ആപ്പ്ജില്ല

കവളപ്പാറയിൽ ഇന്ന് ജിപിആർ ഉപയോഗിച്ച് തെരച്ചിൽ; ഇനി കണ്ടെത്താനുള്ളത് 21 പേരെ

കവളപ്പാറയിൽ നിന്ന് ഇനി 21 പേരെയാണ് കണ്ടെത്താനുള്ളത്. ഇന്ന് മന്ത്രി എ കെ ബാലൻ കവളപ്പാറയിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കും.

Samayam Malayalam 17 Aug 2019, 8:29 am
വയനാട്: കവളപ്പാറയിൽ ഉരുൾപ്പൊട്ടലിനെ തുടര്‍ന്ന് കാണാതായവര്‍ക്കു വേണ്ടി ഇന്ന് ഗ്രൗണ്ട് പെനറ്റ്രേറ്റിങ്ങ് റഡാർ (ജിപിആർ) സംവിധാനം ഉപയോഗിച്ച് തെരച്ചിൽ നടത്തും. ഹൈദരാബാദിലെ ജിയോഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സംഘത്തിൻ്റെ നേതൃത്വത്തിലാണ് തെരച്ചിൽ തുടങ്ങുന്നത്. ഇതുവരെ കവളപ്പാറയിൽ നിന്ന് 38 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മന്ത്രി എ കെ ബാലൻ ഇന്ന് കവളപ്പാറയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കും.
Samayam Malayalam Kavalappara


ഇന്നലെ കവളപ്പാറയിൽ നടത്തിയ തെരച്ചിലിൽ അഞ്ച് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇനി 21 പേരെ കൂടി കണ്ടെത്താനുണ്ട്. എൻഡിആർഎഫ് സംഘം മാപ്പിങ്ങിലൂടെയാണ് തകർന്ന വീടുകൾക്കായുള്ള തെരച്ചിൽ നടത്തുന്നത്. മഴ കുറഞ്ഞെങ്കിലും ചെളി നിറഞ്ഞ പ്രദേശത്ത് തെരച്ചിലിനായി എത്തിച്ച ഹിറ്റാച്ചികൾ താഴ്ന്നു പോകുന്നത് രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചിരുന്നു. ഉരുൾപൊട്ടലിനെ തുടർന്ന് ഭൂമിയുടെ രൂപം മാറിയതിനാലാണ് തകർന്ന വീടുകൾ എവിടെയൊക്കെയെന്ന് എൻഡിആർഎഫ് സംഘം മാപ്പിങ്ങിലൂടെ കണ്ടെത്താൻ ശ്രമിക്കുന്നത്. തെരച്ചിൽ ഊർജ്ജിതമാക്കാൻ ജിപിആർ സംവിധാനം എത്തിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രനാണ് അറിയിച്ചത്. പുത്തുമലയിലും റഡാര്‍ എത്തിച്ച് തെരച്ചിൽ നടപടികള്‍ വേഗത്തിലാക്കാണ് അധികൃതര്‍ ശ്രമിക്കുന്നത്.

അതേസമയം സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ മഴ താരതമ്യേന കുറവായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജനങ്ങൾ ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ല.സർക്കാർ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും ജാഗ്രത തുടരാനും താലൂക്ക് തലത്തിൽ കണ്ട്രോൾ റൂമുകൾ നിലനിർത്തനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി. സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന എല്ലാ മുന്നറിയിപ്പുകളും പിൻവലിച്ചു.

എന്നാൽ തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തെക്ക് പടിഞ്ഞാറ് അറബിക്കടൽ പ്രദേശത്തും അതിനോട് ചേർന്നുള്ള മധ്യ-പടിഞ്ഞാറൻ അറബിക്കടൽ പ്രദേശത്തും നാളെ വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം നിർദേശിച്ചു.

ഇന്ന് രാത്രി 11.30 വരെ കൊളച്ചിൽ മുതൽ ധനുഷ്‌കോടി വരെയുള്ള തെക്കൻ തമിഴ്നാട് തീരത്ത് 3.3 മുതൽ 4 മീറ്റർ വരെ ഉയരത്തിൽ ശക്തമായ തിരമാലകൾക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര സമുദ്ര സ്ഥിതിപഠന കേന്ദ്രം മുന്നറിയിപ്പ് നൽകി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്