ആപ്പ്ജില്ല

പിറവം പള്ളിയിൽ സുപ്രീം കോടതി വിധി നടപ്പാക്കി: ഓർത്തഡോക്‌സ് വിഭാഗം പ്രാർത്ഥന ആരംഭിച്ചു

പ്രതിഷേധങ്ങൾ ഇല്ലാതെ സമാധാനപൂർണമായ പിറവം പള്ളിയിൽ സുപ്രീം കോടതി വിധി നടപ്പാക്കി. ഓർത്തഡോക്സ് വിഭാഗം പള്ളിക്കുള്ളിൽ പ്രവേശിച്ച് പ്രാർത്ഥനകൾ ആരംഭിച്ചു. യാക്കോബായ വിഭാഗം പ്രതിഷേധ കുർബാന നടത്തുന്നു.

Samayam Malayalam 29 Sept 2019, 7:42 am
പിറവം: പിറവം വലിയ പള്ളിയിൽ സുപ്രീം കോടതി വിധി നടപ്പായി. വലിയപള്ളിയിൽ ഓർത്തഡോക്സ് വിഭാഗം കുർബാനക്കായി ഒരുങ്ങുന്നു. ഓർത്തഡോക്സ് സഭാ വിശ്വാസികൾ വൈദികരുടെ നേതൃത്വത്തിൽ പള്ളിയിലെത്തി പ്രധാന വാതിൽ തുറന്നു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലായിരുന്നു പള്ളി ആർഡിഒ തുറന്നു നൽകി.
Samayam Malayalam orthodoks piravom


പ്രാർത്ഥനകളോടെയാണ് ഓർത്തഡോക്സ് വിഭാഗം പള്ളിക്കുള്ളിലേക്ക് കയറിയത്. അതെ സമയം, പ്രതിഷേധ സൂചകമായി യാക്കോബായ വിഭാഗം റോഡിൽ താത്‌കാലിക മദ്ബഹാ നിർമിച്ച് കുർബാനയർപ്പിച്ച് തുടങ്ങി. മുൻപ് പല തവണ ഓർത്തഡോക്സ് വിഭാഗം പിറവം പള്ളിയിൽ കയറാൻ ശ്രമിച്ചെങ്കിലും കനത്ത പ്രതിഷേധത്തെ തുടർന്ന് പ്രവേശിക്കാൻ സാധിച്ചിരുന്നില്ല.

കഴിഞ്ഞ ദിവസം അറസ്റ്റ് വരിച്ച യാക്കോബായ ബിഷപ്പുമാരെയും വൈദികരെയും പള്ളി പരിസരത്ത് നിന്ന് പൂർണമായി നീക്കിയ ശേഷമാണ് ഇന്ന് കുർബാന നടത്താൻ ഓർത്തഡോക്സ് വിഭാഗത്തിന് സാധിച്ചത്. ഹൈക്കോടതി വിധിയനുസരിച്ച് പള്ളിയിൽ യാതൊരു രീതിയിലുമുള്ള പ്രതിഷേധവും നടത്താൻ കഴിയില്ല.

ഫാ. സ്‌കറിയ വട്ടക്കാട്ടിലിന്റെ നേതൃത്വത്തിലാണ് പ്രാർത്ഥനകൾ നടക്കുന്നത്. കോടതി വിധിയിലെ നിർദേശങ്ങൾ ആർഡിഒ കൃത്യമായി വിശ്വാസികളെ പറഞ്ഞു മനസിലാക്കിയ ശേഷമാണ് പള്ളിക്കുള്ളിലേക്ക് ഏവർക്കും പ്രവേശനം നൽകിയത്.ചരിത്രപ്രധാനമായ മുഹൂർത്തമാണ് പിറവം പള്ളിയിൽ നടക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്