ആപ്പ്ജില്ല

ഇരുമുടിക്കെട്ട് നിലത്തിട്ടത് സുരേന്ദ്രൻ തന്നെ; വീഡിയോ പുറത്തുവിട്ട് കടകംപള്ളി

സുരേന്ദ്രന് ആവശ്യമായ സൗകര്യമൊരുക്കിയെന്ന് മന്ത്രി

Samayam Malayalam 18 Nov 2018, 4:09 pm
തിരുവനന്തപുരം: നിലയ്ക്കലിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്ത ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കെ സുരേന്ദ്രൻ്റെ ഇരുമുടിക്കെട്ട് പോലീസ് നിലത്തിട്ടെന്ന ആരോപണം തെറ്റാണെന്നും ഇരുമുടിക്കെട്ട് സുരേന്ദ്രൻ തന്നെ നിലത്തിടുകയായിരുന്നുവെന്നും കടകംപള്ളി ഫേസ്ബുക്കിൽ കുറിച്ചു. തന്‍റെ വാദം തെളിയിക്കാനായി പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും കടകംപള്ളി പുറത്തുവിട്ടു.
Samayam Malayalam chittar station



കെ സുരേന്ദ്രന് പോലീസ് സ്റ്റേഷനിൽ എല്ലാ സൗകര്യവുമൊരുക്കിയിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. കിടക്കാൻ സിഐയുടെ ബെഞ്ചിൽ സ്ഥലമൊരുക്കുകയും കുടിക്കാൻ ചൂടുവെള്ളം നൽകുകയും ചെയ്തെന്ന് മന്ത്രി പറഞ്ഞു. ഭക്ഷണം നല്‍കുകയും മരുന്ന് കഴിക്കാനുള്ള സൗകര്യമൊരുക്കുകയും ചെയ്തെന്നും മന്ത്രി പറ‌ഞ്ഞു.


സുരേന്ദ്രൻ ചെയ്തതൊന്നും വിശ്വാസത്തിന്‍റെ പേരിലല്ലെന്നും മാധ്യമങ്ങളോട് സുരേന്ദ്രൻ പറഞ്ഞതെല്ലാം കള്ളമാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയിൽ പ്രവേശിക്കാനായി വ്രതം 15 ദിവസമായി ചുരുക്കണമെന്ന് ആവശ്യപ്പെടുകയും രഹ്ന ഫാത്തിമയെ ടാഗ് ചെയ്ത് ഫേസ്ബുക്ക് പോസ്റ്റിടുകയും ചെയ്ത സുരേന്ദ്രൻ തന്നെയാണിതെന്നും മന്ത്രി ഓര്‍മപ്പെടുത്തി.

മന്ത്രിയുടെ ഫെയ്സ്ബുക് പോസ്റ്റിൻ്റെ പൂർണരൂപം

ഇരുമുടിക്കെട്ട് രാഷ്ട്രീയ ആയുധമാക്കരുത്. പരിപാവനമായി എല്ലാവരും കാണുന്ന ഒന്നാണത്. കെ.സുരേന്ദ്രൻ തന്‍റെ ചുമലിൽ ഇരുന്ന ഇരുമുടിക്കെട്ട് ബോധപൂർവ്വം 2 തവണ താഴെയിടുന്നതു ചിറ്റാർ പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽ വളരെ വ്യക്തമാണ്. സുരേന്ദ്രന്‍റെ ദുഷ്ടലാക്ക് തിരിച്ചറിഞ്ഞ എസ്പി രണ്ടു തവണയും ഇതു തിരിച്ചെടുത്തു ചുമലിൽ വച്ചു കൊടുക്കുന്നുമുണ്ട്. പുറത്തു തന്നെ കാത്തു നിൽക്കുന്ന മാധ്യമങ്ങൾക്കും ബിജെപി പ്രവർത്തകർക്കും മുന്നിൽ ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞു തന്നെ പോലീസ് മർദ്ദിച്ചു എന്നു കാണിക്കാൻ സ്വന്തം ഷർട്ട് വലിച്ചു കീറുകയും ചെയ്തു.

കെ.സുരേന്ദ്രൻ ഇരുമുടിക്കെട്ടുമായി ശബരിമലയിൽ വന്നത് സ്വാമി അയ്യപ്പനെ ദർശിക്കണമെന്ന ലക്ഷ്യത്തോടെയല്ല എന്നു സാമാന്യബോധമുള്ള ആർക്കും മനസ്സിലാക്കാവുന്നതാണ്. ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ കയറ്റണമെന്നും അതിനായി വൃതം 15 ദിവസമാക്കണമെന്നും രഹ്ന ഫാത്തിമയെ ടാഗ് ചെയ്തു ഫെയ്സ്‌ബുക് പോസ്റ്റിട്ട അതേ സുരേന്ദ്രൻ തന്നെയാണല്ലോ ഇപ്പോൾ ശബരിമലയെ കലാപകേന്ദ്രമാക്കാൻ തുണിഞ്ഞിറങ്ങിയിരിക്കുന്നതും. വേഷംകെട്ടലുകളുമായി ഇത്തരക്കാർ ശബരിമലയിൽ വരുന്നതാണ് വിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്