ആപ്പ്ജില്ല

'എതിർക്കുന്നത് ഭീകര പ്രസ്ഥാനവുമായി ബന്ധമുള്ളവർ, എനിക്കൊപ്പം കൂവാൻ 100 പേർ കാണും': പിസി ജോർജ്

പൊതുപ്രവർത്തനം ആരംഭിച്ച കാലം മുതൽ തൻ്റെ ശൈലി ഇങ്ങനെയായതിനാൽ തുടർന്നും മാറ്റം വരുത്തേണ്ട കാര്യമില്ലെന്നും പിസി ജോർജ്

Samayam Malayalam 29 Mar 2021, 2:07 pm
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കിടെയുണ്ടായ സംഭവങ്ങൾക്ക് മറുപടി നൽകി പിസി ജോർജ് എംഎൽഎ. കൂക്കി വിളിക്ക് പിന്നാലെ സംഘർഷ സാധ്യത കണക്കിലെടുത്ത് ചില പ്രദേശങ്ങളിൽ അദ്ദേഹം പ്രചാരണങ്ങൾ നിർത്തിവച്ചിരുന്നു. തീക്കോയി പഞ്ചായത്തിലെ തേവർ പാറയിൽ വാഹനപര്യടനം നടത്തുന്നതിനിടെയാണ് ജോർജിന് നേരെ കൂക്കി വിളിയുണ്ടായത്. ഇതിന് പിന്നാലെയാണ് പ്രചാരണത്തിനിടെ സംഘർഷ സാഹചര്യമുണ്ടായത്. രണ്ട് സംഭവങ്ങളിലും ശക്തമായ നിലപാടാണ് പിസി ജോർജ് സ്വീകരിച്ചത്. കൂക്കി വിളിച്ചവരോട് വോട്ട് വേണ്ടെന്ന് തുറന്ന് പറയുകയും ചെയ്‌തു. എന്നാൽ ഈ സംഭവങ്ങൾ തൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെയും വിജയത്തെയും ബാധിക്കില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
Samayam Malayalam pc george responds on controversial comments in election campaign 2021
'എതിർക്കുന്നത് ഭീകര പ്രസ്ഥാനവുമായി ബന്ധമുള്ളവർ, എനിക്കൊപ്പം കൂവാൻ 100 പേർ കാണും': പിസി ജോർജ്


ഇത്തവണ കൂടുതൽ വോട്ടുകൾ നേടും

കൂക്കി വിളിക്ക് പിന്നാലെ സംഘർഷ സാധ്യതയും മുന്നിൽ കണ്ടാണ് പിസി ജോർജ് പ്രചാരണത്തിൽ ശക്തമായ നിലപാട് സ്വീകരിച്ചത്. എന്നാൽ തൻ്റെ ഈ രീതി കൂടുതൽ വോട്ടുകൾ നേടിത്തരുമെന്ന് പിസി ജോർജ് മനോരമയ്‌ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. പൊതുപ്രവർത്തനം ആരംഭിച്ച കാലം മുതൽ തൻ്റെ ശൈലി ഇങ്ങനെയായതിനാൽ തുടർന്നും മാറ്റം വരുത്തേണ്ട കാര്യമില്ല. ശരിയുടെ പക്ഷത്ത് നിന്നാണ് എന്നും പ്രവർത്തിച്ചിട്ടുള്ളതിനാൽ പറയുന്ന കാര്യങ്ങൾ ശരിയാണെന്ന ഉറച്ച വിശ്വാസമുണ്ട്. ശരിയുടെ പക്ഷത്താണെന്ന വിശ്വാസം ഓരോ വർഷം കഴിയുമ്പോഴും കൂടുകയാണ്. അതിനാൽ തന്നെ ഇത്തവണ കൂടുതൽ വേട്ടുകൾ നേടാനാകുമെന്നും അദ്ദേഹം പറഞ്ഞു.

എതിർക്കുന്നത് ഭീകര പ്രസ്ഥാനങ്ങളുമായി ബന്ധമുള്ള ചിലർ

മണ്ഡലത്തിൽ എതിർപ്പുയർത്തിയത് ഭീകര പ്രസ്ഥാനങ്ങളുമായി ബന്ധമുള്ള ചിലരാണെന്ന് ജോജ് വ്യക്തമാക്കി. ഇരുപത് ശതമാനത്തിൽ താഴെ മാത്രമാണ് ഇവരുള്ളതെങ്കിലും അവരുടെ പ്രവർത്തനം ഒരു പ്രദേശത്തെ മുഴുവൻ മോശമായി ചിത്രീകരിക്കുകയാണ്. ഇത്തരക്കാർക്കെതിരെ സംസാരിക്കുന്നവരുടെ വായടപ്പിക്കാനാണ് അവർ ശ്രമിക്കുന്നത്. ഒരു വിഭാഗവും തനിക്കെതിരെ വോട്ട് ചെയ്യില്ലെന്ന് പറഞ്ഞിട്ടില്ല. അതിനാൽ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷത്തെ മറികടക്കുന്നതാകും ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലവും വിജയവും. ഏതാനും ചിലർ മാത്രമാണ് തനിക്കെതിരെ പ്രചാരണം നടത്തുന്നതെന്നും പിസി ജോർജ് വ്യക്തമാക്കി.

കൂക്കി വിളിച്ചവർക്ക് പിസി ജോർജിൻ്റെ മറുപടി

കൂക്കി വിളി ഭയന്നിട്ടല്ല ചില ഭാഗങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണം നിർത്തിവച്ചത്. പത്ത് പേർ എന്നെ കൂക്കി വിളിച്ചാൽ തിരിച്ച് കൂക്കി വിളിക്കാൻ എനിക്കൊപ്പം 100 പേർ ഉണ്ടാകുമെന്ന് ബോധ്യമുണ്ട്. എന്നാൽ ജന്മനാട്ടിൽ സംഘർഷമുണ്ടാക്കി പ്രചാരണം നടത്താൻ ആഗ്രഹിക്കുന്നില്ല. ചിലരുടെ ഭാഗത്ത് നിന്നുമുണ്ടാകുന്ന വിവരമില്ലായ്‌മ മറ്റുള്ളവർക്ക് ബുദ്ധിമുട്ടായി മാറരുതെന്ന് കരുതിയാണ് പ്രചാരണം നിർത്തിവെക്കാനുള്ള തീരുമാനം സ്വീകരിച്ചത്. തനിക്ക് വോട്ട് ചെയ്യുന്നവർ ഈരാറ്റുപേട്ടയിലുണ്ട്. വികസനവും മതേതരത്വവും സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നവർ തനിക്കൊപ്പം എന്നുമുണ്ടെന്നും പിസി പറഞ്ഞു.

സംഭവത്തിൽ പരാതി നൽകി

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടയ സംഭവങ്ങളിൽ പരാതി നൽകിയിട്ടുണ്ടെന്ന് പിസി ജോർജ് വ്യക്തമാക്കി. പാറത്തോട് ഉണ്ടായ സംഭവങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷനിലും പോലീസിലും പരാതി സമർപ്പിച്ചു. എന്നാൽ തേവരുപാറയിലുണ്ടായ പ്രശ്‌നത്തിൽ പരാതി നൽകിയിട്ടില്ല. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ വിജയത്തെ ബാധിക്കില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ സ്വീകരിച്ച പ്രചാരണ രീതികൾ തന്നെയാണ് ഇത്തവണയും പിന്തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.


ചിത്രങ്ങൾക്ക് കടപ്പാട്: Photo: PC George/Facebook

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്