ആപ്പ്ജില്ല

ദുരിതാശ്വാസനിധി കൃത്യമായി വിനിയോഗിക്കണം: ഹൈക്കോടതി

സർക്കാർ നടപടികൾക്ക് സുതാര്യത വേണമെന്നും ഹൈക്കോടതി നിർദേശിച്ചു.

Samayam Malayalam 29 Aug 2018, 5:05 pm
കൊച്ചി: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് തന്നെ ദുരിതാശ്വാസനിധി ഉപയോഗപ്രദമാകുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് ഹൈക്കോടതി. ദുരിതാശ്വാസനിധിയിലേക്ക് വരുന്ന പണം മാറ്റാനായി പ്രത്യേക അകൗണ്ട് രൂപീകരിക്കുന്നതും പരിഗണിക്കാൻ കഴിയുന്ന കാര്യമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ദുരിതാശ്വാസത്തിനായി സന്നദ്ധ സംഘടനകളും സ്വകാര്യ സ്ഥാപനങ്ങളും പണം പിരിക്കുന്നത് കൃത്യമായി ഓഡിറ്റ് ചെയ്യണം.
Samayam Malayalam kerala flood 2


ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ദുരിതാശ്വാസ നിധി സംബന്ധിച്ച നിർദേശങ്ങൾ മുന്നോട്ട് വെച്ചത്. സർക്കാർ നടപടികൾക്ക് സുതാര്യത വേണമെന്നും ഹൈക്കോടതി നിർദേശിച്ചു. ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന പണത്തിന് കൃത്യമായ കണക്കുണ്ടെന്നും അത് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കില്ലെന്നും എജി കോടതിയിൽ ബോധിപ്പിച്ചു. മുഖ്യമന്ത്രിയുടെ പേരിലുള്ള ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന പണം കൈകാര്യം ചെയ്യാൻ പ്രത്യേക സംവിധാനം വേണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിർദേശം.

ഇത് വരെ സ്വരൂപിച്ച പണം പ്രത്യേക അകൗണ്ടായി മാറ്റണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഓഗസ്റ്റ് 15 മുതൽ ദുരിതാശ്വാസനിധിയിലേക്ക് 538 കോടി രൂപ ഇത് വരെ ലഭിച്ചു. വെള്ളിയാഴ്‌ച ഇത് സംബന്ധിച്ച കൃത്യമായ മറുപടി സർക്കാർ കോടതിയിൽ നൽകും. ദുരിതാശ്വാസ നിധിയിൽ വരുന്ന പണം എങ്ങനെ വിനിയോഗിച്ചുവെന്ന് പണം നൽകിയവർക്ക് അറിയാൻ അവകാശമുണ്ടെന്ന് എജി അറിയിച്ചു. പണം വിനിയോഗിക്കുന്നതിന് സർക്കാർ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. വരവ് ചിലവ് കണക്കുകൾ കൃത്യമാണെങ്കിൽ മാത്രമേ സിഎജിക്ക് പരിശോധന നടത്താൻ സാധിക്കൂ എന്ന് കോടതി വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്