ആപ്പ്ജില്ല

ക്രോണിന്റെ തന്ത്രം പുറത്ത്; മരിച്ച ശേഷവും മിഷേലിന് SMS അയച്ചു

സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ മരണശേഷവും മിഷേലിന്റെ ഫോണിലേക്ക്

TNN 16 Mar 2017, 9:56 am
കൊച്ചി: സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ മരണശേഷവും മിഷേലിന്റെ ഫോണിലേക്ക് അറസ്റ്റിലായ ക്രോണിന്‍ അലക്‌സാണ്ടര്‍ ബേബി എസ്എംഎസുകള്‍ അയച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. മിഷേലും താനുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ ബോധപൂര്‍വം അയച്ചതാണ് ഈ സന്ദേശങ്ങളെന്നാണ് കരുതുന്നത്.
Samayam Malayalam mishel shaji death case
ക്രോണിന്റെ തന്ത്രം പുറത്ത്; മരിച്ച ശേഷവും മിഷേലിന് SMS അയച്ചു


കേസിൽ ക്രൈബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തതോടെ ഡിവൈഎസ്‍പി കെ.എ. ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം പിറവത്തെ വീട്ടിലെത്തി മിഷേലിന്റെ അമ്മ സൈലമ്മയുടെയും അടുത്ത ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തി. കേസില്‍ നീതിയുക്തവും ശരിയായ രീതിയിലുമുള്ള അന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കിയതായി കര്‍മസമിതി പ്രതിനിധികള്‍ക്കൊപ്പം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച മിഷേലിന്റെ പിതാവ് ഷാജി വര്‍ഗീസ് പറഞ്ഞു.

കേസിലെ ദുരൂഹതകള്‍ നീക്കണമെന്ന് ആവശ്യപ്പെട്ടും ആദ്യഘട്ടത്തില്‍ ഉണ്ടായ അനാസ്ഥ ചൂണ്ടിക്കാട്ടിയും മുഖ്യമന്ത്രിക്ക് ഷാജി നിവേദനം നല്‍കിയിട്ടുണ്ട്. ശാസ്ത്രീയമായി തെളിവുകള്‍ ശേഖരിക്കുമെന്നും പഴുതടച്ചുള്ള അന്വേഷണമാണ് ഉണ്ടാവുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മരണവിവരം അറിഞ്ഞശേഷവും മിഷേലിന്റെ ഫോണിലേക്ക് 12 എസ്എംഎസ് അയച്ച ക്രോണിന്‍, സംഭവദിവസവും തലേന്നുമായി അയച്ച 89 എസ്എംഎസുകള്‍ ഫോണില്‍നിന്ന് മായ്ച്ചുകളയുകയും ചെയ്തതായി വ്യക്തമായി.

മിഷേലിന്റെ സിഡിആര്‍ (ഫോണ്‍ കോള്‍ വിശദാംശം) ലഭിച്ചശേഷം ആറിന് ഉച്ചതിരിഞ്ഞ് ക്രോണിനെ പൊലീസ് ബന്ധപ്പെട്ടിരുന്നു. മിഷേലിന്റെ മൃതദേഹം കായലില്‍ നിന്ന് ലഭിക്കുന്നതിന് മുന്‍പായിരുന്നു ഇത്. മിഷേലിനെ കാണാനില്ലെന്ന വിവരം ക്രോണിനുമായി പൊലീസ് പങ്കുവയ്ക്കുകയും ചെയ്തു. ഇതിനുശേഷമാണ് മിഷേലുമായി പ്രശ്‌നങ്ങളില്ലെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം ക്രോണിനില്‍ നിന്നുണ്ടായത്. ഈ മാസം ആറിനും ഏഴിനും എട്ടിനും അയച്ചതുള്‍പ്പെടെ 12 എസ്എംഎസുകള്‍ ക്രോണിന്റെ ഫോണില്‍ നിന്ന് പൊലീസ് കണ്ടെടുത്തു.

നമുക്ക് ഒരുമിച്ചു ജീവിക്കേണ്ടേ, എന്തിന് എന്നെ വേണ്ടെന്നുവച്ചു, എന്തിനാണ് എന്നോടിങ്ങനെ തുടങ്ങിയ വാക്കുകളാണ് ഈ എസ്എംഎസുകളിലുള്ളത്. പ്രണയപൂര്‍വമുള്ള സംബോധനകളുമുണ്ട്. മുന്‍പ് അയച്ച എസ്എംഎസുകള്‍ മായ്ച്ചുകളഞ്ഞശേഷം ഇവ മാത്രം ഫോണില്‍ സൂക്ഷിക്കുകയും ചോദ്യം ചെയ്ത വേളയില്‍ പൊലീസിനെ കാണിച്ചുകൊടുക്കുകയും ചെയ്തത് മിഷേലിന്റെ തിരോധാനത്തില്‍ തനിക്ക് പങ്കില്ലെന്ന് വരുത്തുന്നതിനുള്ള ശ്രമമായിരുന്നു. എന്നാല്‍ ഈ നീക്കം തിരിച്ചടിക്കുകയും ക്രോണിനു മേല്‍ പൊലീസ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തുകയുമായിരുന്നു. റിമാന്‍ഡില്‍ കഴിയുന്ന ക്രോണിനെ ക്രൈംബ്രാഞ്ച് സംഘം ഇന്ന് ജയിലിലെത്തി ചോദ്യം ചെയ്‌തേക്കും.

mishel shaji death case
Cronin baby sent messages to mishel after her death, crimebranch says

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്