ആപ്പ്ജില്ല

സ​മാ​ധാ​നം ഉ​റ​പ്പാക്കാൻ ഏവരും സഹകരിക്കണമെന്ന് മു​ഖ്യ​മ​ന്ത്രി

ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ സ​മാ​ധാ​ന​പ​ര​മാ​യി ദ​ര്‍​ശ​നം ന​ടത്തുന്നതിനായാണെന്ന് മു​ഖ്യ​മ​ന്ത്രി

Samayam Malayalam 16 Nov 2018, 8:19 pm
തിരുവനന്തപുരം: ശബരിമലയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് സമാധാനപരമായി ദര്‍ശനം നടത്തുന്നതിനായാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമാധാനപരമായി മണ്ഡല-മകരവിളക്ക് തീര്‍ഥാടനം നടത്താൻ ക്രമീകരണങ്ങളുമായി ജനം സഹകരിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം ആവശ്യപ്പെട്ടു.
Samayam Malayalam sabarimala


കേരളത്തിന് അകത്തും പുറത്തുമുള്ള ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ ആരാധനയ്ക്കായി എത്തിച്ചേരുന്ന തീര്‍ത്ഥാടന കേന്ദ്രമാണ് ശബരിമല. ഇവിടെ ഭക്തര്‍ക്ക് സമാധാനപരമായി അയ്യപ്പ ദര്‍ശനം നടത്തി മടങ്ങിപ്പോകുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിനുള്ള നടപടികളാണ് ശബരിമലയില്‍ സ്വീകരിക്കുന്നത്. അത്തരം നടപടികളുമായി എല്ലാവരും സഹകരിക്കേണ്ടതുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് നിരവധി പേര്‍ എത്തിച്ചേരുന്ന തീര്‍ത്ഥാടനകേന്ദ്രം എന്ന നിലയില്‍ ഇവിടെ ഉണ്ടാകുന്ന അനിഷ്ടസംഭവങ്ങള്‍ സംസ്ഥാനത്തിന്‍റെ തന്നെ യശസ്സിന് കോട്ടമുണ്ടാക്കും. മാത്രമല്ല, തീര്‍ത്ഥാടനകേന്ദ്രത്തിന്‍റെ കീര്‍ത്തിക്ക് തന്നെ മങ്ങലേല്‍പ്പിക്കുന്നതിന് അത് ഇടയാക്കുമെന്ന് ഭക്തജനങ്ങള്‍ തിരിച്ചറിയണമെന്നും അദ്ദേഹം കുറിക്കുന്നു.

ശബരിമലയില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് തുലാമാസ പൂജയുടെയും ചിത്തിര ആട്ടപൂജയുടെയും വേളയിലുുണ്ടായത്. അതിന് നേതൃത്വം കൊടുത്തവര്‍ തന്നെ മാധ്യമങ്ങളിലൂടെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അവിടെ എത്രത്തോളം ജാഗ്രത ഉണ്ടാവണം എന്ന് ഇത് സര്‍ക്കാരിനെയും ബഹുജനങ്ങളെയും ഓര്‍മ്മിപ്പിക്കുന്നു. ശബരിമലയെ അക്രമത്തിന്‍റെയും കലാപത്തിന്‍റെയും പ്രതിഷേധങ്ങളുടെയും കേന്ദ്രമായി ഒരു കാരണവശാലും മാറ്റാന്‍ അനുവദിച്ചുകൂട. ശബരിമലയില്‍ സംഘര്‍ഷം ഉണ്ടാക്കാനും അതിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്താകമാനം കലാപങ്ങള്‍ സൃഷ്ടിക്കാനും ചിലര്‍ക്ക് താത്പര്യമുണ്ടാകാം. അത്തരം താത്പര്യക്കാരുടെ കൈകളില്‍ കേരള ജനത ഒരിക്കലും പെട്ടുപോകരുത്.

ജനങ്ങളില്‍ ആശങ്കയും ചേരിതിരിവും ഉണ്ടാക്കുന്നവിധം തെറ്റായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാതിരിക്കുക എന്ന കാര്യത്തില്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നവമാധ്യമങ്ങളിലൂടെ തെറ്റായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച് ജനജീവിതത്തെ അസ്വസ്ഥമാക്കുന്നതിനുള്ള ഇടപെടലുകളും ചിലരുടെ ഭാഗത്തുനിന്ന് ഉയര്‍ന്നുവരുന്നുണ്ട്. അത്തരം പ്രവര്‍ത്തനങ്ങള്‍ ജാഗ്രതയോടെ നിരീക്ഷിക്കുന്നതിനും ഇത്തരം പ്രചാരവേലകളെ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനും പ്രത്യേകം ശ്രദ്ധിക്കണം. ശബരിമലയെയും സംസ്ഥാനത്തെയും സ്നേഹിക്കുന്നവരാരും ഇത്തരം പ്രചാരവേലകളില്‍ കുരുങ്ങിപ്പോകരുത്.

കേരളം ഇന്നേവരെ കണ്ടതില്‍ വച്ച് എറ്റവും വലിയ പ്രളയക്കെടുതിയെയാണ് നാം അതിജീവിച്ചത്. നാടിനുവേണ്ടി നാം ഉയര്‍ത്തിപ്പിടിച്ച യോജിപ്പാണ് അതിനെ മറികടക്കാന്‍ നമുക്ക് ഈ സാഹചര്യമുണ്ടാക്കിയത്. ആ യോജിപ്പ് ഇക്കാര്യത്തിലും ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടുപോകാനാവണം. എല്ലാ വിശ്വാസികള്‍ക്കും അവരുടെ വിശ്വാസങ്ങള്‍ സംരക്ഷിച്ച് ജീവിക്കാനുള്ള അവസരം ഉണ്ടാകേണ്ടതുണ്ട്. അതില്ലാത്തവര്‍ക്ക് അങ്ങനെ ജീവിക്കാനും. ഈ പരസ്പര ബഹുമാനമാണ് മതനിരപേക്ഷ ജീവിതത്തിന്‍റെ അടിത്തറയായി നിലനില്‍ക്കുന്നത്. ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങളില്‍ അടിയുറച്ചുനിന്നുകൊണ്ട് ഇത്തരം കാര്യങ്ങള്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ പരിശ്രമിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്