ആപ്പ്ജില്ല

മുത്തൂറ്റ് കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കില്ലെന്ന് ചെയര്‍മാന്‍

ചില ജീവനക്കാര്‍ രാഷ്ട്രീയപ്രേരിതമായി നടത്തിയ സമരത്തിന്‍റെ ഫലമായാണ് ചില മുത്തൂറ്റ് ശാഖകള്‍ പൂട്ടിയതെന്നും ഇപ്പോള്‍ അവ തുറന്നു തുടങ്ങിയെന്നും ചെയര്‍മാന്‍

Samayam Malayalam 19 Sept 2019, 4:30 pm
കൊച്ചി: പ്രശ്‍നങ്ങള്‍ അവസാനിക്കാന്‍ പോവുകയാണെന്നും മുത്തൂറ്റ് ഫിനാന്‍സ് കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കില്ലെന്നും ചെയര്‍മാന്‍ എം.ജി. ജോര്‍ജ് മുത്തൂറ്റ്.
Samayam Malayalam mg george muthoot


അവസാനത്തെ നടപടിയെന്ന നിലയില്‍ മാത്രമേ മുഴുവന്‍ ശാഖകളും അടച്ചുപൂട്ടുന്നതിനെക്കുറിച്ച് ആലോചിക്കുകയുള്ളൂവെന്ന് ജോര്‍ജ് മുത്തൂറ്റ് പറഞ്ഞു, എന്നാല്‍ ഇപ്പോള്‍ അത്തരമൊരു സാഹചര്യമില്ല. നിര്‍ബന്ധപൂര്‍വം അടച്ച ചില ശാഖകള്‍ ഇപ്പോള്‍ തുറന്നിട്ടുണ്ട്. ചില ജീവനക്കാര്‍ രാഷ്ട്രീയപ്രേരിതമായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ശാഖകള്‍ പൂട്ടിയതെന്ന് ജനങ്ങള്‍ മനസ്സിലാക്കിവരുന്നുണ്ട്. ജീവനക്കാര്‍ പതുക്കെ ജോലിയിലേക്ക് തിരിച്ചുവരികയാണ്.-ജോര്‍ജ് മുത്തൂറ്റ് പറഞ്ഞു.

ഏതെങ്കിലും ശാഖകളിലെ ഉപഭോക്താക്കള്‍ക്ക് അവരുടെ പണത്തിന്‍റെയും സ്വര്‍ണത്തിന്‍റെയും സുരക്ഷയുടെ കാര്യത്തില്‍ എന്തെങ്കിലും പ്രയാസമുണ്ടായാല്‍ അത് പരിഹരിക്കാന്‍ ഏതറ്റം വരെയും പോകും. വേണമെങ്കില്‍ കേന്ദ്രത്തിന്‍റെ സഹായവും തേടും. ഒരു ഉപഭോക്താവിനും പ്രയാസമുണ്ടാകാതിരിക്കാനുള്ള എല്ലാ നടപടിയും സ്വീകരിക്കും. ശാഖകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ സി.ആര്‍.പി.എഫിന്‍റെ സഹായം തേടുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ടെന്ന് ജോര്‍ജ് മുത്തൂറ്റ് പറഞ്ഞു.

സി.ഐ.ടി.യു. വിന്‍റെ പിന്തുണയോടെ ഒരു വിഭാഗം ജീവനക്കാര്‍ നടത്തുന്ന സമരത്തെ തുടര്‍ന്ന് മുത്തൂറ്റി‍ന്‍റെ കേരളത്തിലെ 623 ശാഖകളില്‍ 358 എണ്ണം അടച്ചിട്ടിരുന്നു. തുടര്‍ന്ന് മുത്തൂറ്റ് കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുമന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. മുത്തൂറ്റ് ഫിനാന്‍സിന്‍റെ 95 ശതമാനം പ്രവര്‍ത്തനങ്ങളും കേരളത്തിന് പുറത്താണെന്നും കേരളത്തില്‍ നടത്തുന്ന ചെറിയ ശതമാനം ബിസിനസ് പോലും നഷ്ടത്തിലാണെന്നും കമ്പനി പറഞ്ഞിരുന്നു. കമ്പനിയുടെ സ്വര്‍ണനിക്ഷേപങ്ങള്‍ വാങ്ങാന്‍ ആളെ കണ്ടെത്താന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റിനെ നിയമിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

മുത്തൂറ്റ് ജീവനക്കാര്‍ക്ക് മതിയായ ശമ്പളം നല്‍കുന്നില്ലെന്ന് പറയുന്നത് ശരിയല്ലെന്ന് ചെയര്‍മാന്‍ പറ‍ഞ്ഞു. കമ്പനിയിലെ ഒരു പ്യൂണിന്‍റെ ശരാശരി ശമ്പളം 15,000 -40,000 രൂപയാണെന്നും ചെയര്‍മാന്‍ അവകാശപ്പെട്ടു.

ഇപ്പോള്‍ കമ്പനിയില്‍ മിനിമം വേതനം ലഭിക്കാത്ത ഏതെങ്കിലും തൊഴിലാളിയുണ്ടെങ്കില്‍ അവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാണെന്ന് തൊഴില്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ തൊഴിലാളികള്‍ക്ക് ഉറപ്പുനല്‍കിയതാണെന്നും ചെയര്‍മാന്‍ പറഞ്ഞു.

കമ്പനിയില്‍ തൊഴിലാളി യൂണിയന്‍ ഉണ്ടാകുന്നതില്‍ എതിര്‍പ്പില്ലെന്നും എന്നാല്‍ അത് രഹസ്യ ബാലറ്റിലൂടെയാകരുതെന്ന് ജോര്‍ജ് മുത്തൂറ്റ് പറഞ്ഞു. സമരം ചെയ്യുന്ന ജീവനക്കാരുടെ ഏതാണ്ടെല്ലാ ആവശ്യങ്ങളും കമ്പനി അംഗീകരിച്ചുകഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്