ആപ്പ്ജില്ല

വിമർശിക്കുന്നവരെ സിപിഐഎം 'സംഘി'യാക്കുമെന്ന് രമേശ് ചെന്നിത്തല

രാഹുൽ ഗാന്ധി തങ്ങളുടെ അഭിപ്രായത്തിന് വഴങ്ങുകയായിരുന്നു.

Samayam Malayalam 3 Nov 2018, 5:05 pm
കൊച്ചി: സിപിഐഎമ്മിനെ വിമർശിക്കുന്നവരെ അവർ 'സംഘി'യാക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം സിപിഐഎമ്മിനെതിരെ തുറന്നടിച്ചിരിക്കുന്നത്. താൻ ജീവനുള്ള കാലത്തോളം ബിജെപിയിൽ പോകില്ലെന്നും ഇത്തരം ആക്ഷേപങ്ങൾ നേരത്തെ കേൾക്കുന്നതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Samayam Malayalam ramesh chennithala against cpim
വിമർശിക്കുന്നവരെ സിപിഐഎം 'സംഘി'യാക്കുമെന്ന് രമേശ് ചെന്നിത്തല


ശബരിമലയിലെ ആചാരം നിലവിലേതുപോലെ തുടരണമെന്നാണ് യുഡിഎഫിന്റെ അഭിപ്രായം. ശബരിമല വിഷയത്തെ വ്യവസ്ഥാപിതമായ മാർഗ്ഗത്തിലൂടെ നേരിടാനാണ് തങ്ങൾക്ക് താത്പര്യമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തങ്ങൾ ചുമതലപ്പെടുത്തിയ പ്രകാരമാണ് ദേവസ്വം ബോർഡ് പ്രസിഡന്റായ പ്രയാർ ഗോപാലകൃഷ്ണൻ സുപ്രീംകോടതിയിൽ റിവ്യൂഹർജി കൊടുത്തത്.

അമിത് ഷാ വന്ന് ഇവിടെ കോലാഹലം ഉണ്ടാക്കേണ്ട കാര്യമില്ല. ഇവിടെ കലാപം ഉണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. മത സാമൂദായിക ധ്രുവീകരണം നടത്തി സമൂഹത്തെ ഭിന്നിപ്പിക്കുകയാണ് ബിജെപിയുടേയും സിപിഐഎമ്മിന്റെയും ലക്ഷ്യമെന്ന് ചെന്നിത്തല പറഞ്ഞു. കോൺഗ്രസിനും യുഡിഎഫിനും അത്തരമൊരു ലക്ഷ്യം ഇല്ല.

സുപ്രീംകോടതി വിധി അന്തിമമല്ല. നിയമപരമായ പല സാധ്യതകളും നമ്മുടെ മുന്നിലുണ്ട്. ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രം പരിശോധിച്ചാൽ അവ തിരുത്തലുകൾക്ക് വിധേയമായിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. വിധിയെ ആർക്കും വിമർശിക്കാം, ജഡ്ജിയെ വിമർശിക്കുമ്പോഴാണ് അത് കോടതി അലക്ഷ്യമാകുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

കേരളത്തിലെ ഭക്തരുടെ സാഹചര്യം മനസിലാക്കിവേണം മുന്നോട്ടുപോകാനെന്നാണ് എഐസിസി നിർദ്ദേശിച്ചത്. രാഹുൽ ഗാന്ധിക്ക് സ്വന്തമായി അഭിപ്രായം ഉണ്ടെങ്കിലും അത് അടിച്ചേൽപ്പിക്കാൻ അദ്ദേഹം ശ്രമിച്ചില്ല. അദ്ദേഹം തങ്ങളുടെ അഭിപ്രായത്തിന് വഴങ്ങുകയായിരുന്നുവെന്നും ചെന്നിത്തല വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്