ആപ്പ്ജില്ല

87 ലക്ഷം കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങളുടെ കിറ്റ്, 15 കിലോ സൗജന്യ റേഷന്‍ ഏപ്രില്‍ 1 മുതല്‍

1600 ഔട്ട്‌ലെറ്റുകള്‍ വഴിയാകും കിറ്റ് വിതരണം ചെയ്യുക. സംസ്ഥാനത്ത് മൂന്ന് മാസത്തേയ്ക്ക് വേണ്ടുന്ന ധാന്യം സംഭരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി ഭക്ഷ്യമന്ത്രി.

Samayam Malayalam 30 Mar 2020, 1:29 pm
തിരുവനന്തപുരം: കേരളത്തില്‍ 87 ലക്ഷം കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങളുടെ കിറ്റ് വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍. 1600 ഔട്ട്‌ലെറ്റുകള്‍ വഴിയാകും കിറ്റ് വിതരണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് മൂന്ന് മാസത്തേയ്ക്ക് വേണ്ടുന്ന ധാന്യം സംഭരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
Samayam Malayalam Thilothaman


ഏപ്രില്‍ ഒന്നു മുതലാണ് സൗജന്യ റേഷന്‍ വിതരണം ചെയ്തു തുടങ്ങുന്നത്. 15 കിലോ സൗജന്യ ഭക്ഷ്യധാന്യം ഏപ്രില്‍ 20 നു മുമ്പ് വാങ്ങണം. അതിനുശേഷമാകും കേന്ദ്രത്തിന്റെ വാഗ്ദാനപ്രകാരമുള്ള ഭക്ഷ്യധാന്യം എത്തിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുക. മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് രാവിലെയും മുന്‍ഗണനേതര വിഭാഗങ്ങള്‍ക്ക് ഉച്ചയ്ക്ക് ശേഷവുമാകും റേഷന്‍ വിതരണം നടത്തുക.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനെ തുടര്‍ന്ന് അഞ്ച് പേര്‍ മാത്രമേ റേഷന്‍ കടയ്ക്ക് മുമ്പില്‍ ഉണ്ടാകാന്‍ പാടുള്ളൂ. ഇവര്‍ ശാരീരിക അകലം പാലിക്കണം. ഇവരെ സന്നദ്ധ പ്രവര്‍ത്തകരോ ജനപ്രതിനിധികളോ സഹായിക്കണം. റേഷന്‍ വാങ്ങാന്‍ എത്താന്‍ കഴിയാത്തവര്‍ക്ക് വീട്ടിലെത്തിക്കാനുള്ള സൗകര്യം ചെയ്തു നല്‍കുന്നതാണ്.

റേഷന്‍കാര്‍ഡ് ഇല്ലാത്തവര്‍ക്കും റേഷന്‍ വിതരണം ചെയ്യുമെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി അറിയിച്ചിരുന്നു. അവര്‍ക്ക് അതാത് കുടുംബത്തിലെ മുതിര്‍ന്ന അംഗം സത്യവാങ്മൂലം നല്‍കിയാല്‍ മതിയാകും. സത്യവാങ്മൂലത്തില്‍ ആധാര്‍ നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്