ആപ്പ്ജില്ല

ചെങ്ങന്നൂര്‍ തോൽവി: രാഹുലിന് പരാതിപ്രളയം

പരാജയത്തിനു കാരണം സംഘടനാദൗര്‍ബല്യമെന്ന് വിലയിരുത്തൽ

Samayam Malayalam 1 Jun 2018, 12:43 pm
ന്യൂഡൽഹി: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ തോൽവി കോൺഗ്രസ് സംഘടനാസംവിധാനം പൊളിച്ചെഴുതാൻ വഴിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. തോൽവിയ്ക്ക് കാരണം നേതൃത്വത്തിൻ്റെ പിടിപ്പുകേടാണെന്ന് ചൂണ്ടിക്കാട്ടി പാര്‍ട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയ്ക്ക് പരാതികള്‍ ലഭിച്ചുകഴിഞ്ഞു.
Samayam Malayalam rahul-gandhi-opposition-meet-pti_650x400_61502968372


ജയിക്കാവുന്ന സാഹചര്യമുണ്ടായിട്ടും താഴെത്തട്ടിലുള്ള പ്രചാരണം ഫലപ്രദമാകാത്തതാണ് തോൽവിയ്ക്ക് കാരണമായതെന്ന് പരക്കെ വിലയിരുത്തൽ ഉണ്ടായ സാഹചര്യത്തിൽ ഹൈക്കമാൻഡിനു മുന്നിൽ പരാതിപ്രളയമാണ്. പല ബൂത്തുകളിലും ഏജന്‍റുമാര്‍ പോലും ഇല്ലായിരുന്നു എന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. പ്രചരണം ഫലപ്രദമായില്ലെന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാര്‍ഥി ഡി വിജയകുമാറും പരസ്യമായി രംഗത്തെത്തിയിരുന്നു.

90 ശതമാനം ബൂത്ത് പ്രസിഡന്‍റുമാരെയും തെരഞ്ഞെടുത്തതായി കെപിസിസി പ്രസിഡന്‍റ് അവകാശപ്പെടുമ്പോഴും തെര‍ഞ്ഞെടുപ്പ് എവിടെയും എത്തിയിട്ടില്ലന്നതാണ് വാസ്തവം.

തെരഞ്ഞെടുപ്പ് തോൽവിയോടെ പുതിയ കെപിസിസി പ്രസിഡന്‍റിനെ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. എ ഗ്രൂപ്പിൽ നിന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ പേരാണ് നേതാക്കള്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. ഒപ്പം പി സി വിഷ്ണുനാഥിന്‍റെ പേരും പരിഗണനയിൽ വന്നേക്കും. ഐ ഗ്രൂപ്പിൽ നിന്ന് വി ഡി സതീശൻ, കെ സുധാകരൻ എന്നീ പേരുകളാണ് മുന്നോട്ട് വെച്ചിട്ടുള്ളത്.

രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മൂന്നു പേരുകള്‍ നിര്‍ദേശിക്കാന്‍ ഉമ്മന്‍ ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും ആവശ്യപ്പെട്ടിരുന്നു. കെ.സുധാകരന്‍ പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടില്ലെങ്കില്‍ അദ്ദേഹം മുന്നണി കണ്‍വീനറാകുമെന്ന് ഉറപ്പാണ്.

അതേസമയം, നേതാക്കള്‍ പാര്‍ട്ടിയെക്കാള്‍ പ്രാധാന്യം ഗ്രൂപ്പിന് നല്‍കുന്ന സാഹചര്യം മാറണമെന്നും ഗ്രൂപ്പ് നേതാക്കള്‍ പ്രവര്‍ത്തനശൈലി മാറണമെന്നും വിഎം സുധീരൻ ആവശ്യപ്പെട്ടു. സംഘടനാദൗര്‍ബല്യമാണ് ചെങ്ങന്നൂരിലെ തോൽവിയ്ക്ക് കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്