ആപ്പ്ജില്ല

കെ സുരേന്ദ്രനെതിരെ ജാമ്യമില്ലാ കേസ്; ഗൂഢാലോചനയെന്ന് ശ്രീധരൻ പിള്ള

സന്നിധാനത്ത് 52കാരിയെ തടഞ്ഞ സംഭവത്തിൽ എഫ്ഐആര്‍

Samayam Malayalam 22 Nov 2018, 5:05 pm
പത്തനംതിട്ട: ശബരിമലയിലേയ്ക്ക് പോകവേ നിലയ്ക്കലിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്ത ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്‍റെ ജയിൽമോചനം ഇനിയും നീളാൻ സാധ്യത. ചിത്തിര ആട്ടവിശേഷ ദിവസം സന്നിധാനത്ത് ഉണ്ടായ സംഘവര്‍ഷവുമായി ബന്ധപ്പെട്ട് ബുധനാഴ്ച റാന്നി കോടതിയിൽ ജാമ്യമില്ലാത്ത മറ്റൊരു കേസ് കൂടി ഫയൽ ചെയ്തു. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ന്ന് സുരേന്ദ്രനെ 12-ാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്.
Samayam Malayalam k surendran pilla


ഇതിനിടെ കെ സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള രംഗത്തെത്തി. ഈശ്വരവിശ്വാസമില്ലാത്തവരുടെ ഭരണമാണ് നടക്കുന്നതെന്നും ശബരിമലയെ തകര്‍ക്കാൻ കഴിഞ്ഞ 50 വര്‍ഷമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശ്രമിക്കുകയാണെന്നും ശ്രീധരൻ പിള്ള പ്രതികരിച്ചു. ബിജെപി നടത്തുന്നത് സ്ത്രീപ്രവേശനത്തിനെതിരായ സമരമല്ലെന്നും യുവതീപ്രവേശനത്തിനെതിരെ ഭക്തര്‍ നടത്തുന്ന സമരത്തിന് ബിജെപി പിന്തുണ നല്‍കുകയാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

ചിത്തിര ആട്ടവിശേഷസമയത്ത് പേരക്കുട്ടിയുടെ ചോറൂണിനായി ശബരിമലയിലെത്തിയ ലളിതാ ദേവിയെന്ന 52കാരിയെ ആക്രമിച്ച കേസിലാണ് കെ സുരേന്ദ്രനെതിരെ പുരിയ എഫ്ഐആര്‍. സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായമായി സംഘം ചേരൽ തുടങ്ങിയ വകുപ്പുകളും സുരേന്ദ്രനെതിരെ ചുമത്തിയിട്ടുണ്ട്. സുരേന്ദ്രനും പുറമെ ആര്‍എസ്എസ് നേതാവ് വൽസൻ തില്ലങ്കേരി, ബിജെപി നേതാവ് വിവി രാജേഷ്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്‍റ് പ്രകാശ് ബാബു എന്നിവരും കേസിൽ പ്രതികളാണ്. ഐപിസി 120 (ബി) പ്രകാരം ഗൂഢാലോചനാ കുറ്റമാണ് സുരേന്ദ്രനെതിരെയുള്ളത്. കേസിലെ മുഖ്യപ്രതിയായ സൂരജ് ഇലന്തൂരിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ ഗൂഢാലോചന വ്യക്തമാണെന്ന് പോലീസ് പറയുന്നു.

നിലയ്ക്കലിൽ വെച്ച് അറസ്റ്റിലായ സുരേന്ദ്രനും മറ്റ് രണ്ട് പേര്‍ുക്കും ബുധനാഴ്ച മുൻസിഫ് കോടതി ജാമ്യം അനുവദിച്ചിരുന്നു. റാന്നി താലൂക്കിൽ രണ്ട് മാസം പ്രവേശിക്കരുതെന്നും മറ്റു കുറ്റകൃത്യങ്ങളിൽ ഏര്‍പ്പെടരുതെന്നുമുള്ള വ്യവസ്ഥകളിൽ 20,000 രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് സുരേന്ദ്രന് കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുള്ള മറ്റൊരു കേസിൽ അറസ്റ്റ് വാറണ്ട് നിലനിൽക്കുന്നതിനാൽ സുരേന്ദ്രന് പുറത്തിറങ്ങാൻ അവിടെ നിന്ന് കൂടി ജാമ്യം ലഭിക്കേണ്ടതുണ്ട്. കേസിൽ 26ന് സുരേന്ദ്രനെ ഹാജരാക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്