ആപ്പ്ജില്ല

മാണി യുഡിഎഫ് വിട്ടു; നിയമസഭയിൽ പ്രത്യേക ബ്ലോക്കാകും

നിയമസഭയിൽ ഒറ്റയ്ക്ക് നിൽക്കാനുള്ള തീരുമാനമുറപ്പിച്ച് യുഡിഎഫിലെ പ്രധാനഘടകക്ഷി

TNN 7 Aug 2016, 2:47 pm
പത്തനംതിട്ട: നിയമസഭയിൽ ഒറ്റയ്ക്ക് നിൽക്കാനുള്ള തീരുമാനമുറപ്പിച്ച് യുഡിഎഫിലെ പ്രധാനഘടകക്ഷികളിലൊന്നായ കേരള കോൺഗ്രസ് എം. പാർട്ടിയുടെ 6 എം.എൽ.എമാർ ഇതോടെ നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഒറ്റയ്ക്ക് നിൽക്കും. യുഡിഎഫുമായി സംസ്ഥാനതലത്തിൽ സഹകരണമില്ലെങ്കിലും പഞ്ചായത്ത് തലത്തിൽ യുഡിഎഫ് ബന്ധം അതേപടി തുടരുമെന്നും കേരളകോൺഗ്രസ് എം നേതാവ് കെ.എം മാണി പത്രസമ്മേളനത്തിൽ പറഞ്ഞു.
Samayam Malayalam km mani leaves congress party
മാണി യുഡിഎഫ് വിട്ടു; നിയമസഭയിൽ പ്രത്യേക ബ്ലോക്കാകും


ബിജെപിയുമായി ചേരുന്ന ചിന്തയേയില്ലെന്നും കേന്ദ്രത്തിലും യുപിഎയോട് പ്രശ്നാധിഷ്ഠിത പിന്തുണമാത്രമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മുപ്പത്തിരണ്ട് വ‍‍‍ർഷമായുള്ള കോൺഗ്രസ് ബന്ധമാണ് ഇതോടെ മാണി വിഭാഗം ഉപേക്ഷിക്കുന്നത്. ഈ മാസം 14ന് പാർട്ടിയുടെ പ്രത്യേകയോഗവും നടക്കും.


പാ‍ർ‍ട്ടിയേയും പാർട്ടി ലീഡറേയും കടന്നാക്രമിക്കാനും അപകീർത്തിപ്പെടുത്താനും കോൺഗ്രസിലെ ചില കേന്ദ്രങ്ങൾ ബോധപൂ‍ർ‍വ്വം ശ്രമം നടത്തിയിരുന്നു. പാർട്ടിയുടെ ആത്മാഭിമാനം ഉയർത്തി പിടിക്കുന്നതിനായി സ്വതന്ത്രവീക്ഷണത്തോടെ ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി പ്രവർത്തിക്കുന്നതിന് നിയമസഭയിൽ ഞങ്ങൾ പ്രത്യേക ബ്ലോക്കാകും. യുഡിഎഫ് വിട്ട് മാറി സ്വതന്ത്രബ്ലോക്കാകും.

മുന്നണികൾ തമ്മിലുള്ള മര്യാദകൾ പാലിക്കപ്പെടുകയുണ്ടായില്ല. സ്വയം വിമ‍ർശനത്തിന് ഒരവസരം നൽകുന്നതിന് കൂടിയാണ് ഈ തീരുമാനം. പ്രാദേശിക സ്വയം ഭരണ സ്ഥാപനങ്ങളിൽ യുഡിഎഫിനൊപ്പം തന്നെയായിരിക്കാനാണ് ധാരണയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ​യു ഡിഎഫിനു നന്മ നേരുന്നു. ആരെയും ശപിച്ചല്ല പോകുന്നത്. ക്ഷമയുടെ നെല്ലിപ്പലകയും കണ്ട് കഴിഞ്ഞു. തീരുമാനം നേരത്തെ എടുക്കേണ്ടതായിരുന്നു. കോൺഗ്രസ് നേതൃത്വത്തിലെ ചിലരാണ് ഞങ്ങൾ പാർട്ടിവിടുന്നതിന് കാരണം, മാണി വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്