ആപ്പ്ജില്ല

'പെരുവെള്ളം' നാടകം ഡിസംബര്‍ ആദ്യം അരങ്ങിലെത്തുന്നു

ആര്‍ത്തു പെയ്യുന്ന പെരുമഴയത്ത്‌ അതിരുകളും മതിലുകളയെല്ലാം മായ്‌ച്ചു പ്രളയം വന്നപ്പോള്‍ ഊരും പേരും ജാതിയും മറന്നു മനുഷ്യന്‍ ഒന്നാവുന്നതിന്‍റെ പകര്‍ന്നാട്ടമാണ്‌ 'പെരുവെള്ള'ത്തിലൂടെ അരങ്ങില്‍ അവതരിപ്പിക്കുന്നത്‌.

Samayam Malayalam 29 Nov 2018, 6:55 pm
തൃശൂര്‍: കേരളത്തിലുണ്ടായ മഹാപ്രളയം പശ്ചാത്തലമായ നാടകം 'പെരുവെള്ളം' സംസ്‌കാരിക തലസ്ഥാനത്ത്‌ അരങ്ങിലെത്തുന്നു. ജില്ലാ ഭരണകൂടം, സാംസ്‌കാരിക സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഡിസംബര്‍ 14, 15 തീയതികളില്‍ തേക്കിന്‍കാട്‌ മൈതാനത്ത്‌ നടക്കുന്ന വീണ്ടെടുപ്പ്‌ കലാകാരസംഗമത്തിന്‍റെ ഭാഗമായി കേരള സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ ഓഫ്‌ ഡ്രാമയും തൃശൂരിലെ നാടക പ്രവര്‍ത്തകരുമാണ്‌ ഡിസംബര്‍ 1, 2 തിയതികളില്‍ വൈകീട്ട്‌ 6.30 ന്‌ നാടകം അവതരിപ്പിക്കുന്നത്‌. സംഗീത നാടക അക്കാദമിയുടെ ഭരത്‌ മുരളി തുറസ്സരങ്ങിലാണ്‌ അവതരണം.
Samayam Malayalam PERUVELLAM DRAMA


ആര്‍ത്തു പെയ്യുന്ന പെരുമഴയത്ത്‌ അതിരുകളും മതിലുകളയെല്ലാം മായ്‌ച്ചു പ്രളയം വന്നപ്പോള്‍ ഊരും പേരും ജാതിയും മറന്നു മനുഷ്യന്‍ ഒന്നാവുന്നതിന്റെ പകര്‍ന്നാട്ടമാണ്‌ 'പെരുവെള്ള'ത്തിലൂടെ അരങ്ങില്‍ അവതരിപ്പിക്കുന്നത്‌. നമ്മിലെ സ്‌നേഹവും സാഹോദര്യവും സംഘബോധവുമെല്ലാം നമ്മെ കൈ പിടിച്ചു തിരിച്ചു നടത്തിയത്‌ നമ്മുടെ നന്മകളിലേക്കായിരുന്നുവെന്നും നാടകം വെളിപ്പെടുത്തുന്നു. കരുണാകരന്റെ വെള്ളപ്പൊക്കം എന്ന നാടക പശ്ചാത്തലത്തില്‍ ടി. വി ബാലകൃഷ്‌ണന്‍, എം പ്രദീപന്‍, ദിലീപ്‌ ചിലങ്ക എന്നിവര്‍ രചന നിര്‍വ്വഹിച്ച്‌ ഡോ. ഷിബു എസ്‌ കൊട്ടാരമാണ്‌ 'പെരുവെള്ളം' സംവിധാനം ചെയ്‌തിരിക്കുന്നത്‌.

ആധുനിക കാലത്ത്‌ പ്രകൃതിയെ തഴഞ്ഞതിന്റെ ശിക്ഷ പെരുവെള്ളം നാടകം ഓര്‍മപ്പെടുത്തുന്നു. സത്യജിത്‌, സുജാത, വികാസ്‌, ബിരേഷ്‌ കൃഷ്‌ണ, അശ്വതി, സതീഷ്‌ പുളിക്യ, ആല്‍ബെര്‍ട്‌ വിന്‍സി, നസ്‌റുല്‍ ദത്ത്‌, ആദിത്യന്‍, ഷൈന്‍ എ യൂണിസ്‌, സുജിത്‌, ശ്രീരാം, രഞ്‌ജിത്ത്‌, അനീഷ്‌, സന്ദീപ്‌, അനൂപ്‌ എന്നിവരാണ്‌ അഭിനേതാക്കള്‍. ഗാനരചന ജ്യോതിഷ്‌ ടി. കാശിയും സംഗീതം സനല്‍ ശശീന്ദ്രനുമാണ്‌. പശ്ചാത്തല സംഗീതം സത്യജിത്‌, മഞ്ചേഷ.്‌ രംഗോപകരണങ്ങള്‍ രാജേഷ്‌ നാവത്ത്‌, അരുണ്‍രാജ്‌ എന്നിവരും ദീപ സംവിധാനം മുരളീധരന്‍ തയ്യിലും നിര്‍വ്വഹിച്ചിരിക്കുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്