ആപ്പ്ജില്ല

വെഞ്ഞാറമൂട്: 'പ്രതികൾ വിളിച്ചത് അടൂർ പ്രകാശിനെ'; ഗുരുതര ആരോപണവുമായി ഇ പി ജയരാജൻ

കൊലപാതകം നടത്തിയ ശേഷം പ്രതികള്‍ ബന്ധപ്പെട്ടത് അടൂര്‍ പ്രകാശിനെയാണെന്നും പ്രതികള്‍ക്ക് കോൺഗ്രസിൻ്റെ ഉന്നത നേതാക്കളുമായി ബന്ധമുണ്ടെന്നും ഇ പി ജയരാജയൻ ആരോപിച്ചു.

Samayam Malayalam 1 Sept 2020, 2:03 pm
വെഞ്ഞാറമൂട്: തിരുവനനന്തപുരത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മന്ത്രി ഇ പി ജയരാജൻ. കൊല നടത്തിയ ശേഷം കൊലയാളികള്‍ വിവരം അറിയിക്കുന്നത് അടൂര്‍ പ്രകാശ് എംപിയെയാണെന്നും ചില മാധ്യമങ്ങള്‍ ഇക്കാര്യം പുറത്തു കൊണ്ടുവന്നിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ് എല്ലാ ജില്ലയിലും "കൊലപാതക സംഘങ്ങളെ" ഉണ്ടാക്കിയിട്ടുണ്ടെന്നും ഇ പി ജയരാജൻ പറഞ്ഞു.
Samayam Malayalam ഗുരുതര ആരോപണവുമായി ഇ പി ജയരാജൻ
ഗുരുതര ആരോപണവുമായി ഇ പി ജയരാജൻ


വെഞ്ഞാറമൂട്ടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാല് കോൺഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് മന്ത്രിയുടെ ആരോപണം. നടന്നത് രാഷ്ട്രീയ കൊലപാതകമാണെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. അറസ്റ്റിലായ എല്ലാവരും കോൺഗ്രസുകാരാണെന്നും കോൺഗ്രസിൻ്റെ ഉന്നത നേതാക്കളുമായി ബന്ധമുള്ളവരാണെന്നും മന്ത്രി പറഞ്ഞു. "ലക്ഷ്യം നിര്‍വഹിച്ചുവെന്നാണ് അവര്‍ അടൂര്‍ പ്രകാശിന് കൊടുത്ത സന്ദേശം. ഇതാണോ കോൺഗ്രസ് കൈകാര്യം ചെയ്യാൻ ഉദ്ദേശിക്കുന്നത്." മന്ത്രി ചോദിച്ചു. ഇതിനു പിന്നിൽ ശക്തമായ ഗൂഢാലോചനയുണ്ടെന്നും ഇ പി ജയരാജൻ പറഞ്ഞു.

Also Read: ജോസ് പക്ഷം എന്ന പേര് അവസാനിച്ചിരിക്കുന്നു; ഇനി കേരള കോൺഗ്രസ് എം എന്ന് മാത്രമെന്ന് ജോസ് കെ മാണി

"വലിയ ആസൂത്രണം നടക്കുകയാണ്. അങ്ങനെയുള്ള പാര്‍ട്ടിയാണ് കോൺഗ്രസ്." മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു. ഷജിത്ത്, നജീബ്, അജിത്ത്, സതി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. "ക്രിനിലുകള്‍. പക്കാ ക്രിമിനലുകളെ സംഘടിപ്പിക്കുകയെന്നത് പണ്ട് കോൺഗ്രസ് ശീലിച്ചതാണ്. തിരുവോണനാളിൽ ചോരപ്പൂക്കളം സൃഷ്ടിക്കുക. അക്രമികളെ സംരക്ഷിക്കുക. ഈ നിലപാട് സമാധാനം ഉണ്ടാക്കില്ല. ജനങ്ങള്‍ പ്രതികരിക്കണം." ഇ പി ജയരാജൻ പറഞ്ഞു. ജനസേവനം മാത്രം നടത്തി എല്ലാവരെയും സഹായിക്കുന്ന രണ്ട് ചെറുപ്പക്കാരെയാണ് വെട്ടിക്കൊന്നതെന്നും നാട് ക്ഷോഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Also Read: വെഞ്ഞാറമ്മൂട് ഇരട്ടക്കൊല: മരണകാരണം നെഞ്ചിലേറ്റ ആഴത്തിലുള്ള കുത്ത്, ഒരു സ്ത്രീ കസ്റ്റഡിയിൽ

അതേസമയം, ഇ പി ജയരാജന് മറുപടിയുമായി അടൂര്‍ പ്രകാശും രംഗത്തെത്തി. തനിക്കെതിരെ ആരോപണം ഉന്നയിച്ച മന്ത്രിയ്ക്ക് അത് തെളിയിക്കാനുള്ള ബാധ്യതയുണ്ടെന്നായിരുന്നു അടൂര്‍ പ്രകാശിൻ്റെ മറുപടി. കോൺഗ്രസുകാര്‍ കൊലപാതകത്തിന് കൂട്ടുനിൽക്കുന്ന ആളുകളല്ലെന്നും അത്തരത്തിലൊരു പാരമ്പര്യം കോൺഗ്രസിനില്ലെന്നും അടൂര‍് പ്രകാശ് പറഞ്ഞു. തനിക്ക് പ്രതികളെ ആരെയും അറിയില്ല, "ഒരു സിഐടിയുക്കാരൻ പ്രതിയായി ഉണ്ട്, അദ്ദേഹത്തെ രക്ഷിക്കാനായിരിക്കും" ഇ പി ജയരാജൻ ആരോപണം ഉന്നയിച്ചതെന്നും അടൂര്‍ പ്രകാശ് ആരോപിച്ചു. തനിക്കെതിരെ ആരോപണം ഉന്നയിച്ചാൽ അതിൽ അന്വേഷണം നടത്തി തെളിയിക്കാനുള്ള ബാധ്യത മന്ത്രി ഇ പി ജയരാജനുണ്ടെന്നും "കാടടച്ചു വെടിവെച്ച്" അതിൽ നിന്ന് കിട്ടുന്ന നേട്ടം സ്വന്തമാക്കാൻ ഇ പി ജയരാജനെപ്പോലൊരു മുതിര്‍ന്ന നേതാവ് ശ്രമിക്കരുതെന്നും അടൂര്‍ പ്രകാശ് ട്വൻ്റി ഫോര്‍ ന്യൂസിനോട് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്