ആപ്പ്ജില്ല

ബിജെപിയ്ക്ക് തിരിച്ചടി: ആത്മഹത്യയ്ക്ക് ശബരിമല ബന്ധമില്ലെന്ന് പോലീസ്

ആത്മഹത്യ ജീവിതനൈരാശ്യം മൂലം, മരണവെപ്രാളത്തിൽ സമരപ്പന്തലിലേയ്ക്ക് ഓടിക്കയറി

Samayam Malayalam 13 Dec 2018, 11:24 pm
തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നിൽ മധ്യവയസ്കൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശദീകരണവുമായി പോലീസ് പത്രക്കുറിപ്പ്. വേണുഗോപാലൻ നായരുടെ ആത്മഹത്യക്ക് ബിജെപി നടത്തുന്ന ശബരിമല സമരവുമായി ബന്ധമില്ലന്ന് പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.
Samayam Malayalam SFA_710x400xt


പ്ലംബിങ് ഇലക്ട്രിക് ജോലികള്‍ക്ക് സഹായിയായി പോകുന്ന വേണുഗോപാലൻ നായര്‍ക്ക് പ്രത്യേക രാഷ്ട്രീയ ബന്ധങ്ങളില്ലെന്നും ജീവിതനൈരാശ്യം മൂലം ആത്മഹത്യ ചെയ്തതാണെന്നും പോലീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

"ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് ആശുപത്രിയില്‍ എത്തി ഇയാളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ജീവിത നൈരാശ്യം മൂലവും തുടര്‍ന്ന് ജീവിക്കുവാന്‍ ആഗ്രഹം ഇല്ലാത്തതുകൊണ്ടുമാണ് കൃത്യം ചെയ്തതെന്നും മരണ വെപ്രാളത്തില്‍ സമരപന്തലിന് സമീപത്തേക്ക് ഓടിയതാണെന്നും ഇയാള്‍ മജിസ്ട്രേറ്റിന് മൊഴി നല്‍കിയിട്ടുണ്ട്." പോലീസിൻ്റെ പത്രക്കുറിപ്പ് വ്യക്തമാക്കുന്നു.

അതേസമയം, മരിച്ച വേണുഗോപാലൻ നായര്‍ അയ്യപ്പഭക്തനാണെന്നും മരണം ശബരിമല വിഷയത്തിൽ പ്രതിഷേധിച്ചാണെന്നും ആരോപിച്ച് ബിജെപി വെള്ളിയാഴ്ച സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാൽ ബിജെപി ഹര്‍ത്താൽ ശബരിമല സമരം പരാജയപ്പെട്ടതിലെ ജാള്യം മറയ്ക്കാനാണെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.

പത്രക്കുറിപ്പിൽ പറയുന്നു. സംഭവത്തെപ്പറ്റി പോലീസ് പറയുന്നത് ഇങ്ങനെയാണ് - "വ്യാഴാഴ്ച വെളുപ്പിന് 01.30 മണിയോട് കൂടിയാണ് മുട്ടട അഞ്ചുമുക്ക് ആനൂര്‍ വീട്ടില്‍ ശിവന്‍നായരുടെ മകന്‍ വേണുഗോപാലന്‍ നായര്‍ (49) ശരീരത്തില്‍ തീ കൊളുത്തിയത്. സ്ഥലത്തുണ്ടായിരുന്ന പേട്ട പോലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്പെക്ടര്‍ പ്രതാപചന്ദ്രന്‍.ആര്‍.കെ യും സംഘവും ചേര്‍ന്ന് തീ കെടുത്തുകയും പൊളളലേറ്റയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു."

നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. ഫോറൻസിക്, വിരളടയാള വിദഗ്ധരും പോലീസിന്‍റെ ശാസ്ത്രീയ സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുത്തിട്ടുണ്ട്. സംഭവത്തിൽ കൻ്റോൺമെന്‍റ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയാണെന്നും പോലീസ് ഇൻഫര്‍മേഷൻ സെന്‍റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്