സംവിധായകന് മേജര്‍ രവി തെറ്റിദ്ധരിപ്പിച്ച നടനാണ് മോഹന്‍ലാലെന്ന് എഴുത്തുകാരന് ബെന്യാമിന്. പട്ടാളത്തെ ആദരിക്കുന്നതിനൊപ്പം സേനയുടെ അധികാരത്തിന് പരിധി നിശ്ചയിക്കുകയും വേണം. ജനാധിപത്യത്തിന് മേല്‍ പട്ടാളം ആധിപത്യം സ്ഥാപിച്ച രാഷ്ട്രങ്ങളില്‍ ഭീകരമായ അവസ്ഥയാണ് ഉണ്ടായിട്ടുള്ളതെന്നും ബെന്യാമിന് പറഞ്ഞു. രാജ്യസ്നേഹവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മോഹന്‍ലാല്‍ ബ്ലോഗിലൂടെ നടത്തിയ പ്രതികരണത്തിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു ബെന്യാമിന്.
രവിവര്‍മ തമ്പുരാന്റെ ശയ്യാനുകമ്പ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിന് ശേഷം മാധ്യമങ്ങളോടാണ് ബെന്യാമിന് തന്റെ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയിലെ ഭൂരിപക്ഷ സമുദായത്തെ വര്‍ഗീയമായി ധ്രുവീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇത് അഴിമതിയേക്കാള്‍ വലിയ ആപത്താണ്. ഭൂരിപക്ഷ വര്‍ഗീയതയ്ക്കൊപ്പം ന്യൂനപക്ഷ വര്‍ഗീയതയെയും എതിര്‍ക്കണമെന്നും ഭിന്നിപ്പുണ്ടക്കുന്ന ശക്തികളെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുരസ്കാരങ്ങള്‍ തിരികെ നല്‍കിക്കൊണ്ടുള്ള എഴുത്തുകാരുടെ പ്രതിഷേധം ചില പ്രശ്നങ്ങള്‍ ജനശ്രദ്ധയില്‍ കൊണ്ടുവരാന്‍ സഹായകമായി. രോഹിത് വെമുലയുടെ ആത്മഹത്യയും പെരുമാള്‍ മുരുകന്റെ എഴുത്തു നിര്‍ത്തിക്കൊണ്ടുള്ള തീരുമാനവും ഇത്തരത്തിലുള്ള പ്രതികരണമായിരുന്നു. എഴുത്തുകാരുടെ പ്രതിഷേധം പുരസ്കാരം തിരിച്ചു നല്കുന്നതില് മാത്രം അവസാനിപ്പിക്കരുതെന്നും സമരങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.