ആപ്പ്ജില്ല

എൽപി സ്കൂളിലെ കുട്ടികൾക്ക് സൗജന്യ കൈത്തറി യൂണിഫോം ലഭിക്കും: മുഖ്യമന്ത്രി

അടുത്ത വര്‍ഷം ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കും കൈത്തറി യൂണിഫോം ലഭ്യമാക്കിത്തുടങ്ങും

TNN 23 May 2017, 9:41 am
തിരുവനന്തപുരം: സംസ്ഥാനത്തെ എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള സൗജന്യ കൈത്തറി സ്‌കൂള്‍ യൂണിഫോം പദ്ധതിയുടെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. രണ്ടര ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം കിട്ടും. വിദ്യാര്‍ഥികള്‍ക്ക് രണ്ടുജോടി യൂണിഫോമാണ് ഇത്തവണ നൽകുക. അടുത്ത വര്‍ഷം ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കും കൈത്തറി യൂണിഫോം ലഭ്യമാക്കിത്തുടങ്ങും. തന്‍റെ ഫേസ്ബുക്കില്‍ കുറിച്ച കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
Samayam Malayalam lp school students will get handloom uniforms for free of cost pinarayi vijayan
എൽപി സ്കൂളിലെ കുട്ടികൾക്ക് സൗജന്യ കൈത്തറി യൂണിഫോം ലഭിക്കും: മുഖ്യമന്ത്രി


മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം

സംസ്ഥാനത്തെ എല്‍പി സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടുജോടി യൂണിഫോം ആണ് ഇത്തവണ വിതരണം ചെയ്യുക. രണ്ടര ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതിന്‍റെ നേരിട്ടുള്ള പ്രയോജനം ലഭിക്കുക. അടുത്ത വര്‍ഷം ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളിലെ ഇരുപത്തിയഞ്ച് ലക്ഷത്തോളം വരുന്ന വിദ്യാര്‍ത്ഥികള്‍ക്കും കൈത്തറി യൂണിഫോം ലഭ്യമാക്കിത്തുടങ്ങും.

പൊതുവിദ്യാഭ്യാസമേഖലയെ സംരക്ഷിച്ചു നിര്‍ത്തിക്കൊണ്ട് നവലിബറല്‍ നയങ്ങള്‍ക്ക് ഒരു ബദല്‍ സൃഷ്ടിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കമ്പോളത്തില്‍ വില്പനക്ക് വെച്ചിരിക്കുന്ന ഒരു കച്ചവടച്ചരക്കല്ല വിദ്യാഭ്യാസം. അത് സംസ്കാരത്തിന്‍റെ രൂപപ്പെടുത്തിയെടുക്കലാണ് എന്നതാണ് സര്‍ക്കാരിന്‍റെ കാഴ്ചപ്പാട്. അതുകൊണ്ടുതന്നെ, സംസ്ഥാനത്തെ എണ്‍പത് ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പഠനത്തിനായി ആശ്രയിക്കുന്ന പൊതുവിദ്യാഭ്യാസമേഖലയെ ആധുനികവല്‍ക്കരിക്കേണ്ടതും സംരക്ഷിച്ചു നിര്‍ത്തേണ്ടതും ആവശ്യമാണ്. സംസ്ഥാനത്ത് നടപ്പിലാക്കിയ പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം ഈ ഉദ്ദേശം മുന്നില്‍ കണ്ടുകൊണ്ടുള്ളതാണ്. ഒരു നിയോജകമണ്ഡലത്തില്‍ കുറഞ്ഞത് ഒരു സ്കൂളെങ്കിലും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താമെന്നാണ് കരുതുന്നത്. സംസ്ഥാനത്തെ നാലായിരത്തോളം ക്ലാസുമുറികള്‍ ഇതിന്‍റെ ഭാഗമായി ഹൈടെക് ആകും.

സംസ്ഥാനത്തെ ഒന്നു മുതല്‍ പത്തു വരെ ക്ലാസുകളിലെ എല്ലാ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതിയും പ്രാബല്യത്തില്‍ വരികയാണ്. മുപ്പത്തിരണ്ടുലക്ഷം വരുന്ന സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. രക്ഷിതാക്കള്‍ മരണപ്പെട്ടാല്‍ കുട്ടിക്ക് സ്ഥിരനിക്ഷേപമായി അമ്പതിനായിരം രൂപാ നല്‍കുന്ന പദ്ധതിയും ആവിഷ്കരിച്ചു നടപ്പിലാക്കിവരികയാണ്. എല്ലാതരം സ്കൂളുകളിലും മികച്ച അധ്യാപകരുണ്ടാവണം. അവര്‍ക്ക് തൊഴില്‍ സുരക്ഷിതത്വവും വേണം. അത് മുന്‍നിര്‍ത്തിയാണ് അധ്യാപകബാങ്ക് സര്‍ക്കാര്‍ നിയമവിധേയമാക്കിയത്. അധ്യാപകനിയമനത്തിനും പുനര്‍വിന്യാസത്തിനും ഇതിനകം തന്നെ നടപടികള്‍ സ്വീകരിച്ചു. അടിസ്ഥാന സൗകര്യങ്ങളില്ലെന്ന പേരില്‍ നമ്മുടെ പൊതുവിദ്യാലയങ്ങളിലെ ഒരു കുട്ടിയും പഠനത്തില്‍ പിന്നാക്കം പോകരുതെന്ന കാര്യത്തില്‍ സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്.

ഇങ്ങനെ ഒരുപാട് നേട്ടങ്ങളുടെയും മാറ്റങ്ങളുടെയും ഘട്ടത്തിലാണ് നമ്മുടെ പൊതുവിദ്യാഭ്യാസരംഗം. അതിന്‍റെ ഭാഗമായാണ് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും യൂണിഫോം നല്‍കുന്ന പദ്ധതിക്ക് തുടക്കമിടുന്നത്. പുതിയ പദ്ധതിയിലൂടെ അധ്യാപകരും രക്ഷിതാക്കളും അക്കാദമിക്‍ പ്രവര്‍ത്തകരും തൊഴിലാളികളും ഒത്തുചേരുന്ന ഒരു കൂട്ടായ്മയായി പൊതുവിദ്യാഭ്യാസരംഗം മാറുകയാണ്. ആ കൂട്ടായ്മയില്‍ തുണിയില്‍ ഊടുംപാവും നെയ്യുന്ന നെയ്ത്തുതൊഴിലാളികള്‍ ഇപ്പോള്‍ കുട്ടികള്‍ക്കായി യൂണിഫോം നെയ്യുക വഴി പരോക്ഷമായെങ്കിലും വിദ്യാഭ്യാസപ്രവര്‍ത്തനത്തില്‍ പങ്കാളികളാവുകയാണ്.

യൂണിഫോം ഉണ്ടാക്കിയെടുക്കാനുള്ള കാലതാമസം കൊണ്ടാണ് ഇത്തവണ അത് ഒന്നു മുതല്‍ അഞ്ചുവരെ ക്ലാസുകളിലെ കുട്ടികള്‍ക്കായി പരിമിതപ്പെടുത്തിയത്. അതുകൊണ്ടുതന്നെ അടുത്ത വര്‍ഷത്തേക്കുള്ള യൂണിഫോം, തൊഴിലാളികള്‍ ഇപ്പോള്‍ മുതല്‍ നിര്‍മിച്ച് തുടങ്ങിയിട്ടുണ്ട്. എല്ലാ നെയ്ത്തുതൊഴിലാളികള്‍ക്കും വര്‍ഷത്തില്‍ ഇരുന്നൂറ് ദിവസം തൊഴില്‍ ഉറപ്പാക്കുമെന്നായിരുന്നു ഇടതുമുന്നണി പ്രകടനപത്രികയില്‍ പറഞ്ഞിരുന്നത്. ഒന്നാം വാര്‍ഷികവേളയില്‍ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഇതൊരു വാഗ്ദാനം നിറവേറ്റല്‍ കൂടിയാണ്. വരുന്ന വര്‍ഷത്തില്‍ എല്ലാ ദിവസവും തൊഴില്‍ദിനങ്ങള്‍ ലഭ്യമാകുന്ന നിലയിലേക്ക് ഈ പരമ്പരാഗതതൊഴില്‍മേഖല ഉയരും.

ഹാന്‍റ്റെക്സിന്‍റെയും ഹാന്‍വീവിന്റെയും നേതൃത്വത്തില്‍ മൂവായിരത്തോളം വരുന്ന പരമ്പരാഗത കൈത്തറി തൊഴിലാളികളുടെ നാലരമാസക്കാലത്തെ ശ്രമഫലമായാണ് ഇത് സാധ്യമായിരിക്കുന്നത്. രാവും പകലും ഒരൊറ്റ ലക്ഷ്യത്തിനുവേണ്ടി അധ്വാനിച്ച തൊഴിലാളികളുടെ പ്രയത്നത്തെ അഭിനന്ദാര്‍ഹമാണ്. സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയേ നവകേരള നിര്‍മിതി സാധ്യമാവുകയുള്ളൂ. അതിനായി ഭാവിയിലും എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.





LP School Students will get handloom uniforms for free of cost: Pinarayi Vijayan

Kerala CM Pinarayi Vijayan informed that LP school students will get two set of handloom uniform for free of cost

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്