ആപ്പ്ജില്ല

അഭയ കേസ്: വിചാരണയ്‍ക്കിടെ ഒരു സാക്ഷി കൂടി കൂറുമാറി

കേസില്‍ ഇതുവരെ അഞ്ച് സാക്ഷികളാണ് വിചാരണയ്ക്കിടെ കൂറുമാറിയത്

Samayam Malayalam 16 Sept 2019, 12:40 pm
തിരുവനന്തപുരം: സിസ്‍റ്റര്‍ അഭയയെ കൊലപ്പെടുത്തിയ കേസില്‍ വിചാണയ്‍ക്കിടെ ഒരു സാക്ഷി കൂടി കൂറുമാറി. 53-ാം സാക്ഷിയായ ആനി ജോണാണ് കൂറുമാറിയത്.
Samayam Malayalam abhaya


അഭയ കൊല്ലപ്പെട്ട ദിവസം കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്‍റില്‍ അഭയയുടെ ശിരോ വസ്‍ത്രവും ചെരിപ്പും കോടാലിയും കണ്ടെന്നായിരുന്നു ആനി ജോണ്‍ നേരത്തെ മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ശിരോ വസ്‍ത്രം മാത്രമാണ് കണ്ടതെന്നാണ് ഇന്ന് വിചാരണയ്‍ക്കിടെ ആനി ജോണ്‍ പറഞ്ഞത്.

അഭയ കേസില്‍ നേരത്തെ നാല് സാക്ഷികള്‍ കൂറുമാറിയിരുന്നു. നാലാം സാക്ഷി സഞ്ജു മാത്യു, 50-ാം സാക്ഷി സിസ്‍റ്റര്‍ അനുപമ, 21-ാം സാക്ഷി നിഷാ റാണി, 23-ാം സാക്ഷി അച്ചാമ്മ എന്നിവരാണ് കൂറുമാറിയ മറ്റു സാക്ഷികള്‍. തിരുവനന്തപുരത്തെ സി.ബി.ഐ. പ്രത്യേക കോടതിയിലാണ് വിചാരണ നടക്കുന്നത്.

കേസിലെ പ്രതിയായ വൈദികന്‍റെ വാഹനം അഭയ കൊല്ലപ്പെട്ട ദിവസം രാത്രി മഠത്തിന്‍റെ മതലിന് സമീപം കണ്ടെന്ന മൊഴിയാണ് സഞ്ജു പി. മാത്യു മാറ്റിയത്. കൊല നടന്ന ദിവസം കോണ്‍വെന്‍റിലെ അടുക്കളയില്‍ ശിരോവസ്‍ത്രവും ചെരിപ്പും കണ്ടുവെന്ന മൊഴിയാണ് വിചാരണയ്ക്കിടെ സിസ്‍റ്റര്‍ അനുപമ തിരുത്തിയത്. പഠിച്ചുകൊണ്ടിരുന്നപ്പോള്‍ കിണറില്‍ എന്തോ വീഴുന്ന ശബ്‍ദം കേട്ടുവെന്ന മൊഴിയും സിസ്‍റ്റര്‍ തിരുത്തിയിരുന്നു.

അഭയ കൊല്ലപ്പെട്ട ദിവസം സിസ്‍റ്റര്‍ സെഫി ദേഷ്യത്തിലായിരുന്നെന്നും അസ്വാഭാവികമായി പെരുമാറിയെന്നുമുള്ള മൊഴിയാണ് നിഷാറാണി വിചാരണയ്ക്കിടെ തിരുത്തിയത്.

അഭയ കൊല്ലപ്പെട്ട ദിവസം രാവിലെ അടുക്കളയില്‍ അസ്വാഭാവികമായ ചിലത് കണ്ടുവെന്ന മൊഴിയാണ് കോണ്‍വെന്‍റിലെ ജീവനക്കാരിയായിരുന്ന അച്ചാമ്മ മാറ്റിപ്പറഞ്ഞത്.

1992 മാര്‍ച്ച് 27-നാണ് സിസ്‍റ്റര്‍ അഭയയെ കോട്ടയം സെന്‍റ് പയസ് ടെന്‍ത് കോണ്‍വെന്‍റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 1993-ലാണ് കേസ് സി.ബി.ഐ. ഏറ്റെടുത്തത്. 2009-ലാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്