ആപ്പ്ജില്ല

മനുഷ്യനിർമിത പ്രളയമാണുണ്ടായതെന്ന് മാധവ് ഗാഡ്‌ഗിൽ

നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന പാറമടകൾ നിയമവിധേയമാക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങളെയും ഗാഡ്‌ഗിൽ വിമർശിച്ചു.

Samayam Malayalam 22 Aug 2018, 5:32 pm
തിരുവനന്തപുരം: ഡാം മാനേജ്‍മെന്‍റിലെ പാളിച്ച കേരളത്തിലെ പ്രളയത്തിന് കാരണമായെന്ന് പരിസ്ഥിതി ശാസ്ത്രഞ്ജന്‍ മാധവ് ഗാഡ്‌ഗിൽ. പശ്ചിമഘട്ടത്തിൽ ദീർഘകാലമായി നടക്കുന്ന ഖനനവും ഡാമുകൾ ഒന്നിച്ച് തുറന്നതിലെ അശാസ്ത്രീയതയും ദുരന്തത്തിന്റെ ആഘാതം വർധിപ്പിച്ചു. മണ്ണിടിച്ചിലും പശ്ചിമഘട്ടത്തിലെ അനധികൃത ക്വാറികളും ദുരന്തത്തിന്റെ ആഘാതം കൂട്ടിയെന്നും ഗാഡ്‌ഗിൽ പറയുന്നു. കേരളത്തിൽ ഇപ്പോൾ സംഭവിച്ചത് മനുഷ്യനിർമിത ദുരന്തമാണെന്നും മാധവ് ഗാഡ്‌ഗിൽ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
Samayam Malayalam madhav gadgil


ഡാമുകളുടെ ജലനിരപ്പ് നിയന്ത്രിക്കുന്നതിലും അപ്രതീക്ഷിതമായി ഡാമുകൾ തുറന്നതിലും അധികാരികൾക്ക് വീഴ്‌ച പറ്റിയെന്നും ഗാഡ്‌ഗിൽ കുറ്റപ്പെടുത്തി. ഈ കാരണങ്ങളെല്ലാം മിക്ക പ്രദേശങ്ങളെയും വെള്ളത്തിനടിയിലാകുന്നതിന് കാരണമായി. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന പാറമടകൾ നിയമവിധേയമാക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങളെയും ഗാഡ്‌ഗിൽ വിമർശിച്ചു. ഇവ നിയമവിധേയമാക്കി പ്രവർത്തനാനുമതി നൽകിയാൽ വീണ്ടും പ്രകൃതി ദുരന്തമുണ്ടാകും.

50 വർഷങ്ങൾ പഴക്കമുള്ള ഡാമുകൾ ഡീക്കമ്മീഷൻ ചെയ്യണമെന്ന് താൻ നൽകിയ റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. എന്നാൽ അതൊന്നും ഇത് വരെ നടപ്പായില്ല. പ്രളയത്തിൽ തകർന്ന പ്രദേശങ്ങൾ ഇനി പുനർനിർമിക്കുമ്പോൾ പ്രകൃതിസൗഹാർദപരമായും ശാസ്ത്രീയമായും മാത്രമേ ചെയ്യാൻ പാടുള്ളൂവെന്നും ഗാഡ്‌ഗിൽ മുന്നറിയിപ്പ് നൽകുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്