ആപ്പ്ജില്ല

അഭിമാനമാണ് നിദ! ഷെഹ്‍‍ലയ്ക്കായി ശബ്ദമുയർത്തിയ നിദ ഫാത്തിമയ്ക്ക് യങ് ഇന്ത്യ പുരസ്കാരം

നിദ ഫാത്തിമയുടെ വാക്കുകളിലൂടെയായിരുന്നു ഷെഹ്‍‍ല ഷെറിന്‍റെ മരണത്തിന് കാരണമായത് അധ്യാപകരുടെ അനാസ്ഥയാണെന്ന വിവരം പുറത്തറിഞ്ഞത്. ഇതിനു പിന്നാലെയാണ് നിദ ഫാത്തിമയെ തേടി യങ് ഇന്ത്യ അവാര്‍ഡ് എത്തുന്നത്.

Samayam Malayalam 24 Nov 2019, 12:00 pm
കൊച്ചി: ബത്തേരി സര്‍വജന സ്കൂളിൽ വിദ്യാര്‍ഥിനിയായ ഷെഹ്‍‍ല ഷെറിന്‍റെ മരണത്തിന് ശേഷം സ്കൂളിലെ ശോചനീയാവസ്ഥയെക്കുറിച്ചും അധ്യാപകരുടെ അനാസ്ഥയെക്കുറിച്ചും മാധ്യമങ്ങള്‍ക്ക് മുന്നിൽ സംസാരിച്ച നിദ ഫാത്തിമയ്ക്ക് യങ് ഇന്ത്യ പുരസ്കാരം. മഹാത്മാ ഗാന്ധി നാഷണൽ ഫൗണ്ടേഷൻ ആണ് നിദ ഫാത്തിമയ്ക്ക് യങ് ഇന്ത്യ പുരസ്കാരം സമ്മാനിക്കുന്നത്. ഡിസംബറിൽ നടക്കുന്ന ചടങ്ങിൽ നിദ ഫാത്തിമയ്ക്ക് പ്രശസ്തിപത്രവും ശിൽപ്പവും പൊന്നാടയും അടങ്ങുന്ന പ്രശസ്തിപത്രം സമ്മാനിക്കുമെന്ന് മഹാത്മാ ഗാന്ധി ഫൗണ്ടേഷൻ ചെയ്ര്‍മാൻ എബി ജെ ജോസ് അറിയിച്ചു.
Samayam Malayalam നിദ ഫാത്തിമ


അതേസമയം, ഷെഹ്‍‍ലയുടെ മരണത്തിന് പിന്നാലെ സ്കൂള്‍ അധികൃതര്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ ചിലരെ നാട്ടുകാര്‍ ഭീഷണിപ്പെടുത്തുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. മാധ്യമങ്ങളോട് സംസാരിച്ചവര്‍ക്കാണ് ഭീഷണിയെന്ന് ഷെഹ്‍‍ലയുടെ സുഹൃത്ത് വിസ്മയയുടെ അച്ഛനെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ ഭീഷണിയുടെ പിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ല.

Also Read: 'ഞാനിങ്ങനെയൊക്കെ പറഞ്ഞതോണ്ട്‌ പേട്യാവ്‌ണുണ്ട്‌' ഷെഹ്‍ലയ്ക്കായി ശബ്ദമുയർത്തിയ നിദയുടെ ആശങ്ക പങ്കുവെച്ച് ഷിംന അസീസ്

ഷെഹ്‍‍ലയുടെ മരണം വിവാദമായതിനു പിന്നാലെ സ്കൂളിലെത്തിയ മാധ്യമങ്ങളോട് അധ്യാപകരുടെ അനാസ്ഥ തുറന്നു പറഞ്ഞത് നിദ ഫാത്തിമയായിരുന്നു. ഈ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. സുഹൃത്തിനു സംഭവിച്ച അപകടത്തിൽ മൗനം പാലിക്കാതെ പ്രതികരിച്ച നിദയെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തി. വയനാട് രാത്രിയാത്രാനിരോധനത്തിനെതിരെയുള്ള സമരത്തിൽ നിദ സജീവമായി പങ്കെടുത്തിരുന്നുവെന്ന വിവരവും ഇതിനു പിന്നാലെ പുറത്തെത്തി. ഇതിന്‍റെ ചിത്രവും ഫേസ്ബുക്കിൽ വൈറലായി.

നിദ ഫാത്തിമയുടെ വാക്കുകളിലൂടെയായിരുന്നു ബത്തേരി സര്‍വജന സ്കൂളിലുണ്ടായ അപകടത്തിന്‍റെ ഗൗരവം കേരളം അറിഞ്ഞത്. കുട്ടിയ്ക്ക് പാമ്പുകടിയേറ്റെന്ന വിവരം സഹപാഠികള്‍ അറിയിച്ചിട്ടും അധ്യാപക‍‍ര്‍ നിരുത്തരവാദപരമായാണ് വിഷയം കൈകാര്യം ചെയ്തതെന്ന ആരോപണവും ഇതോടെ ശക്തമായി. ഇതിനു പിന്നാലെ കുറ്റകരമായ വീഴ്ച വരുത്തിയെന്ന ആരോപണം നേരിട്ട അധ്യാപകൻ ഷിജിൽ, സ്കൂള്‍ പ്രിൻസിപ്പാള്‍, ഹെഡ്മാസ്റ്റ‍ര്‍ എന്നിവരെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്യുകയായിരുന്നു.

Also Read: ഇത് വിധിയല്ല,ഉത്തരവാദിത്തപ്പെട്ടവരുടെ അനാസ്ഥ: അധ്യാപകർ ആദരണീയർ എന്നതൊക്കെ പഴങ്കഥ: അഭിഭാഷകയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്