സഞ്ജന രേഷ്മയെ പ്രണയിച്ചു; ഇപ്പോൾ അവർ ഒരുമിച്ച് ജീവിക്കുന്നു

രണ്ട് പെൺകുട്ടികൾ തമ്മിൽ പ്രണയിച്ചു. ചുറ്റുമുള്ള പലരും അവരെ അകറ്റാൻ ശ്രമിച്ചു. ഉപദേശങ്ങൾക്കും പോലീസ് കേസിനും ശേഷം കോടതി തീരുമാനിച്ചു: സഞ്ജനയും രേഷ്മയും ഒരുമിച്ച് ജീവിക്കട്ടെ.

Samayam Malayalam
സഞ്ജനയും രേഷ്മയും -Aneeb P.A / Handout / Samayam Plus
| 8 Dec 2021, 4:58 pm
By Aneeb P.A

തിരുവനന്തപുരം സ്വദേശിയായ സഞ്ജനയുടെ 21-ാം ജന്മദിനം നവംബർ ഏഴിനായിരുന്നു. സഞ്ജനയുടെ ജന്മദിനം ആഘോഷിക്കാൻ വീട്ടുകാർ തീരുമാനിച്ചിരുന്നില്ലെങ്കിലും അവൾ ഒരാളെ കാത്തിരുന്നു. സഞ്ജനക്ക് ഏറ്റവും ഇഷ്ടമുള്ള കിറ്റ്‌കാറ്റ് ചോക്ലേറ്റും ഒറിയോ ബിസ്‌ക്കറ്റും സ്ലൈസും ചോക്ലേറ്റ് കേക്കും ഹെഡ്‌സെറ്റുമായി നവംബർ ആറിന് രാത്രിയാണ് രേഷ്മ എത്തിയത്.

രേഷ്മയും സഞ്ജനയും തമ്മിലുള്ള അടുപ്പത്തിൽ നേരത്തെ തന്നെ 'സംശയമുണ്ടായിരുന്ന' വീട്ടുകാർ ഇതിനെ ചോദ്യം ചെയ്തു. തുടർന്ന് സഞ്ജനയെ വീട്ടു തടങ്കലിൽ ആക്കിയിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി രേഷ്മ പോലീസിനെ സമീപിച്ചു. പോലീസ് സ്‌റ്റേഷനിൽ ഉദ്യോഗസ്ഥർ പരാതിക്കാരിയെ 'ചോദ്യം' ചെയ്തു. ബന്ധം അവസാനിപ്പിക്കണമെന്നാണ് എല്ലാവരും ഉപദേശിച്ചത് - രേഷ്മ പറയുന്നു. പക്ഷേ, തൊട്ടടുത്ത ദിവസം സഞ്ജന വീട്ടിൽ നിന്നിറങ്ങി. ഇപ്പോൾ രേഷ്മക്കൊപ്പമാണ് താമസിക്കുന്നത്.

ഇരുവരുടെ സുഹൃത്തും കവിയുമായ ശ്രീജിത്ത് വാവ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിനെ തുടർന്നാണ് സംഭവം പുറംലോകം അറിയുന്നത്. ശ്രീജിത്ത് വാവയെ ഇരുവരും 'അച്ഛൻ' എന്നാണ് വിളിക്കുന്നത്.

തിരുവനന്തപുരം വഴുതക്കാട്ടെ ഗവ.വനിതാ കോളേജിൽ പഠിക്കുന്ന കാലത്താണ് സഞ്ജനയെ പരിചയപ്പെട്ടതെന്ന് പി.എസ് രേഷ്മ പറയുന്നു.

''ആദ്യം കണ്ടതു മുതൽ ഞങ്ങൾ തമ്മിൽ വലിയ അടുപ്പമുണ്ടായി. അത് പ്രണയമായി വളർന്നു. ഞാൻ ബി.എ ഇംഗ്ലീഷും സഞ്ജന ബി.എസ്.സി മാത്ത്‌സുമാണ് പഠിച്ചിരുന്നത്. ബേസ് ബോൾ, സോഫ്റ്റ്‌ബോൾ എന്നിവയിലും ഞങ്ങൾ പങ്കെടുത്തിരുന്നു.'' -- പ്രണയ കാലത്തെ കുറിച്ച് രേഷ്മ സമയം മലയാളം പ്ലസിനോട് പറഞ്ഞു.

എപ്പോഴും ഒരുമിച്ച് നടക്കുന്നതിനാൽ ചില വിദ്യാർഥികളും അധ്യാപകരും മോശം കഥകൾ പ്രചരിപ്പിച്ചിരുന്നു. ചില അധ്യാപകർ വീട്ടിൽ വിളിച്ച് 'രഹസ്യവിവര'വും കൈമാറി. ഇത്തരം പ്രവൃത്തികളൊന്നും ഇരുവരെയും ബാധിച്ചില്ല. ജന്മദിനങ്ങളും ഉൽസവങ്ങളും വലന്റൈൻസ് ഡേയുമെല്ലാം രണ്ടു പേരും ഒരുമിച്ചാണ് ആഘോഷിച്ചിരുന്നത്.

''നല്ല ജോലി സ്വന്തമാക്കിയ ശേഷം ഒരുമിച്ച് ജീവിച്ചാൽ മതിയെന്നാണ് ഞങ്ങൾ തീരുമാനിച്ചിരുന്നത്. പുതിയ സംഭവ വികാസങ്ങൾ എല്ലാം വളരെ പെട്ടെന്നാക്കി. ഇതുവരെ ലഭിച്ചതിൽ ഏറ്റവും മികച്ച ജന്മദിന സമ്മാനമാണ് ലഭിച്ചിരിക്കുന്നത്.'' -- സഞ്ജന പറയുന്നു.

ജന്മദിന ആഘോഷം പൊളിഞ്ഞതിനെ തുടർന്ന് കടക്കാവൂർ പോലീസ് സ്‌റ്റേഷനിൽ രേഷ്മ അൽപ്പസമയം ചെലവഴിക്കേണ്ടി വന്നിരുന്നു. ബ്രെയിൻവാഷിങ്ങിന്റെ സമയമായിരുന്നു അതെന്ന് രേഷ്മ പറയുന്നു.

''ആ സമയത്ത് സഞ്ജന അവളുടെ വീട്ടിലും ഞാൻ സ്റ്റേഷനിലുമായിരുന്നു. സഞ്ജന തയ്യാറാണെങ്കിൽ ഒരുമിച്ച് ജീവിക്കുമെന്നാണ് ഞാൻ പോലീസിനോട് പറഞ്ഞത്. പ്രായപൂർത്തിയായ രണ്ടു പേർക്ക് ഒരുമിച്ച് ജീവിക്കാൻ നിയമതടസമില്ലെന്നും ഞാൻ ചൂണ്ടിക്കാട്ടി. സഞ്ജനക്ക് എന്റെ കൂടെ വരാൻ താൽപര്യമില്ലെന്നാണ് പോലീസ് പറഞ്ഞത്. പക്ഷേ, സഞ്ജനയിൽ എനിക്കുള്ള വിശ്വാസത്തെയും ഞങ്ങളുടെ പ്രണയത്തെയും തകർക്കാൻ അവർക്ക് സാധിക്കുമോ?. ഞാൻ നിലപാടിൽ ഉറച്ചുനിന്നു.'' -- രേഷ്മ അനുഭവം പങ്കുവെച്ചു.

അതേസമയം, വീട്ടിലിരിക്കുന്ന സഞ്ജനക്ക് മറ്റു ചില വിവരങ്ങളാണ് ലഭിച്ചു കൊണ്ടിരുന്നത്. ''എന്നെ വേണ്ടെന്ന് എഴുതി നൽകി രേഷ്മ പോയെന്നാണ് എന്നെ അവരെല്ലാം അറിയിച്ചത്. രേഷ്മയുമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പോലീസുമായി മാത്രമാണ് സംസാരിക്കാൻ കഴിഞ്ഞത്. രേഷ്മക്ക് എന്നോട് താൽപര്യമില്ലെന്ന രീതിയിലാണ് അവരും സംസാരിച്ചത്. പക്ഷേ, രേഷ്മ എന്നെ കാത്തിരിക്കുകയാണെന്ന് എനിക്കറിയാം. രേഷ്മയുമൊത്ത് ചേരാൻ ഞാനും ആഗ്രഹിക്കുന്നുണ്ടല്ലോ.'' -- സഞ്ജന പറയുന്നു.

നവംബർ ഏഴിലെ പോലീസ് നടപടികൾ തീർന്ന ശേഷമാണ് എട്ടിന് രാവിലെ സഞ്ജന വീട്ടിൽ നിന്നിറങ്ങിയത്. ''വീട്ടിൽ എന്നെ പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഫോണും പിടിച്ചുവെച്ചു. ഏഴാം തീയ്യതി രാത്രി ഞാൻ ഉറങ്ങിയിട്ടില്ല. രേഷ്മ വരുമോയെന്നു ജനലിലൂടെ നോക്കിയിരിക്കുകയായിരുന്നു. എട്ടാം തീയ്യതി രാവിലെ തന്നെ വീടിന് മുകളിൽ നിന്ന് ബാഗ് റോഡിലേക്ക് എറിഞ്ഞു. ഉടുത്ത വസ്ത്രവുമായി വീട്ടിൽ നിന്നിറങ്ങി. ബസിലുണ്ടായിരുന്ന ഒരാളുടെ ഫോണിൽ നിന്ന് രേഷ്മയെ വിളിച്ചു. സ്‌റ്റോപ്പിൽ രേഷ്മയുണ്ടായിരുന്നു.'' -- വീട്ടിൽ നിന്ന ഇറങ്ങേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് സഞ്ജന വിശദീകരിച്ചു.

സഞ്ജനയെ കാണാതായ ഉടൻ വീട്ടുകാർ പോലീസിൽ പരാതി നൽകി. സഞ്ജന വരുകയാണെങ്കിൽ ഇറക്കിവിടരുതെന്നാണ് പോലീസ് രേഷ്മക്ക് നിർദേശം നൽകിയത്. സഞ്ജനയെ കാത്തിരിക്കുന്ന താൻ എന്തിന് ഇറക്കിവിടണമെന്ന് രേഷ്മ മറുപടിയും നൽകി. പിന്നീട് പോലീസ് എത്തി രണ്ടുപേരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

''ബന്ധം തകർക്കാൻ പലതരത്തിലുള്ള ഇടപെടലുകളുണ്ടായി. കൗൺസിലിങ് നൽകിയാൽ തീരുന്ന പ്രശ്‌നമാണെന്നും എല്ലാവരും പറഞ്ഞു. പക്ഷേ, ഞങ്ങൾ രണ്ടു പേരും പ്രണയത്തിൽ ഉറച്ചുനിന്നു. അവസാനം ഞങ്ങളെ വീഡിയോകോൺഫറൻസിങ് മുഖേനെ കോടതിയിൽ ഹാജരാക്കി. ഞങ്ങളുടെ നിലപാട് രേഖപ്പെടുത്തിയ കോടതി കേസ് തീർപ്പാക്കി.'' -- രേഷ്മയും സഞ്ജനയും പറയുന്നു.

ഒരുമിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ ഇരുവരും. ''ഇപ്പോൾ തന്നെ ജീവിതം കളർഫുള്ളാണ്. നല്ല രീതിയിൽ ജീവിക്കാൻ വേണ്ട കാര്യങ്ങളെല്ലാം ചെയ്യുന്നുണ്ട്. വിവാഹം നിയമപരമായി റജിസ്റ്റർ ചെയ്യാനുള്ള സാധ്യതകൾ അന്വേഷിക്കുന്നുണ്ട്. സമൂഹം ഞങ്ങളെ അംഗീകരിക്കുമെന്നാണ് വിശ്വാസം. ഇനി അംഗീകരിച്ചില്ലെങ്കിലും കുഴപ്പമില്ല.'' -- ഇരുവരും പറഞ്ഞു.

****