ആപ്പ്ജില്ല

നീലക്കുറിഞ്ഞി കാണാൻ ടിക്കറ്റ് വിറ്റ് ലഭിച്ചത് 1.2 കോടി

ഒരു ലക്ഷം പേരാണ് നീലക്കുറിഞ്ഞി കാണാൻ ഇക്കുറിയെത്തിയതെന്നാണ് കണക്ക്

Samayam Malayalam 30 Oct 2018, 3:52 pm
മൂന്നാര്‍: പന്ത്രണ്ട് വര്‍ഷത്തിനുശേഷം പൂവിട്ട നീലക്കുറിഞ്ഞി കാണുന്നതിനുള്ള ടിക്കറ്റ് വില്‍പ്പനയിലൂടെ ഇക്കുറി ലഭിച്ചത് 1.2 കോടി രൂപ. പ്രളയം മൂലം നേരിയ ഇടിവ് നേരിട്ടിരുന്നെങ്കിലും ഇക്കുറി രാജമലയില്‍ നീലക്കുറിഞ്ഞി ടിക്കറ്റ് വിറ്റതിലൂടെ 1.2 കോടി രൂപയാണ് വനം വകുപ്പിന് ലഭിച്ചിരിക്കുന്നത്. ഒരു ലക്ഷം പേരാണ് നീലക്കുറിഞ്ഞി കാണാൻ ഇക്കുറിയെത്തിയതെന്നാണ് ഏകദേശ കണക്ക്.
Samayam Malayalam Neelakurinji-flowers


ഈവര്‍ഷം എട്ട് ലക്ഷം പേരെയാണ് വനം വകുപ്പ് പ്രതീക്ഷിച്ചിരുന്നത്. പക്ഷേ അവിചാരിതമായെത്തിയ പ്രളയം എല്ലാം കീഴ്മേൽ മറിച്ചു. നേരത്തെ ബുക്ക് ചെയ്തിരുന്ന വിദേശികളടക്കമുള്ളവർ യാത്ര റദ്ദാക്കി. ടൂറിസ്റ്റുകൾക്കാകെ നിരോധനം വന്നതോടെ നീലക്കുറിഞ്ഞി കാണാൻ മുൻകൂർ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവർക്ക് പണം മടക്കി നൽകേണ്ടി വന്നതു വനം വകുപ്പിനു വരുമാന നഷ്ടമുണ്ടാക്കി. ഇതൊക്കെ ഒരു ലക്ഷം പേരായി വിനോദസഞ്ചാരികളുടെ എണ്ണം കുറയാൻ കാരണമായി. എപ്പോഴും നീലക്കുറിഞ്ഞികാലം മൂന്ന് മാസം നീണ്ടുനില്‍ക്കാറുണ്ട്.

പക്ഷേ ഇക്കുറി ഒന്നര മാസമേ നീലകുറിഞ്ഞി പൂവിട്ട് നിന്നുള്ളൂ. കനത്തമഴമൂലവും മറ്റും പൂവ് കൊഴിഞ്ഞ് തുടങ്ങി. ഇരവികുളം, കൊളുക്കുമല, ടോപ് സ്റ്റേഷൻ തുടങ്ങിയ ഇടങ്ങളിൽ പെട്ടെന്ന് കുറിഞ്ഞി കൊഴിഞ്ഞുവീണു. ഇപ്പോള്‍ ആകെ നിൽക്കുന്നത് കാന്തല്ലൂര്‍ മലനിരകളിൽ മാത്രമാണെന്ന് വനംവകുപ്പ് പറയുന്നു. ഇക്കുറി നീലക്കുറിഞ്ഞി സീസണിനുവേണ്ടി അടിസ്ഥാനസൗകര്യങ്ങളൊരുക്കാൻ മാത്രം ചിലവായത് രണ്ട് കോടി രൂപയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്