ആപ്പ്ജില്ല

ആലുവ കൂട്ടക്കൊല: പ്രതി ആൻ്റണിയ്ക്ക് തൂക്കുകയറില്ല, ജീവപര്യന്തം

ആലുവ നഗരമധ്യത്തിൽ കുടുംബത്തെ വെട്ടിക്കൊലപ്പെടുത്തിയ കേസ്

Samayam Malayalam 12 Dec 2018, 12:39 pm
ന്യൂഡൽഹി: ആലുവ കൂട്ടക്കൊലക്കേസ് പ്രതി ആന്‍റണിയ്ക്ക് വധശിക്ഷയില്ല. ആന്‍റണിയുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമാക്കി കുറച്ചു. ജസ്റ്റിസ് മദൻ ബി ലോകൂര്‍ അധ്യക്ഷനായ ബെഞ്ചിന്‍റേതാണാണ് വിധി.
Samayam Malayalam Antony-aluva-murder-case.jpg.image.784.410


വധശിക്ഷയ്ക്കെതിരെ ആന്‍റണി നല്‍കിയ പുനഃപരിശോധനാഹര്‍ജിയെത്തുടര്‍ന്ന് കോടതി ശിക്ഷ സ്റ്റേ ചെയ്തിരുന്നു. 2010ൽ വധശിക്ഷയ്ക്കെതിരെ ആന്‍റണി രാഷ്ട്രപതിയ്ക്ക് നല്‍കിയ ദയാഹര്‍ജി 2015 ഏപ്രിൽ 27ന് തള്ളിയിരുന്നു.

2001 ജനുവരി ആറിന് ആലുവ നഗരമധ്യത്തിൽ സെന്‍റ് മേരീസ് ഹൈസ്കൂളിന് സമീപം മാഞ്ഞൂരാൻ വീട്ടിൽ അഗസ്റ്റിൻ (48), ഭാര്യ മേരി (42), മക്കളായ ദിവ്യ (14), ജെസ്‍‍മോൻ (12), അഗസ്റ്റിന്‍റെ മാതാവ് ക്ലാര (78), സഹോദരി കൊച്ചുറാണി (38) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയെന്നതാണ് കേസ്. 2005 ഫെബ്രുവരി രണ്ടിനാണ് കോടതി ആന്‍റണിയ്ക്ക് വധശിക്ഷ വിധിച്ചത്. ഇതിനെതിരെ ആന്‍റണി നല്‍കിയ ഹര്‍ജിയിൽ 2006 നവംബര്‍ 13ന് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യുകയും 2009ൽ സുപ്രീം കോടതി വധശിക്ഷ ശരിവെക്കുകയും ചെയ്തിരുന്നു.

റെയിൽവേ സ്റ്റേഷൻ റോഡിൽ മാഞ്ഞൂരാൻ ഹാര്‍ഡ്‍‍വെയേഴ്സ് ഉടമയായിരുന്ന അഗസ്റ്റിനെ അകന്ന ബന്ധുവും കുടുംബസുഹൃത്തുമായിരുന്ന ആന്‍റണി വിദേശത്തു പോകാൻ പണം നല്‍കാതിരുന്നതിലുള്ള വിരോധം മൂലം കൊലപ്പെടുത്തുകയായിരുന്നു. രാത്രി സെക്കൻഡ് ഷോ കഴിഞ്ഞെത്തിയ കുടുംബാംഗങ്ങളെ വീട്ടിൽ ഒളിച്ചിരുന്ന ആന്‍റണി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയത്.

ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിര്‍ദേശപ്രകാരം സിബിഐയും അന്വേഷിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്