ആപ്പ്ജില്ല

'650 രൂപ വെച്ചാൽ 6,65,600 രൂപ കിട്ടും'; മണി ചെയിൻ ആരോപണത്തിൽ സതീശനെതിരെ 'തെളിവുമായി' അൻവർ

നോർത്ത് പറവൂർ കേന്ദ്രീകരിച്ച് വി ഡി സതീശൻ നടത്തിയ തട്ടിപ്പിന്റെ തെളിവുകൾ പുറത്തുവിടുമെന്ന് പി വി അൻവർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Samayam Malayalam 19 Oct 2021, 9:12 pm
കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ മണി ചെയിൻ ആരോപണത്തിൽ തെളിവുമായി നിലമ്പൂർ എംഎൽഎ പി വി അൻവർ. '650 രൂപ വെച്ചാൽ 6,65,600 രൂപ കിട്ടും' എന്നു വ്യക്തമാക്കുന്ന മണി ചെയിൻ തട്ടിപ്പിന്റെ രേഖയാണ് അൻവർ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. മണിചെയിൻ സ്കാം, വിഡി സതീശൻ, ജസ്റ്റ് ഫോർ യു എന്ന ഹാഷ്ടാഗുകളോടെയാണ് അൻവർ രേഖ പുറത്തുവിട്ടത്.
Samayam Malayalam money chain fraud allegation against vd satheesan pv anvar posts evidence in facebook
'650 രൂപ വെച്ചാൽ 6,65,600 രൂപ കിട്ടും'; മണി ചെയിൻ ആരോപണത്തിൽ സതീശനെതിരെ 'തെളിവുമായി' അൻവർ


​ആരോപണം

ആഫ്രിക്കയിൽ നിന്നും മടങ്ങിയെത്തിയ ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് നോർത്ത് പറവൂർ കേന്ദ്രീകരിച്ച് വി ഡി സതീശൻ തട്ടിപ്പ് നടത്തിയെന്ന ആരോപണം അൻവർ ഉന്നയിച്ചത്. തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തുകൊണ്ടുവരുമെന്ന് അൻവർ വ്യക്തമാക്കിയിരുന്നു. വടക്കൻ പറവൂർ കേന്ദ്രീകരിച്ച് വി ഡി സതീശൻ മണി ചെയിൻ തട്ടിപ്പ് നടത്തിയെന്നായിരുന്നു അൻവറിന്റെ ആരോപണം. ആഫ്രിക്കയിൽ നിന്നും മടങ്ങിയെത്തി സിപിഎം നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു അൻവർ പ്രതികരിച്ചത്.

​'അൻവറിന്റെ കിളിപോയി'


അൻവറിന്റെ 'കിളി പോയെ'ന്ന് സംശയിക്കുന്നതായി സതീശൻ പറഞ്ഞു. ആഫ്രിക്കയിലേക്ക് സ്ഥലംവിട്ടതോടെ ബോധം പോയ അദ്ദേഹത്തിന് നിലമ്പൂരുകാർ മറുപടി നൽകും. സഭയിൽ ഹാജരാകാത്തതിനെക്കുറിച്ച് പ്രതിപക്ഷം ചോദിക്കുന്നതിൽ എന്താണ് തെറ്റ്. വ്യക്തിപരമായി ആരെയും അധിക്ഷേപിക്കുന്നത് തന്റെ ശൈലിയല്ലെന്നും സതീശൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെ കോൺഗ്രസിനെ അധിക്ഷേപിക്കുന്ന അൻവറിന്റെ നടപടി മര്യാദകേടാണെന്നും സതീശൻ പറഞ്ഞു.

​തെളിവ്

"650 രൂപ വെച്ചാൽ 6,65,600 രൂപ കിട്ടുന്ന ആ അത്ഭുത ധനകാര്യ വിദ്യ എല്ലാവർക്കും ഒന്ന് പറഞ്ഞ്‌ കൊടുക്കണം. ഇത്‌ കൈയ്യിൽ ഉള്ളപ്പോൾ ആണോ ന്യായ്‌ പദ്ധതിയും കൊണ്ടിറങ്ങിയത്‌!! ഇൻകം പ്രൂഫായി ഇത്‌ വിതരണം ചെയ്തവർ ഇന്നും സഭയിലുണ്ട്‌. ജനങ്ങൾ കടുത്ത ദുരിതത്തിലും ബുദ്ധിമുട്ടിലുമാണ്. അതൊക്കെ കഴിഞ്ഞ്‌ കാണാം." എന്ന കുറിപ്പോടെയാണ് വി ഡി സതീശന്റെ പേരിൽ ആരോപിക്കപ്പെടുന്ന തട്ടിപ്പിന്റെ രേഖ അൻവർ പുറത്തുവിട്ടത്. 1991ൽ അച്ചടിച്ച ഫോമാണിതെന്നും അൻവർ ആരോപിക്കുന്നുണ്ട്. മണി ചെയിൻ തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണത്തിൽ വി ഡി സതീശൻ മറുപടി പറയേണ്ടിവരുമെന്ന് അൻവർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്