ആപ്പ്ജില്ല

ആകാശയാത്രയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

"മുഖ്യമന്ത്രിയും മന്ത്രിമാരും കാറിലോ ഹെലികോപ്റ്ററിലോ ഒക്കെ യാത്ര ചെയ്താൽ ചെലവു വഹിക്കുന്നതു സർക്കാര്‍ തന്നെയാണ്"

TNN 10 Jan 2018, 9:11 pm
തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് ഹെലികോപ്ടർ യാത്ര നടത്തിയ സംഭവം വിവാദമായിരിക്കെ സംഭവത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. മോഷണം നടത്തിയെന്ന മട്ടിലാണ് പലരും പ്രചരിപ്പിക്കുന്നതെന്നും ഓഖി ദുരന്ത ബാധിതരെ സന്ദർശിക്കാനെത്തിയ കേന്ദ്രസംഘത്തെ സ്ഥലത്തെത്തി കണ്ടില്ലെങ്കിൽ അതാവും പിന്നീട് ആക്ഷേപമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Samayam Malayalam pinarayi vijayans statement on helicopter ride controversy
ആകാശയാത്രയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ


മുഖ്യമന്ത്രിയും മന്ത്രിമാരും കാറിലോ ഹെലികോപ്റ്ററിലോ ഒക്കെ യാത്ര ചെയ്താൽ ചെലവു വഹിക്കുന്നതു സർക്കാര്‍ തന്നെയാണ്. എന്നാൽ ഏതു കണക്കിൽ നിന്നാണ് ഇതെന്ന് ഒരു മന്ത്രിമാരും അന്വേഷിക്കാറില്ലെന്നും ഇത്തരം കാര്യങ്ങളെല്ലാം അന്വേഷിക്കലല്ല തന്‍റെ പണിയെന്നും അതെല്ലാം ഉദ്യോഗസ്ഥരുടെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ താൻ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിന്‍റെ വാടക ദുരിതാശ്വാസ ഫണ്ടിൽ നിന്നാണ് നൽകുന്നതെന്ന വിവരം അറിഞ്ഞിരുന്നില്ലെന്നും അത് പറഞ്ഞ് വിവാദത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയുന്ന പദവിയലല്ല താനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കി സിപിഎം ജില്ലാസമ്മേളനത്തിൽ സംസാരിക്കവേയാണ് മുഖ്യമന്ത്രി ഈ വിഷയത്തിൽ പ്രതികരിച്ചത്.

മുൻ മുഖ്യമന്ത്രിയും ഇത്തരത്തിൽ ഇടുക്കിയിലേക്ക് യാത്ര നടത്തിയിരുന്നെന്ന വിവരവും അറിഞ്ഞിരിക്കണം. താൻ ഹെലികോപ്ടറില്‍ യാത്ര ചെയ്തതുമായി ബന്ധപ്പെട്ട് വിവാദത്തിന്‍റെ ആവശ്യമില്ലെന്നും ഇവയെല്ലാം സാധാരണ നടക്കുന്ന കാര്യങ്ങളാണെന്നും ഇനിയും ഇത്തരം യാത്രകൾ വേണ്ടിവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തൃശൂരിൽ നടക്കുന്ന സിപിഎം സമ്മേളനവേദിയിൽ നിന്ന് മുഖ്യമന്ത്രി ഓഖി സംഘത്തെ കാണാനെത്തിയത് സ്വകാര്യ ഹെലികോപ്ടറിലാണ്. ഈ ഇനത്തിൽ തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് എട്ടു ലക്ഷം രൂപയാണു ചെലവായത്. ഇതിനുള്ള തുക ഓഖി ദുരിതാശ്വാസനിധിയിൽ നിന്നായിരുന്നു എടുത്തിരുന്നത്. ഇതാണ് വിവാദത്തിന് വഴിവെച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്