ആപ്പ്ജില്ല

മിന്നൽ ബസ് സംഭവം കോടതിയിലേയ്ക്ക്

ജീവനക്കാര്‍ ചെമ്പോല പോലീസ് സ്റ്റേഷനിൽ ഹാജരായില്ല

TNN 22 Jan 2018, 11:24 am
പയ്യോളി: പാതിരാത്രിയിൽ മിന്നൽ ബസ് വിദ്യാര്‍ത്ഥിനിയെ ഇറക്കാതെ പോയ കേസ് കോടതിയിലേയ്ക്ക്. സംഭവത്തിൽ ഉത്തരവാദികളായ കെഎസ്ആര്‍ടിസി ജീവനക്കാര്‍ പോലീസ് സ്റ്റേഷനിൽ ഹാജരാകാനുള്ള ഉത്തരവ് പാലിക്കാതെ വന്നതോടെയാണ് കേസ് കോടതിയിലേയ്ക്ക് നീങ്ങുന്നത്. രണ്ടിടത്ത് പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയതും കേസെടുത്ത പോലീസ് സ്റ്റേഷനിൽ ഹാജരാകാത്തതും ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയായാണ് വിലയിരുത്തുന്നത്.
Samayam Malayalam minnal bus incident goes to court
മിന്നൽ ബസ് സംഭവം കോടതിയിലേയ്ക്ക്


ജീവനക്കാര്‍ കോടതിയിൽ ഇനി നേരിട്ടോ അഭിഭാഷകൻ വഴിയോ ഹാജരാകേണ്ടി വരും. അതേസമയം, കേസ് ഒഴിവാക്കണമെന്നാണ് കെഎസ്ആര്‍ടിസിയുടെ നിലപാട്. കെഎസ്ആര്‍ടിസി ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് ചെമ്പോല പോലീസ് സ്റ്റേഷനിൽ ഹാജരാകാതിരുന്നത് എന്ന് ജീവനക്കാര്‍ അറിയിച്ചതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ, കേസ് കോടതിയിലെത്തിയതോടെ ജീവനക്കാരുടെ സര്‍വീസ് ബുക്കിലും അത് രേഖയാകും.

പ്രശ്നത്തിൽ പരാതി കിട്ടുകയും പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്താൽ എതിര്‍കക്ഷിയെ വിളിപ്പിക്കുക എന്നതാണ് പോലീസിന്‍റെ പ്രാഥമിക നടപടി. എന്നാൽ ഇവിടെ എതിര്‍കക്ഷിയായ ബസ് ജീവനക്കാര്‍ പോലീസ് സ്റ്റേഷനിൽ ഹാജരായിട്ടില്ല. ജീവനക്കാര്‍ ഇതു പാലിച്ചിരുന്നുവെങ്കിൽ ഒരുപക്ഷെ അത് ജീവനക്കാര്‍ക്ക് ഗുണകരമായേനെയെന്ന് പോലീസ് പറയുന്നു.

രാത്രി സ്ത്രീകളായ യാത്രക്കാര്‍ക്ക് അവര്‍ ആവശ്യപ്പെടുന്നിടത്ത് ബസ് നിര്‍ത്തിക്കൊടുക്കണമെന്ന ചട്ടം മിന്നൽ ബസിന് ബാധകമല്ലെന്നാണ് ജീവനക്കാരുടെ വാദം. എന്നാൽ പോലീസ് കൈകാണിച്ചാൽ നിര്‍ത്തരുതെന്ന ചട്ടം എവിടെയാണ് ഉള്ളതെന്ന് ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാതൃഭൂമി ആരായുന്നു. സി.ആര്‍.പി.സി. പ്രകാരവും മോട്ടോര്‍ വാഹനനിയമ പ്രകാരവും പോലീസിന് ഏത് വാഹനവും നിര്‍ത്തിക്കുകയും പരിശോധിക്കുകയും ചെയ്യാം.

റോഡിൽ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോൾ സര്‍ക്കാര്‍ സര്‍വ്വീസ് എന്ന പരിഗണന ലഭിക്കുന്ന കെഎസ്ആര്‍ടിസിയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരത്തിലുള്ള വീഴ്ചകൾ ഗൗരവമായാണ് പോലീസ് കാണുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്