ആപ്പ്ജില്ല

'സുധാകരൻ വിളിച്ചാൽ മാത്രം ചർച്ച'; പ്രശ്ന പരിഹാരമെങ്കിൽ എന്താകും വാഗ്ദാനം? നിലപാട് മയപ്പെടുത്തി ഗോപിനാഥ്

കോൺഗ്രസ് നേതൃത്വവുമായി തുടർ ചർച്ചയ്ക്കുള്ള സാധ്യതകൾ നിഷേധിക്കുന്നില്ലെന്ന് ഗോപിനാഥ് വ്യക്തമാക്കി.

Samayam Malayalam 31 Aug 2021, 10:28 am
തിരുവനന്തപുരം: നിലപാട് വ്യക്തമാക്കിയെങ്കിലും അനുരഞ്ജന സാധ്യത തള്ളാതെ കോൺഗ്രസിൽ നിന്നും രാജിവച്ച എ വി ഗോപിനാഥ്. ഡിസിസി അധ്യക്ഷ പട്ടികയുമായി ബന്ധപ്പെട്ട തർക്കത്തിനിടെ പെരിങ്ങോട്ടുകുറുശിയിൽ തിങ്കളാഴ്ച വിളിച്ചു ചേർത്ത വാര്‍ത്താസമ്മേളനത്തിലാണ് മുൻ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ വി ഗോപിനാഥ് കോൺഗ്രസ് പ്രാഥമിക അംഗത്തിൽ നിന്നും രാജിവച്ചത്. രാജി തീരുമാനം ഉണ്ടായെങ്കിലും കോൺഗ്രസ് നേതൃത്വവുമായുള്ള അനുരഞ്ജന സാധ്യതകൾ തള്ളാതെ മുന്നോട്ട് പോകുകയാണ് അദ്ദേഹം.
Samayam Malayalam ready to discuss with kpcc president k sudhakaran says av gopinath
'സുധാകരൻ വിളിച്ചാൽ മാത്രം ചർച്ച'; പ്രശ്ന പരിഹാരമെങ്കിൽ എന്താകും വാഗ്ദാനം? നിലപാട് മയപ്പെടുത്തി ഗോപിനാഥ്


ഗോപിനാഥിനായി വാതിൽ തുറന്നിട്ട് സിപിഎം

ഗോപിനാഥിനെ ഒപ്പം നിർത്താനുള്ള നീക്കങ്ങൾ പ്രാദേശിക സിപിഎം നേതൃത്വം ശക്തമാക്കുന്നുണ്ട്. കോൺഗ്രസിൽ നിന്നും രാജിവെച്ച എ വി ഗോപിനാഥിന്റെ തീരുമാനം സ്വാഗതാർഹമാണെന്ന് സിപിഎം വ്യക്തമാക്കിയിട്ടുണ്ട്. ഏറ്റവും കാലോചിതമായ ഒരു തീരുമാനം എടുത്ത ഗോപിനാഥിന്‍റെ മാതൃക ഇനിയും നിരവധി കോണ്‍ഗ്രസ്സ് നേതാക്കള്‍ സ്വീകരിക്കുമെന്നാണ് മനസ്സിലാക്കുന്നത്. സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി വാർത്താ കുറിപ്പിൽ വ്യക്തമാക്കി. അതേസമയം, ഗോപിനാഥ്, പി എസ് പ്രശാന്ത് എന്നീ നേതാക്കളുമായി ചർച്ച നടത്തിയെന്ന അഭ്യൂഹങ്ങളോട് സിപിഎം നേതൃത്വം പ്രതികരിച്ചിട്ടില്ല. എന്നാൽ പ്രാദേശിക നേതൃത്വം ഏതെങ്കിലും തരത്തിലുള്ള ചർച്ചകൾ നടത്തിയോ എന്നറിയില്ലെന്ന് മുതിർന്ന സിപിഎം നേതാക്കൾ വ്യക്തമാക്കുന്നുണ്ട്.

ചർച്ചകൾക്കുള്ള സാധ്യതകൾ നിലനിൽക്കുന്നു?

കോൺഗ്രസ് നേതൃത്വവുമായി തുടർ ചർച്ചയ്ക്കുള്ള സാധ്യതകൾ നിഷേധിക്കുന്നില്ലെന്ന് ഗോപിനാഥ് ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. "കോൺഗ്രസിനെതിരായ പ്രചാരണത്തിനില്ല. തുടർ ചർച്ചകൾക്കുള്ള സാധ്യത നിഷേധിക്കുന്നില്ല. നെഹ്റു കുടുംബം രാജ്യത്തിൻ്റെ പ്രധാനമന്ത്രി ആകണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് താൻ. നീ എന്തിനാണ് കോൺഗ്രസ് വിട്ടതെന്ന് കരുണാകരൻ്റെ ആത്‌മാവ് ചോദിച്ചാൽ ഞാൻ കോൺഗ്രസിൽ ചേരും" - എന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം, ചർച്ചകൾക്കായി കോൺഗ്രസിനായി താൻ വാതിൽ തുറന്നിട്ടിരിക്കുകയാണെന്ന പരാമർശവും ഗോപിനാഥിൻ്റെ ഭാഗത്ത് നിന്നുമുണ്ടായി.

സുധാകരൻ വിളിച്ചാൽ മാത്രം ചർച്ച?

കോൺഗ്രസ് നേതൃത്വവുമയി ചർച്ചയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കുമ്പോഴും കടുത്ത നിലപാടാണ് ഗോപിനാഥിൻ്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ചർച്ചകൾക്കായി കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ ക്ഷണിച്ചാൽ അതിന് താൻ തയ്യാറാണെന്ന് ഗോപിനാഥ് വ്യക്തമാക്കിയതായി മീഡിയവൺ റിപ്പോർട്ട് ചെയ്തു. "താൻ മനസിൽ പ്രതിഷ്ഠിച്ച നേതാവാണ് സുധാകരൻ. അദ്ദേഹം വിളിച്ചാൽ ചർച്ചകൾക്ക് തയ്യാറാണ്" - എന്നും അദ്ദേഹം പറഞ്ഞു. ഡിസിസി പട്ടികയുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണം നടത്തിയ നേതാക്കളൾക്കെതിരെ കടുത്ത നടപടി സ്വീകരിച്ചെങ്കിലും ഗോപിനാഥിനെതിരെ നിലപാട് സ്വീകരിക്കാനോ തള്ളിപ്പറയാനോ കോൺഗ്രസ് നേതൃത്വം തയ്യാറാകാത്തത് ചർച്ചകൾക്ക് സാധ്യതയൊരുക്കുന്നുണ്ട്.

പ്രതികരിക്കാതെ കോൺഗ്രസ് നേതൃത്വം

കോൺഗ്രസ് നേതൃത്വവുമയി ചർച്ചയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കുമ്പോഴും ഗോപിനാഥുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന നിലപാട് സംസ്ഥാന കോൺഗ്രസിൽ നിന്നുണ്ടായിട്ടില്ല. വെല്ലുവിളിയുടെ ഭാഷയിൽ സംസാരിക്കുന്ന ഗോപിനാഥുമായി ചർച്ചകൾ വേണോ എന്ന വികാരം കോൺഗ്രസിലുണ്ട്. ചർച്ചകൾക്കായി കോൺഗ്രസിനായി താൻ വാതിൽ തുറന്നിട്ടിരിക്കുകയാണെന്ന പ്രസ്താവനയും കോൺഗ്രസിൽ എതിർപ്പുണ്ടാക്കുന്നുണ്ട്. ജനപിന്തുണയുള്ള നേതാവ് എന്നതിനാലാണ് പാലക്കാട് ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ ഗോപിനാഥിനെ തള്ളിപ്പറയാൻ മടിക്കുന്നത്. ഡിസിസി പട്ടികയുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണം നടത്തിയതിന് മുൻ എംഎൽഎ കെ ശിവദാസൻ നായരേയും മുൻ കെപിസിസി ജനറൽ സെക്രട്ടറി കെ പി അനിൽ കുമാറിനേയും സസ്പെൻഡ് ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ പാർട്ടിയെ വെല്ലുവിളിച്ച ഗോപിനാഥിനോട് ചർച്ചകൾ നടത്തുന്ന പ്രവർത്തകരിൽ നിന്ന് എതിർപ്പിന് കാരണമാകുമെന്ന വിലയിരുത്തലമുണ്ട്.

എന്തായിരിക്കും ഗോപിനാഥിൻ്റെ ആവശ്യം?

കെപിസിസി പ്രസിഡൻ്റ് കെ സുധാകരനുമായി ചർച്ചകൾക്ക് തയ്യാറാണെന്ന് വ്യക്തമാക്കുമ്പോഴും പ്രശ്ന പരിഹാരത്തിനായി മുൻപോട്ട് വെക്കുന്ന ഫോർമുല എന്താണെന്ന് ഗോപിനാഥ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ പാർട്ടിയുമായി ഇടഞ്ഞ ഗോപിനാഥിനെ കെ സുധാകരൻ നേരിട്ടെത്തി ചർച്ച നടത്തിയാണ് അനുനയിപ്പിച്ചത്. ഡിസിസി അധ്യക്ഷസ്ഥാനമാണ് അന്ന് വാഗ്ദാനം ചെയ്തിരുന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ, തെരഞ്ഞെടുപ്പിൽ വൻ പരാജയം ഉണ്ടാകുകയും പിന്നാലെ ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക പുറത്തുവരുകയും ചെയ്തപ്പോൾ ഗോപിനാഥ് പുറത്തായി. ഈ സാഹചര്യമാണ് നിലവിലെ പ്രശ്നനങ്ങൾക്ക് കാരണമായത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്