ആപ്പ്ജില്ല

പിണറായി മൂന്നാഴ്ച ഇനി അമേരിക്കയില്‍

അമേരിക്കയില്‍ നിന്നും ഇ-ഫയല്‍ സംവിധാനം ഉപയോഗപ്പെടുത്തി ഫയലുകള്‍ മുഖ്യമന്ത്രിതന്നെ തീര്‍പ്പാക്കും

Samayam Malayalam 2 Sept 2018, 9:29 am
തിരുവനന്തപുരം: ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് തിരിച്ചു. കഴിഞ്ഞമാസം നിശ്ചയിച്ചിരുന്ന യാത്ര പ്രളയക്കെടുത്തിയെ തുടര്‍ന്ന് മാറ്റിവച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ 4.40നാണ് അദ്ദേഹം യാത്ര തിരിച്ചത്. തിങ്കളാഴ്ച പോകാനാണ് മുമ്പ് നിശ്ചയിച്ചിരുന്നതെങ്കിലും ഞായറാഴ്ച തന്നെ പോകുകയായിരുന്നു. യാത്ര തിരിക്കുന്ന കാര്യം അംഗരക്ഷകര്‍ക്ക് പോലും അറിയില്ലായിരുന്നു. ക്ലിഫ് ഹൗസില്‍ നിന്ന് പുലര്‍ച്ചെ അദ്ദേഹം യാത്രയ്ക്കായി ഇറങ്ങിയപ്പോഴാണ് ഇവരെല്ലാം അറിഞ്ഞതെന്നാണ് അറിയുന്നത്. മൂന്നാഴ്ചയാണ് അദ്ദേഹം അമേരിക്കയില്‍ തങ്ങുന്നത്. യാത്രയ്ക്ക് മുന്നോടിയായി ശനിയാഴ്ച അദ്ദേഹം ഗവര്‍ണ്ണർ ജസ്റ്റിസ് പി.സദാശിവവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Samayam Malayalam america


സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ സമ്പൂര്‍ണ ചുമതല മന്ത്രി ഇ.പി ജയരാജന് നല്‍കുമെന്ന കാര്യത്തില്‍ തീരുമാനം ഒന്നും പറയാതെയാണ് മൂന്നാഴ്‌ച്ചത്തെ ചികിത്സക്കായി മുഖ്യമന്ത്രി യുഎസിലേക്ക് യാത്ര തിരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ചുമതല ആര്‍ക്കും കൈമാറുന്നില്ലെന്നാണ് സൂചന. അടുത്തയാഴ്ച മന്ത്രിസഭായോഗം ചേരുമ്പോള്‍ അധ്യക്ഷത വഹിക്കാന്‍ മന്ത്രി ഇ.പി.ജയരാജനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്.

അമേരിക്കയില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഭരണകാര്യങ്ങളില്‍ അദ്ദേഹം ഇടപെടും. ചികിത്സയിലായിരിക്കുമെങ്കിലും ഇ-ഫയല്‍ സംവിധാനം ഉപയോഗപ്പെടുത്തി ഫയലുകള്‍ മുഖ്യമന്ത്രിതന്നെ തീര്‍പ്പാക്കാനാണ് ആലോചിക്കുന്നത്. എന്നാല്‍, ഇത് എത്രകണ്ട് വിജയകരമാകുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്