ആപ്പ്ജില്ല

ചരട് വലിച്ച് ഉമ്മൻ ചാണ്ടി; നേമത്ത് വിഷ്‌ണുനാഥ്? കെസി ജോസഫിനെ തഴഞ്ഞേക്കും

സ്ഥാനാർഥി പ്രഖ്യാപനം നാളെ ഉണ്ടാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ

Samayam Malayalam 10 Mar 2021, 12:09 pm
തിരുവനന്തപുരം: സ്ഥാനാർഥി നിർണയത്തിലെ ചർച്ചകൾ വേഗത്തിലാക്കി കോൺഗ്രസ്. വെള്ളിയാഴ്‌ചയ്‌ക്ക് മുൻപായി സ്ഥാനാർഥി പ്രഖ്യാപനങ്ങൾ പൂർത്തിയാക്കി ഉടൻ പ്രചാരണത്തിനിറങ്ങാനാണ് ആലോചന. കഴിഞ്ഞ ദിവസവും ഡൽഹിയിൽ സ്‌ക്രീനിംഗ് കമ്മിറ്റി ചേര്‍ന്നെങ്കിലും പട്ടിക സംബന്ധിച്ച് അന്തിമ ധാരണയില്ല. ശക്തമായ ത്രികോണ മത്സരം നടക്കാൻ സാധ്യതയുള്ള നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം സീറ്റുകളിൽ സ്ഥാനാർഥികളെ കണ്ടെത്താൻ വൈകുന്നതാണ് പ്രഖ്യാപനം വൈകാൻ കാരണം. നേമത്ത് മുന്‍ എംഎല്‍എ പിസി വിഷ്‌ണുനാഥിനെയും വട്ടിയൂർക്കാവിൽ ജ്യോതി വിജയകുമാറിനെയും കോൺഗ്രസ് പരിഗണിക്കുന്നുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ചർച്ചകൾ തുടരുമ്പോഴും സ്ഥാനാര്‍ഥി പ്രഖ്യാപനം നാളെ ഉണ്ടാകുമെന്ന് എഐസിസി അറിയിച്ചു.
Samayam Malayalam pc vishnunath on congress candidate list for kerala assembly election 2021
ചരട് വലിച്ച് ഉമ്മൻ ചാണ്ടി; നേമത്ത് വിഷ്‌ണുനാഥ്? കെസി ജോസഫിനെ തഴഞ്ഞേക്കും



സ്ഥാനാര്‍ഥി പ്രഖ്യാപനം നാളെ

സ്ഥാനാർഥി പ്രഖ്യാപനം നാളെ ഉണ്ടാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ വ്യക്തമാക്കി. കോൺഗ്രസിൻ്റെ സ്ഥാനാർഥി പട്ടിക നാളെ തന്നെ പ്രഖ്യാപിക്കാൻ കഴിയുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സ്ഥാനാർഥി നിർണയം ഗ്രൂപ്പ് അടിസ്ഥാനത്തിലാണെന്ന ആരോപണം ശക്തമായി. ഇക്കാരണത്താൽ ചർച്ചകളിൽ നിന്നും കെ സുധാകരനും കെ മുരളീധരനും വിട്ട് നിൽക്കുകയാണ്. ഇവരുമായി ഫോണിൽ ബന്ധപ്പെടാനാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ ചാണ്ടി എന്നിവര്‍ ശ്രമിക്കുന്നത്.

നേമത്ത് വിഷ്‌ണുനാഥ് പരിഗണനയിൽ

സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസിനെ ഏറ്റവും കൂടുതൽ ആശങ്കപ്പെടുത്തുന്ന നേമത്ത് ചെങ്ങന്നൂര്‍ എംഎല്‍എ വിഷ്‌ണുനാഥിനെ മത്സരിപ്പിക്കാനാണ് ആലോചന. കര്‍ണാടകയിലെ സംഘടനാ ചുമതലകളില്‍ വൃാപൃതനായിരുന്നതിനാലാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്നതെന്ന് വിഷ്‌ണുനാഥ് മുൻപ് പറഞ്ഞിരുന്നു. ഇത്തവണ എവിടെ പാര്‍ട്ടി സീറ്റു നല്‍കിയാൽ മത്സരിക്കുമെന്നും ഏത് സീറ്റാണെങ്കിലും പ്രശ്‌നമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വട്ടിയൂര്‍ക്കാവില്‍ ജ്യോതി വിജയകുമാർ

ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിക്കുന്ന വട്ടിയൂർക്കാവിൽ ജ്യോതി വിജയകുമാറിനെ മത്സരിപ്പിക്കാനാണ് കോൺഗ്രസിൽ ആലോചന. അതേസമയം, എംപിമാരുടെ എതിർപ്പ് ശക്തമായതോടെ കെസി ജോസഫ്, കെ ബാബു എന്നിവർ മത്സരിക്കാനുള്ള സാധ്യത കുറയുകയാണ്. കൊല്ലത്ത് ബിന്ദു കൃഷ്‌ണ മത്സരിച്ചേക്കും. ആറന്മുളയിൽ ശിവദാസൻ നായർ പരിഗണയിലുണ്ട്. കോന്നിയിൽ റോബിൻ പീറ്റർ സ്ഥാനാർഥിത്വം ഉറപ്പിച്ചപ്പോൾ കഴക്കൂട്ടത്ത് എസ്എസ് ലാല്‍ പട്ടികയില്‍ ഇടം പിടിച്ചു.

ചരട് വലിച്ച് ഉമ്മൻ ചാണ്ടി

സ്ഥാനാർഥി നിർണയം ഗ്രൂപ്പ് അടിസ്ഥാനത്തിലാണെന്ന ആരോപണം ശക്തമായി തുടരുമ്പോഴും ഇഷ്‌ടക്കാർക്കായി ഉമ്മൻ ചാണ്ടി നീക്കം ശക്തമാക്കുന്നുണ്ട്. തൃപ്പൂണിത്തുറയില്‍ കെ ബാബുവിന് വേണ്ടിയും. ഇരിക്കൂറിന് പകരം കാഞ്ഞിരപ്പള്ളിയെന്ന കെസി ജോസഫിൻ്റെ ആഗ്രഹം സാധിച്ച് കൊടുക്കാൻ ഉമ്മൻ ചാണ്ടി ശ്രമം നടത്തുന്നുണ്ട്. എന്നാൽ എംപിമാരുടെയും യൂത്ത് കോൺഗ്രസിൻ്റെയും എതിർപ്പ് ശക്തമാണ്. ഈ സാഹചര്യത്തിൽ കെസി ജോസഫിന് സീറ്റ് നൽകാനുള്ള സാധ്യതയില്ല. എതിർപ്പ് കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ഹൈക്കമാൻഡ്.


ചിത്രത്തിന് കടപ്പാട്: pc vishnunath/Facebook

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്