ആപ്പ്ജില്ല

എറണാകുളം എംജി റോഡിൽ ഇനി ഹോണടിക്കരുത്!

എംജി റോഡ് ഇന്നു മുതൽ ഹോൺ നിരോധിതമേഖല

Samayam Malayalam 26 Apr 2018, 3:58 pm
കൊച്ചി: എറണാകുളം എംജി റോഡ് ഇനി മുതൽ ഹോൺ നിരോധിതമേഖല. അതായത്, അടിയന്തര സാഹചര്യങ്ങളിലല്ലതാതെ എംജി റോഡിൽ ഇനി ഹോൺ ഉപയോഗിക്കരുത്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എംഡി മുഹമ്മദ് ഹനീഷ് ആണ് പ്രഖ്യാപനം നടത്തിയത്. മാധവ ഫാര്‍മസി ജംഗ്ഷൻ മുതൽ മഹാരാജാസ് മെട്രോ സ്റ്റേഷൻ വരെയുള്ള ദൂരമാണ് നോ ഹോൺ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളത്.
Samayam Malayalam no horn


പ്രഖ്യാപനത്തിനു ശേഷം മുഹമ്മദ് ഹനീഷ് എംജി റോഡിൽ നേരിട്ടിറങ്ങി ഡ്രൈവര്‍മാര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കുകയും ശബ്ദമലിനീകരണം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ വിവരിക്കുന്ന ലഘുലേഖ നല്‍കുകയും ചെയ്തു. നോ ഹോൺ ദിനത്തോടനുബന്ധിച്ചായരുന്നു എം ജി റോഡിനെ ഹോൺ രഹിതമേഖലയായി പ്രഖ്യാപിച്ചത്.

എസ് സി എം എസിലെ വിദ്യാര്‍ഥികള്‍ വാഹനങ്ങലിൽ നോ ഹോൺ സ്റ്റിക്കര്‍ പതിക്കുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തു.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ), നാഷണല്‍ ഇനീഷിയേറ്റിവ് ഫോര്‍ സേഫ് സൗണ്ട് (എന്‍.ഐ.എസ്.എസ്), ഇ.എന്‍.ടി സര്‍ജന്‍മാരുടെ സംഘടനയായ എ.ഒ.ഐ, എസ്.സി.എം.എസ്, മോട്ടോര്‍ വാഹന വകുപ്പ്, കൊച്ചി മെട്രോ, കൊച്ചി സിറ്റി പൊലീസ് എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

നിയമപരമായ പരിരക്ഷയില്ലെങ്കിൽ സ്വാഭാവികമായും നിയമം തെറ്റിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാനാവില്ലെന്നും എന്നാൽ കൃത്യമായ ആഹ്വാനം കൊണ്ടും ബോധവത്കരണം കൊണ്ടും ഇടപെടൽ കൊണ്ടും വലിയൊരളവോളം ശബ്ദമലിനീകരണം കുറയ്ക്കാനാവുമെന്ന് മുഹമ്മദ് ഹനീഷ് പറഞ്ഞു. ആവശ്യത്തിനും അനാവശ്യത്തിനും ഹോണടിച്ചു നീങ്ങുന്ന വാഹനങ്ങള്‍ വാഹനയാത്രക്കാരെയും കാൽനടക്കാരെയും ഒരുപോലെ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷ്ണര്‍ കറുപ്പുസ്വാമി ചടങ്ങിന് അധ്യക്ഷത വഹിച്ചു. എറണാകുളം ആര്‍.ടി.ഒ. റെജി പി. വര്‍ഗീസ്, എറണാകുളം ട്രാഫിക്ക് വെസ്റ്റ് എ.സി.പി. എം.എ. നസീര്‍, ഐ.എം.എ. കൊച്ചിന്‍ പ്രസിഡൻ്റ് ഡോ. വര്‍ഗീസ് ചെറിയാന്‍, എസ്.സി.എം.എസ്. ഗ്രൂപ്പ് ഡയറക്ടര്‍ ഡോ. രാധാ പി. തേവന്നൂര്‍, കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ പ്രസിഡൻ്റ് എം.ബി. സത്യന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്