ആപ്പ്ജില്ല

വിമാനത്താവളങ്ങളിലേയ്ക്ക് സ്‍‍മാര്‍ട് ബസ് ഓടിക്കാൻ കെഎസ്ആര്‍ടിസി

സംസ്ഥാനത്തെ വിമാനത്താവളങ്ങളിലേയ്ക്ക് മുഴുവൻ സമയവും ബസ്

Samayam Malayalam 24 Jun 2018, 3:03 pm
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂരസര്‍വീസുകളിൽ വാടക സ്കാനിയ ബസുകളും നഗരറൂട്ടുകളിൽ പരീക്ഷണ ഓട്ടം നടത്തുന്ന വൈദ്യുതബസും ലാഭമുണ്ടാക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയിൽ പുതിയ പരീക്ഷണവുമായി കെഎസ്ആര്‍ടിസി. സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളിൽ നിന്നും നഗരകേന്ദ്രങ്ങളിലേയ്ക്ക് സ്മാര്‍ട് ബസ് ഓടിക്കാനാണ് കോര്‍പ്പറേഷന്‍റെ പദ്ധതി.
Samayam Malayalam Force-Traveller-Smart-CITIBUS-4


പരീക്ഷണാടിസ്ഥാനത്തിൽ മൂന്ന് ബസുകള്‍ വാടകയ്ക്ക് എടുത്ത് ഓടിക്കാനാണ് കോര്‍പ്പറേഷൻ പദ്ധതിയിടുന്നത്. തിരുവനന്തപുരം, കൊച്ചി, കരിപ്പൂര്‍ വിമാനത്താവളങ്ങളിൽ നിന്നാണ് ബസ് സര്‍വീസ് നടത്തുക. പദ്ധതി ലാഭകരമാണെങ്കിൽ കൂടുതൽ ബസുകള്‍ എത്തിക്കും.

ഫോഴ്‍‍സ് മോട്ടോഴ്സുമായാണ് പരീക്ഷണ ഓട്ടത്തിന് കരാര്‍ ഒപ്പിടുന്നത്. ബസും ഡ്രൈവറും കമ്പനി സൗജന്യമായി നല്‍കും. ബസിന്‍റെ ഇന്ധനത്തിന്‍റെ ചെലവ് കെഎസ്ആര്‍ടിസി വഹിക്കണം. കണ്ടക്ടറും കെഎസ്ആര്‍ടിസിയുടേതായിരിക്കും.

21 സീറ്റുള്ള ഫോഴ്സിന്‍റെ ശീതീകരിച്ച സിറ്റിബസ് ആയിരിക്കും സര്‍വീസ് നടത്തുക. വിമാനങ്ങളുടെ സമയത്തിനനുസരിച്ചായിരിക്കും ബസിന്‍റെ സമയവും. യാത്രക്കാര്‍ വിമാനത്താവളത്തിൽ നിന്ന് പുറത്തേയ്ക്ക് വരുന്നതിന്‍റെ തൊട്ടടുത്ത് കെഎസ്ആര്‍ടിസിയുടെ സ്മാര്‍ട് ബസുണ്ടാകും. രാത്രിയും ബസുണ്ടാകും. ജിപിഎസ്, പാസഞ്ചര്‍ ഇൻഫര്‍മേഷൻ സിസ്റ്റം, നിരീക്ഷണ ക്യാമറകള്‍ തുടങ്ങിയ സംവിധാനങ്ങളുള്ളതാണ് ബസ്.

നിലവിൽ നഗരകേന്ദ്രങ്ങളിൽ നിന്ന് വിമാനത്താവളങ്ങളിലേയ്ക്കും തിരിച്ചും യാത്രക്കാര്‍ ടാക്സി വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡുകളിലും എത്തുന്ന യാത്രക്കാര്‍ക്ക് വിമാനത്താവളത്തിലെത്താൻ സര്‍വീസ് പ്രയോജനപ്പെടും. പുതിയമേഖലകൾ കണ്ടെത്തുന്നതിന്‍റെ ഭാഗമായിട്ടാണ് ഇത്തരം പരീക്ഷണങ്ങളെന്ന് കെ.എസ്.ആർ.ടി.സി. മേധാവി ടോമിൻ ജെ.തച്ചങ്കരി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്