ആപ്പ്ജില്ല

ശബരിമല സമരം നടത്തുന്നത് വിവേചനങ്ങൾ വേണ്ടവരെന്ന് കെപിഎംഎസ്

പ്രക്ഷോഭം കടുപ്പിക്കാൻ ഹിന്ദുനേതൃസംഗമം

Samayam Malayalam 1 Nov 2018, 8:02 pm
കൊച്ചി: ശബരിമല യുവതീപ്രവേശനത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാൻ എൻഎസ്എസ് ഉള്‍പ്പെടെയുള്ള ഹിന്ദുസംഘടനകള്‍ തീരുമാനമെടുക്കുമ്പോള്‍ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്ന നിലപാടിൽ ഉറച്ച് കെപിഎംഎസ്. ശബരിമലയിലെ യുവതീപ്രവേശനത്തിനെതിരെ സമരം നടത്തുന്നത് സമൂഹത്തിൽ വിവേചനങ്ങള്‍ വേണമെന്ന് ആഗ്രഹിക്കുന്നവരെന്ന് കേരള പുലയ മഹാസഭ ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാര്‍. സംസ്ഥാനത്തെ ഏറ്റവും വലിയ ദളിത് സംഘടനയാണ് കെപിഎംഎസ്.
Samayam Malayalam punnala sukumaran


സുപ്രീം കോടതി വിധി സ്ത്രീയുടെ അന്തസ്സിനെ ഉയര്‍ത്തിപ്പിടിക്കുന്നതാണെന്നാണ് പുന്നല ശ്രീകുമാറിന്‍റെ അഭിപ്രായം. വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു. ശബരിമല വിധി സ്വീകരിക്കാൻ കേരളത്തിന്‍റെ മനസ്സ് പാകമായിട്ടില്ലെന്നും അത് രൂപപ്പെടുത്താനുള്ള ആശയസമരത്തിന് നേതൃത്വം നല്‍കുമെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു.

പുന്നല ശ്രീകുമാർ


അതേസമയം, ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ പ്രക്ഷോഭം കടുപ്പിക്കാൻ എൻഎസ്എസ് ഉള്‍പ്പെടെയുള്ള 80 ഹിന്ദുസംഘടനകള്‍ ചേര്‍ന്ന് നടത്തിയ ഹൈന്ദവ നേതൃസമ്മേളനം തീരുമാനിച്ചു. നവംബര്‍ അഞ്ചിന് നട തുറന്ന് അടയ്ക്കുന്നതുവരെ 200 കേന്ദ്രങ്ങളിൽ അഖണ്ഡനാമജപയജ്ഞം സംഘടിപ്പിക്കാനാണ് യോഗം തീരുമാനിച്ചിട്ടുള്ളത്. ഒരുതരത്തിലുമുള്ള ആചാര ധ്വംസനം അനുവദിക്കില്ലെന്നും എല്ലാ ജില്ലകളിലും പ്രാര്‍ഥനാസഭ നടക്കുമെന്നും സ്വാമി ചിദാനന്ദപുരി പറഞ്ഞു. ആചാരസംരക്ഷണത്തിനായി ഏതറ്റം വരെയും പോകുമെന്ന് പന്തളം മുൻ രാജകുടുംബത്തിലെ അംഗം നാരായണ വര്‍മ്മ വ്യക്തമാക്കി.

എന്നാൽ വിവേചനങ്ങളിലൂടെ മാത്രം നിലനിൽക്കാൻ കഴിയുന്ന ഏജൻസികളാണ് ഈ സമരത്തിന് നേതൃത്വം നല്‍കുന്നതെന്നും നവോത്ഥാന പൈതൃകമുള്ള കേരളം അത് തിരിച്ചറിയണമെന്നുമാണ് പുന്നല ശ്രീകുമാറിന്‍റെ അഭിപ്രായം. സതി നിരോധിച്ചപ്പോഴും ശൈശവ വിവാഹം നിരോധിച്ചപ്പോഴും വഴി നടക്കാനും മാറുമറയ്ക്കാനുമെല്ലാം സമരം നടത്തിയപ്പോള്‍ ഇത്തരത്തിലുള്ള എതിര്‍പ്പുകള്‍ നേരിട്ടിരുന്നുവെന്നും അതിനെയെല്ലാം അതിജീവിച്ചാണ് ഇവിടെ വരെയെത്തിയതെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. സുപ്രീം കോടതി വിധി രാജ്യത്തെ നിയമമാണ്. അത് അംഗീകരിക്കേണ്ട ചുമതല സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന നയത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് പ്രക്ഷോഭം കടുപ്പിക്കാൻ യാഥാസ്ഥികഹൈന്ദവ സംഘടനകളുടെ തീരുമാനം. ആദ്യഘട്ടത്തിലെ പ്രക്ഷോഭത്തിൽ നിന്ന് വ്യത്യസ്തമായി 50 വയസിനു മേൽ പ്രായമുള്ള സ്ത്രീകളെ മുൻനിര്‍ത്തിയായിരിക്കും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുക. നവംബര്‍ അഞ്ചിന് നട തുറന്ന് ആറിന് നട അടയ്ക്കുന്നതുവരെ പ്രതിഷേധപരിപാടികള്‍ തുടരുമെന്നാണ് റിപ്പോര്‍ട്ട്.

ബിജെപിയുടെ നേതൃത്വത്തിൽ നടത്തുന്ന ശബരിമല പ്രക്ഷോഭത്തിൽ എൻഎസ്എസ്, പന്തളം മുൻരാജകുടുംബം, രാഹുൽ ഈശ്വറിൻ്റെ അയ്യപ്പധ‍ര്‍മസേന തുടങ്ങിയവരാണ് മുഖ്യകക്ഷികൾ. സമരത്തോടൊപ്പമില്ലെന്ന് എസ്എൻഡിപി യോഗം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ബിഡിജെഎസ് ഒപ്പമുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്