ആപ്പ്ജില്ല

മുഖ്യമന്ത്രി അങ്ങനെ പറഞ്ഞോ, പവാറിനും മനംമാറ്റം; പാലായിൽ ചെന്നിത്തലയെ സ്വീകരിക്കാൻ മാണി സി കാപ്പൻ?

തൻ്റെ നേതാവ് ശരത് പവാർ ആണെന്നും അദ്ദേഹം പറയുന്നത് അനുസരിക്കുമെന്നുമാണ് എൻസിപി ദേശീയ അധ്യക്ഷനുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം മാണി സി കാപ്പൻ മാധ്യമങ്ങളോട് പറഞ്ഞത്

Samayam Malayalam 10 Feb 2021, 10:41 am
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ പാലാ സീറ്റുമായി ബന്ധപ്പെട്ട് എൻസിപിയിൽ തർക്കം തുടരുന്നു. എൽഡിഎഫിൽ തന്നെ തുടരുമെന്ന് എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാറുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം മാണി സി കാപ്പൻ അടക്കമുള്ള നേതാക്കൾ വ്യക്തമാക്കിയിരുന്നു. എന്നാൽ പാലാ സീറ്റ് ലഭിച്ചേക്കില്ലെന്ന സൂചന ലഭിച്ചതോടെ മാണി സി കാപ്പൻ യുഡിഎഫ് പാളയത്തിലേക്ക് പോകുന്നുവെന്ന സൂചനകളാണ് ഏറ്റവും അവസാനമായി പുറത്തുവരുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര പാലായിൽ എത്തുമ്പോൾ മാണി സി കാപ്പൻ യുഡിഎഫിൽ എത്തുമെന്നാണ് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നത്.
Samayam Malayalam ncp leader mani c kappan may contest as udf candidate in pala in kerala assembly election 2021
മുഖ്യമന്ത്രി അങ്ങനെ പറഞ്ഞോ, പവാറിനും മനംമാറ്റം; പാലായിൽ ചെന്നിത്തലയെ സ്വീകരിക്കാൻ മാണി സി കാപ്പൻ?



മാണി സി കാപ്പന് മനം മാറ്റം?

തൻ്റെ നേതാവ് ശരത് പവാർ ആണെന്നും അദ്ദേഹം പറയുന്നത് അനുസരിക്കുമെന്നുമാണ് എൻസിപി ദേശീയ അധ്യക്ഷനുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം മാണി സി കാപ്പൻ മാധ്യമങ്ങളോട് പറഞ്ഞത്. ഇടതുമുന്നണി വിടില്ലെന്ന് പിന്നാലെ സംസ്ഥാന ഘടകവും വ്യക്തമാക്കി. എന്നാൽ ദിവസങ്ങളുടെ ഇടവേളയിൽ മാണി സി കാപ്പൻ നിലപാട് തിരുത്തുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. പാലാ സീറ്റ് ലഭിക്കില്ലെന്ന് വ്യക്തമായതോടെയാണ് മാണി സി കാപ്പൻ കടുത്ത തീരുമാനങ്ങളിലേക്ക് കടക്കുന്നത്. യുഡിഎഫിൽ എത്തിയാൽ പാലായിൽ മത്സരിക്കാമെന്ന വിശ്വാസവും കാപ്പനുണ്ട്. പിജെ ജോസഫ് അടക്കമുള്ള നേതാക്കൾ ഇക്കാര്യം പരസ്യമായി പറയുകയും ചെയ്‌തിരുന്നു.

ശരത് പവാറിന് അതൃപ്‌തി?

ഭരണത്തുടർച്ചയ്‌ക്ക് സാധ്യത നിലനിൽക്കുന്നതിനാൽ ഇടതുമുന്നണിയിൽ തുടരാമെന്ന നിലപാടാണ് ശരത് പവാർ ആദ്യം സ്വീകരിച്ചത്. എന്നാൽ ചർച്ചയ്ക്ക് തയ്യാറെടുത്ത എൻസിപി ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേലുമായി കൂടിക്കാഴ്‌ച നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ മടിച്ചത് ദേശീയ നേതൃത്വത്തെ ചൊടിപ്പിച്ചു. പാലാ സീറ്റുമായി ബന്ധപ്പെട്ടുള്ള ചർച്ചയ്‌ക്ക് സമയമില്ലെന്ന് മുഖ്യമന്ത്രി പ്രഫുൽ പട്ടേലിനെ അറിയിച്ചെന്നാണ് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇക്കാര്യത്തിൽ എൻസിപിയോ സിപിഎം നേതൃത്വമോ സ്ഥിരീകരണം നടത്തിയിട്ടില്ല.

പ്രഫുൽ പട്ടേൽ ശരത് പവാറിനെ അറിയിച്ചതെന്ത്?

മുഖ്യമന്ത്രി കൂടിക്കാഴ്‌ചയ്‌ക്ക് തയ്യാറായില്ലെന്ന് പ്രഫൂൽ പട്ടേൽ ശരത് പവാറിനെ അറിയിച്ചു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ സീറ്റ് മാണി സി കാപ്പന് നൽകാൻ കഴിയില്ല. എലത്തൂർ അല്ലെങ്കിൽ കുട്ടനാട് സീറ്റുകളിൽ അദ്ദേഹത്തിന് മത്സരിക്കാമെന്നും മുഖ്യമന്ത്രി പ്രഫുൽ പട്ടേലിനെ അറിയിച്ചു. ഇക്കാര്യം പ്രഭുൽ പട്ടേൽ മാണി സി കാപ്പനെയും ശരത് പവാറിനെയും അറിയിച്ചു. ഇത് കൂടാതെ പാലാ സീറ്റിന് പകരം രാജ്യസഭാ സീറ്റ് എന്ന ഫോർമുലയോട് മുഖ്യമന്ത്രി എതിർപ്പ് അറിയിച്ചതായാണ് വിവരം. ഈ സാഹചര്യങ്ങളാണ് എൻസിപി ദേശീയ നേതൃത്വത്തെ ചൊടിപ്പിച്ചത്.

വാതിലുകൾ തുറന്നിട്ട് യുഡിഎഫ്

മാണി സി കാപ്പൻ നിലപാട് വ്യക്തമാക്കട്ടെ എന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയത്. മാണി സി കാപ്പൻ ഒറ്റയ്‌ക്ക് വന്നാലും എൻസിപി സംസ്ഥാന ഘടകത്തിലെ ഒരു വിഭാഗം എത്തിയാലും സ്വീകരിക്കുമെന്ന നിലപാടിലാണ് യുഡിഎഫിനുള്ളത്. ദേശീയ നേതൃത്വത്തിന് വ്യക്തമായ തീരുമാനം സ്വീകരിക്കാമെന്ന നിലപാടിലാണ് എൻസിപി സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരൻ. മുൻപ് മത്സരിച്ച നാല് സീറ്റുകൾ ലഭിക്കാനുള്ള സാധ്യതയെ സബന്ധിച്ചും പീതാംബരൻ പവാറിനെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ദേശീയ നേതൃത്വം കടുത്ത തീരുമാനങ്ങൾ സ്വീകരിക്കുമെന്നാണ് സൂചന.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്