്ഷണവും ഒരുക്കാൻ തയ്യാറാണെന്ന് ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു. നിലവിൽ പോലീസ് വകുപ്പാണ് പോലീസുകാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നത്. 15000 പോലീസുകാര്‍ ശബരിമലയിൽ ഉണ്ടെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചെങ്കിലും നിലവിൽ 3000ത്തിൽ താഴെ പോലീസുകാര്‍ മാത്രമാണ് ശബരിമലയിലുള്ളതെന്നും കോടതി നിരീക്ഷിച്ചു.

ശബരിമലയിലെ നിയന്ത്രണങ്ങളും പോലീസ് നടപടികളും സംബന്ധിച്ച് സര്‍ക്കാരും ദേവസ്വം ബോര്‍ഡും സമര്‍പ്പിച്ച സത്യവാങ്മൂലങ്ങള്‍ പരിശോധിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം. ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി.

ശബരിമലയിലെ അക്രമസംഭവങ്ങള്‍ സര്‍ക്കാരിനെതിരല്ലെന്നും സുപ്രീം കോടതി വിധിയ്ക്ക് എതിരാണെന്നും സര്‍ക്കാര്‍ കോടതിയിൽ സത്യവാങ്മൂലം നല്‍കി. യഥാര്‍ത്ഥ ഭക്തര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന നിയന്ത്രണങ്ങള്‍ ശബരിമലയിൽ ഇല്ലെന്നും പോലീസ് പ്രകോപനം സൃഷ്ടിച്ചില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ചിത്തിര ആട്ടവിശേഷ സമയത്ത് പ്രശ്നമുണ്ടാക്കിയവര്‍ മണ്ഡലകാലത്ത് എത്തിയതിന് തെളിവായുള്ള വീഡിയോ ദൃശ്യങ്ങളും സര്‍ക്കാര്‍ കോടതിയിൽ ഹാജരാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്